Connect with us

Articles

ഇസിലും ഇസും അല്ല, ക്യുസിസ്

Published

|

Last Updated

പേര് മാറ്റം അത്ര ലളിതമായ പ്രക്രിയ അല്ല. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം അത്ര അര്‍ഥവത്തുമല്ല. കാരണം പേരില്‍ പലതും അടങ്ങിയിരിക്കുന്നു. അത് മാറ്റുമ്പോള്‍ പലതിനെയും നിരാകരിക്കുകയും പുതിയ പലതിനെയും എടുത്തണിയുകയും ചെയ്യുന്നു. ഇറാഖിലും സിറിയയിലും സായുധ ആക്രമണങ്ങളിലൂടെ അവിടുത്തെ സര്‍ക്കാറുകളെയും ഇപ്പോള്‍ പാശ്ചാത്യ ലോകത്തെയും വെല്ലുവിളിക്കുന്ന ഐ എസ് ഐ എല്‍ തീവ്രവാദികള്‍ അവരുടെ പേര് ഐ എസ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിട്ട് കുറച്ച് നാളായി. പത്രങ്ങളായ പത്രങ്ങളും മറ്റ് മാധ്യമങ്ങളും അവരെ അങ്ങനെ വിളിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. പക്ഷേ ചരിത്രബോധമുള്ള ഒരാളും അത് അംഗീകരിച്ചിട്ടില്ല. മാധ്യമങ്ങള്‍ പുതിയ പേര് ഉപയോഗിക്കുന്നത് കൊണ്ട് അത് അന്തരീക്ഷത്തില്‍ മുഴങ്ങുന്നുവെന്ന് മാത്രം. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് എന്നാണ് ആദ്യ പേരിന്റെ പൂര്‍ണം. രണ്ടാമത്തെ പേരാകട്ടെ ഇസ്‌ലാമിസ്റ്റ് സ്റ്റേറ്റ് എന്നും. ലെവന്ത് എന്നത് കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളാണ്. സൈപ്രസ്, ഇസ്‌റാഈല്‍, ജോര്‍ദാന്‍, ലബനാന്‍, ഫലസ്തീന്‍, തുര്‍ക്കിയുടെ ഒരു ഭാഗം എന്നിവയെല്ലാം ലെവന്ത് എന്ന ഭൂമിശാസ്ത്ര സാംസ്‌കാരിക സങ്കല്‍പ്പത്തില്‍ വരും. ഇവിടങ്ങളിലാകെ ഭാവിയില്‍ തങ്ങള്‍ പടരുമെന്നാണ് ഈ പ്രയോഗം പേരിനോടൊപ്പം ചേര്‍ക്കുമ്പോള്‍ ഇസില്‍ സംഘം സ്വപ്‌നം കാണുന്നത്. പുതിയ പേര് സത്യത്തില്‍ ചുരുങ്ങലാണ്. സ്വപ്‌നത്തിന്റെ തള്ളിപ്പറയലും ആണ്. പക്ഷേ ഈ പേരുമാറ്റത്തോടൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. ഈ തീവ്രവാദി സംഘം ഇസ്‌ലാമിക് ഖിലാഫത്ത് പ്രഖ്യാപിച്ചു കളഞ്ഞു. പ്രഖ്യാപിച്ചത് ഇസ്‌ലാമിക് ഖിലാഫത്ത് ആയതിനാല്‍ വളരെ ഗൗരവത്തോടെ അതിനെ കാണേണ്ടതുണ്ട്. ഇസ്‌ലാമുമായി ഇവര്‍ക്കുള്ള ബന്ധം എത്രയെന്ന് പറയേണ്ടി വരും. ഖിലാഫത്ത് എന്ന ചരിത്രത്തിലുടനീളം വേരുകളുള്ള ഒരു സംവിധാനം ഈ അതിവൈകാരിക സംഘത്തിന് എടുത്തു പയറ്റാനുള്ള സംജ്ഞയാണോ എന്ന ചോദ്യവും ഉയര്‍ത്തേണ്ടി വരും. അതിന് മുമ്പ് ഈ ഇസില്‍/ ഇസ് സംഘം മുന്നേറിമുന്നേറി എവിടെയെത്തിയെന്ന് നോക്കേണ്ടിയിരിക്കുന്നു.
