Connect with us

Editorial

കെടു കാര്യസ്ഥതയുടെ പരിണതി

Published

|

Last Updated

ദൈനംദിന ചെലവുകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ട വിധം സംസ്ഥാനത്തിന്റെ സാമ്പത്തിക നില പാടേ വഷളായിരിക്കയാണ്. ഓണക്കാലത്തെ ചെലവുകള്‍ക്ക് കഴിഞ്ഞ മാസം അവസാനം സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തിരുന്നു. ഇത് തികയാതെ വന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ക്ഷേമനിധികളിലെയും പണം പൊതു ഖജനാവിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. എന്നിട്ടും രക്ഷയില്ലെന്നു വന്നപ്പോഴാണ് റിസര്‍വ് ബേങ്കില്‍ നിന്ന് നൂറ് കോടി ഓവര്‍ഡ്രാഫ്‌റ്റെടുത്തത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്തിന് ഓവര്‍ഡ്രാഫ്‌റ്റെടുക്കേണ്ട ഗതികേട് വീണ്ടുമുണ്ടായത്.
കടമെടുക്കാവുന്നതിന്റെ പകുതിയോളം സര്‍ക്കാര്‍ ഇതിനകം എടുത്തുകഴിഞ്ഞു. കടപ്പത്രങ്ങളിലൂടെ ഈ സാമ്പത്തിക വര്‍ഷം സംസഥാനത്തിന് കടമെടുക്കാകുന്നതിന്റെ പരിധി 14,000 കോടി രൂപയാണ്. വര്‍ഷം പകിയെത്തുന്നതിന് മുമ്പേ ഇതിന്റെ പകുതി-69,000 കോടി- കടമെടുത്തു കഴിഞ്ഞു. ഒക്‌ടോബറില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിനും വര്‍ഷാന്ത്യ ചെലവുകള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ടി വരികയും സാമ്പത്തിക ഞെരുക്കം പൂര്‍വോപരി രൂക്ഷമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ട് വര്‍ഷത്തോളമായി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ട്. അഴിമതിയും ഖജനാവിലെ ചോര്‍ച്ചയും ഭരണ തലത്തിലെ ധൂര്‍ത്തുമാണ് കാരണം. ഭരണച്ചെലവുകളില്‍ കടുത്ത നിയന്തണം പാലിച്ചില്ലെങ്കില്‍ ട്രഷറി പൂട്ടേണ്ട സാഹചര്യം വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പല തവണ ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ പ്രതിസന്ധി രൂക്ഷമായിട്ടും ധൂര്‍ത്തിന് യാതൊരു മാറ്റവുമില്ല. മന്ത്രിമാരുടെ ഔദ്യോഗിക സത്കാരം, ഫോണ്‍ വിളി, യാത്ര തുടങ്ങിയ ചെലവുകള്‍ക്കുള്ള വിഹിതം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുകയും വൈദ്യുതി ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്ത ഘട്ടത്തില്‍ അര ലക്ഷം രൂപയോളം വരുമായിരുന്നു പല മന്ത്രിമാരുടെയും ദൈ്വമാസ വൈദ്യുതി ബില്‍. പേഴ്‌സനല്‍ സ്റ്റാഫില്‍ സ്വന്തക്കാരും ബന്ധുക്കളുമായി ആവശ്യത്തലേറെയാളുകളെയാണ് തിരുകിക്കയറ്റിയത്. പി എമാരില്‍ പലര്‍ക്കും ജോലി പാര്‍ട്ടി ഓഫീസുകളിലുമാണ്. വീട്ടിലിരുന്നു യാത്രാബത്ത വാങ്ങുന്ന വിരുതന്മാര്‍ വരെയുണ്ട് ആ ഗണത്തില്‍. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അനാവശ്യ വിദേശയാത്രകളും സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗവും തടയാനുള്ള ശ്രമങ്ങളും ഫലപ്രദമാകുന്നില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത തുടരുകയാണ്. ചില ഉദ്യോഗസ്ഥ പ്രമുഖരുടെ വീടുകളിലേക്ക് പച്ചക്കറിയും മത്സ്യവും മറ്റും വാങ്ങിക്കൊണ്ടു പോകുന്നത് സര്‍ക്കാര്‍ വാഹനങ്ങളിലാണ്.
നികുതി പിരിവിലെ അലംഭാവവും നികുതിയേതര വരുമാനം കണ്ടെത്തുന്നതിലുള്ള പരാജയവുമാണ് സമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു കാരണം. നികുതി വരുമാനത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നികുതി പിരിവിലെ വീഴ്ചയും അനാവശ്യമായി സ്റ്റേ ഉത്തരവും മൂലം വര്‍ധന 9.7 ശതമാനത്തില്‍ പരിമിതമായി. നേരത്തെ 43.5 ശതമാനമായിരുന്നു നികുതിയേതര വരുമാനമെങ്കില്‍ ഇന്നത് 12.3 ശതമാനം മാത്രമായി കുറഞ്ഞിരിക്കയാണ്. സംസ്ഥാനത്ത് നികുതിയേതര വരുമാനം കൂട്ടാനുള്ള ഊര്‍ജിത ശ്രമങ്ങളോ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന പ്രായോഗിക നിര്‍ദേശങ്ങളോ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നില്ല. മികച്ച ധനകാര്യ മാനേജ്‌മെന്റിന്റെ അഭാവമാണിതിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ . വാണിജ്യനികുതി വകുപ്പിന്റെയും ചെക്ക്‌പോസ്റ്റുകളുടെയും ആധുനിവത്കരണമടക്കം നികുതി ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും അവയൊന്നും നടപ്പില്‍ വരുത്താനായില്ല. ധനകാര്യ വകുപ്പ് നേരത്തെ ആവശ്യപ്പെടുന്ന സേവന, വെള്ളക്കര നിരക്കുകളുടെയും പാട്ടത്തുകകളുടെയും വര്‍ധന, പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നടപടികളാണ്് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ജനങ്ങളുടെ മേല്‍ അധിക ഭാരമേല്‍പ്പിക്കാതെ അധികവിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനത്തിന്റെ ധൂര്‍ത്ത് കുറക്കുന്നതിനുള്ള നടപടികള്‍ കൂടി അനിവാര്യമാണ്.

 

Latest