National
വിസ്ഡം സ്‌കോളര്‍ഷിപ്പ് വിതരണവും ദേശീയ സെമിനാറും ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ്ഡം സ്‌കോളര്‍ഷിപ്പ് വിതരണം ഈ മാസം 13ന് ശനിയാഴ്ച ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിലെ നെഹ്‌റു ഹാളില്‍വെച്ച് നടക്കും. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ് തുടങ്ങിയ ഡല്‍ഹിയിലെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും എം ബി ബി എസ്, എം ബി എ തുടങ്ങിയ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ട സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുക.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രൊഫസര്‍ മാത്യു തോമസ് (സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ്) ഉദ്ഘാടനം ചെയ്യും. കെ അബ്ദുല്‍ കലാം(എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി), ഡോ. എം എച്ച് ഇല്യാസ് (പ്രൊഫസര്‍, സെന്റര്‍ ഫോര്‍ അറബ് കള്‍ച്ചറല്‍ സ്റ്റഡീസ്), ഡോ.അഷ്‌റഫ് ഇല്ലിയാന്‍(പ്രൊഫസര്‍ ഇക്കണോമിക്‌സ് വിഭാഗം, ജാമിഅ മില്ലിയ്യ), പ്രൊഫസര്‍ രാമകൃഷ്ണന്‍ (സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്) തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകീട്ട് നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിലെ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, പ്രൊഫസര്‍മാര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മഗ്‌രിബിന് ശേഷം നടക്കുന്ന പ്രത്യേക ദിഖ്‌റ്-ദുആ മജ്‌ലിസിന് വി അബ്ദുല്‍ ജലീല്‍ സഖാഫി നേതൃത്വം നല്‍കും. ഡല്‍ഹിയിലെ പ്രഗത്ഭ പണ്ഡിതരും സൂഫിവര്യന്മാരും പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി വിശാലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.