ഇറാഖിലെ സുന്നീ വംശീയ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിരവധി പ്രദേശങ്ങള്‍ ഇന്ന് ഈ സംഘത്തിന്റെ പിടിയിലാണ്. മൂസ്വില്‍ ആണ് ആദ്യം പിടിച്ചത്. സൈന്യത്തെയും മറ്റെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അവിടെ നിന്ന് തുരത്തി. സദ്ദാം ഹുസൈന്റെ ജന്‍മനാടായ തിക്‌രീത്തും ഇവരുടെ നിയന്ത്രണത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന ബെയ്ജിയും തീവ്രവാദി സംഘത്തിന്റെ അധീനതയിലാണ്. അന്‍ബാര്‍, സലാഹുദ്ദീന്‍ പ്രവിശ്യകളിലും ദിയാല പ്രവിശ്യയിലെ ജലൂല, സായ്ദിയ പട്ടണങ്ങളിലും തീവ്രവാദി സാന്നിധ്യം ശക്തമാണ്. ബഗ്ദാദ് പിടിക്കുകയാണത്രേ ലക്ഷ്യം. സിറിയയിലും അവര്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആഴ്ചകള്‍ നീണ്ട രൂക്ഷ പോരാട്ടത്തിനൊടുവിലാണ് വടക്കന്‍ നഗരമായ റഖ്ഖക്കടുത്തുള്ള തന്ത്രപ്രധാനമായ തബ്ഖ വ്യോമത്താവളം തീവ്രവാദികള്‍ പിടിച്ചത്. ഈ താവളത്തിന്റെ നിയന്ത്രണത്തിനായി നടന്ന ഏറ്റുമുട്ടലില്‍ 346 തീവ്രവാദികളും 170 സൈനികരും മരിച്ചിരുന്നു. സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ ഇപ്പോള്‍ ആക്രമണം നടത്തുന്ന മുഴുവന്‍ ഗ്രൂപ്പുകളും ഇസില്‍ സംഘത്തെ തുരത്തണമെന്ന പക്ഷക്കാരാണ്. അസദ്‌വിരുദ്ധരുടെ പരസ്പര ആക്രമണമാണ് ഇന്ന് സിറിയയിലെ മാനുഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.
ഇസില്‍ സംഘം “മുന്നേറിയ” രണ്ടിടത്തും അമേരിക്കക്ക് നേരിട്ട് ഇടപെടാന്‍ അവസരം ലഭിച്ചു കഴിഞ്ഞു. ഇറാഖിലെ നൂരി അല്‍ മാലിക്കി സര്‍ക്കാറിന്റെ വംശീയ നയങ്ങളാണ് അത്ര സജീവമല്ലാതിരുന്ന ഈ തീവ്രവാദി സംഘത്തിന് വലിയ ജനപിന്തുണ നേടിക്കൊടുത്തത്. ഇങ്ങനെ ശിയാ പക്ഷപാതിയാകാന്‍ നൂരി അല്‍ മാലിക്കിക്ക് സാധിച്ചത് തീര്‍ച്ചയായും അമേരിക്കയുടെ മൗനാനുവാദത്തോടെയായിരുന്നു. സദ്ദാം വളര്‍ന്നു് വരുമ്പോള്‍ സുന്നീ പക്ഷം പിടിച്ച അമേരിക്ക അദ്ദേഹവുമായി വഴി പിരിഞ്ഞപ്പോള്‍ ശിയാ പക്ഷപായിതാകുകയായിരുന്നുവല്ലോ. ആ പക്ഷപാതപരമായ നിലപാടിന്റെ ഉപോത്പന്നമായിരുന്നു നൂരി അല്‍ മാലിക്കിയുടെ പ്രധാനമന്ത്രിപദം. സദ്ദാം കൊല്ലപ്പെട്ടതോടെ പുറത്താക്കപ്പെട്ട 7000ത്തോളം സൈനികരാണ് ഈ ഗ്രൂപ്പിന്റെ യഥാര്‍ഥ ശക്തി. അധികാര നഷ്ടത്തിന്റെ ഇച്ഛാഭംഗത്തിലും പ്രതികാരവാഞ്ഛയിലും അകപ്പെട്ട ഇവര്‍ തീവ്രവാദ പ്രവണതകളും വംശീയ അതിവൈകാരികതയുമുള്ള യുവാക്കളെ സംഘടിപ്പിച്ചാണ് ഇസില്‍ രൂപവത്കരിച്ചത്. പരോക്ഷമായ നീക്കങ്ങളിലൂടെ എങ്ങനെയാണ് സാമ്രാജ്യത്വം ഇടപെടലിനുള്ള പഴുതൊരുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ സംഭവപരമ്പരകള്‍ മാത്രം വിശകലനം ചെയ്താല്‍ മതി. വംശീയ യാഥാര്‍ഥ്യങ്ങള്‍ തന്ത്രപൂര്‍വം ഉപയോഗിക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍് എന്നും മിടുക്കരായിരുന്നുവല്ലോ.
ഇറാഖില്‍ ഇപ്പോള്‍ ഈ സംഘത്തിന്റെ കൈയിലുള്ള ചില പ്രദേശങ്ങള്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുന്നുണ്ടെങ്കില്‍ അത് നീര്‍വീര്യമാക്കപ്പെട്ട ആ സൈന്യത്തിന്റെ മേന്‍മ കൊണ്ടല്ല, മറിച്ച് അമേരിക്കന്‍ സൈനിക ബലത്തിലാണത്. നൂരി അല്‍ മാലിക്കി പോയി ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കുന്ന ദഅ്‌വാ പാര്‍ട്ടി നേതാവ് ഹൈദര്‍ അല്‍ അബാദിക്ക് മേല്‍ അമേരിക്ക അധികാരം സ്ഥാപിച്ചുവെന്നതാണ് ഈ സൈനിക ഇടപെടലിന്റെ ആകെത്തുക. അബാദിയും ശിയാ ആണ്. പക്ഷേ, അദ്ദേഹം സുന്നീ വംശീയ വിഭാഗത്തേയും തന്റെ ഭരണത്തില്‍ പങ്കാളിയാക്കുമെന്നും യഥാര്‍ഥ ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്ത് ഐക്യം സാധ്യമായാലും അവക്കെല്ലാം മുകളില്‍ അമേരിക്കന്‍ പെട്രോ താത്പര്യങ്ങളുടെ കൊടി ഉയര്‍ന്നിരിക്കുമെന്ന് ഉറപ്പായിരിക്കുന്നു. അതാണ് ഇസില്‍ സംഘത്തിന്റെ “അടിസ്ഥാന നേട്ടം”. ന്യൂനപക്ഷ വിഭാഗമായ യസീദികള്‍ക്ക് മേല്‍ കൈവെച്ചതോടെയാണ് യഥാര്‍ഥത്തില്‍ ഇസില്‍ സംഘത്തിന് നേരെ അമേരിക്ക തിരിഞ്ഞത്. അതുവരെ വലിയ ആശയക്കുഴപ്പത്തിലായിരുന്നുവത്രേ അവര്‍. പിന്നെ ഇസില്‍ തീവ്രവാദികള്‍ രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ വധിച്ചതോടെ എല്ലാം എളുപ്പമായി. സ്റ്റീവ് സോട്ട്‌ലോഫിന്റെയും ജെയിംസ് ഫോളിയുടെയും രക്തത്തിലൂടെയാണ് അമേരിക്ക പുതിയ അധിനിവേശത്തിനുള്ള പാത വെട്ടിയിരിക്കുന്നത്. സിറിയയില്‍ ബശര്‍ അല്‍ അസദിനെതിരെ നടക്കുന്ന സായുധ പ്രക്ഷോഭത്തില്‍ ഇടപെടാന്‍ അമേരിക്കയും സഖ്യശക്തികളും പരമാവധി ശ്രമിച്ചതാണ്. റഷ്യയുടെ പരിച ഒന്നുകൊണ്ട് മാത്രമാണ് അത് തടഞ്ഞുവെക്കപ്പെട്ടത്. ഇപ്പോള്‍ ഇസില്‍ സംഘത്തിന്റെ പേരില്‍ അതും സാധ്യമായിരിക്കുന്നു. ആരുടെ സഹായവും സ്വീകരിക്കുമെന്ന് അസദ് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ കൂട്ടാളികള്‍ ചേരുന്നതോടെ പുതിയ ആയുധ വിപണി തുറക്കുകയാണ്. എണ്ണസമ്പന്നമായ ഏത് രാജ്യത്തും ഭീതി വിതക്കാന്‍ പോന്ന, ദീര്‍ഘകാലം എടുത്തു പയറ്റാവുന്ന നല്ലൊരു ആയുധമാണ് അവര്‍ക്ക് ഈ “ഇസില്‍ സംഘം”.
മാധ്യമങ്ങള്‍ക്ക് ഇസില്‍ ഒരു സുന്നീ സംഘടനയാണ്. ശിയേതരമായ എന്തിനെയും സുന്നിയെന്നാണ് അവര്‍ വിളിക്കുന്നത്. ഈ തീവ്രവാദി സംഘത്തിന് സുന്നി ആദര്‍ശവുമായി യാതൊരു ബന്ധവും ഇല്ല. അല്‍ഖാഇദ, അന്നുസ്‌റ, അല്‍ ശബാബ്, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ തുടങ്ങിയവയെല്ലാം “സുന്നി”യെന്ന തലക്കെട്ടിന് താഴെയാണല്ലോ കാണാറുള്ളത്. യഥാര്‍ഥ സുന്നീ പാരമ്പര്യം സൂക്ഷിക്കുന്ന ഒരു പണ്ഡിതനെയും ഇവര്‍ മാനിക്കുന്നില്ല. അങ്ങേയറ്റം അനിസ്‌ലാമികമാണ് ഇവരുടെ ചെയ്തികള്‍. പാരമ്പര്യ ശേഷിപ്പുകളെ തകര്‍ത്തെറിയുന്നവരാണ് ഇവര്‍. എന്നുവെച്ചാല്‍ സുന്നീ വിശ്വാസത്തിന്റെ നേര്‍ വിപരീതം. അതുകൊണ്ട് വംശീയമായ വൈജാത്യത്തെ അടയാളപ്പെടുത്താന്‍ സുന്നി എന്ന പദം കുറിക്കാമെങ്കിലും ആദര്‍ശപരമായോ വിശ്വാസപരമായോ ഈ വിളിക്ക് പ്രാധാന്യമില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗമെന്ന് സ്വയം അവകാശപ്പെടുന്ന ഇസ്‌ലാമിസ്റ്റുകളുമായാണ് ഇവര്‍ക്ക് ചാര്‍ച്ച. ഇസ്‌ലാമിസ്റ്റുകള്‍ ഒരിടത്തും പാരമ്പര്യ മുസ്‌ലികളെ അംഗീകരിച്ചിട്ടില്ലല്ലോ. പാരമ്പര്യനിഷേധവും മതപരിഷ്‌കരണവും അവരുടെ അടിസ്ഥാന അജന്‍ഡയാണ്. തീവ്രവാദപരമാണ് സമീപനം. അല്‍ ഖാഇദ മുതല്‍ അല്‍ ശബാബ് വരെയുള്ള എല്ലാ തീവ്രവാദ സംഘങ്ങളും ഈ കള്ളിയിലാണ് വരുന്നത്. സാമ്പത്തിക, രാഷ്ട്രീയ സമസ്യകള്‍ക്ക് ഇസ്‌ലാമാണ് പരിഹാരമെന്ന് ലോകം വലിയ തോതില്‍ തിരിച്ചറിയുമ്പോള്‍ മതത്തിന് മേല്‍ അത്യന്തം മോശമായ ഒരു പ്രതിച്ഛായ കെട്ടിവെക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അതുകൊണ്ട് ഖലീഫ പരമ്പരയുടെ ചരിത്രം തുടിക്കുന്ന പദം ഉച്ചരിക്കാന്‍ പോലും ഇസില്‍ തീവ്രവാദി സംഘത്തിന് അര്‍ഹതയില്ല. മനുഷ്യരുടെ ചോരയില്‍ ചവിട്ടിനിന്ന് അവര്‍ പ്രഖ്യാപിച്ച “രാഷ്ട്ര”ത്തെ ഇസ്‌ലാം ചേര്‍ത്ത് വിളിക്കുന്നതില്‍ കവിഞ്ഞ് വിഡ്ഢിത്തം വേറെന്താണുള്ളത്? അവര്‍ക്ക് ചേരുന്ന പേര് അല്‍ ഖാഇദ സെപറേറ്റിസ്റ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ എന്നത് മാത്രമാണ്. സിറിയയിലെയും ഇറാഖിലെയും അല്‍ ഖാഇദ വിഘടന പ്രസ്ഥാനം- ക്യുസിസ്. അബൂബക്കര്‍ അല്‍ ബഗ്ദാദി അടിസ്ഥാനപരമായി അല്‍ ഖാഇദക്കാരനാണല്ലോ.

Latest