Connect with us

International

ഇസില്‍വിരുദ്ധ നീക്കം: അമേരിക്കയുടെ ആത്മാര്‍ഥത ചോദ്യം ചെയ്ത് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ഇറാഖിലും സിറിയയിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട അന്താരാഷ്ട്ര സഖ്യത്തിന്റെ ആത്മാര്‍ഥതയെയും ഗൗരവത്തെയും ചോദ്യം ചെയ്ത് ഇറാന്‍ രംഗത്തെത്തി. ഇപ്പോള്‍ അമേരിക്ക പറയുന്ന അന്താരാഷ്ട്ര സഖ്യത്തെ കുറിച്ച് പല സംശയങ്ങളുമുണ്ട്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാനെന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ സഖ്യത്തിന്റെ ആത്മാര്‍ഥതയും ഗൗരവവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചില രാജ്യങ്ങള്‍ ഇപ്പോഴും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് മാറിയിട്ടില്ല. ഇറാഖിലും സിറിയയിലും തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്നാണ് അവര്‍ കണക്കുകൂട്ടുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍സീ അഫ്ഖാം പറഞ്ഞു.
വെയില്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം പ്രഖ്യാപിച്ചതായിരുന്നു ഇസിലിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യം. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഭീഷണിയായി മാറിയ ഇസില്‍ സായുധ സംഘത്തെ അമേരിക്ക ഗൗരവത്തിലെടുക്കുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫ് ആരോപിച്ചിരുന്നു. ജിഹാദിസ്റ്റുകളെ സഹായിക്കുന്ന നിലപാടാണ് യു എസ് മുമ്പും സ്വീകരിച്ചിരുന്നതെന്നും സിറിയയിലെ ബശറുല്‍ അസദ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ലക്ഷ്യം വെച്ചാണ് അമേരിക്കയുടെ ഈ നടപടിയെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. 2011 മാര്‍ച്ചില്‍ അസദിനെതിരെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി ഇറാന്‍ ഒപ്പമുണ്ട്. ശിയാ നേതൃത്തിലുള്ള അസദ് സര്‍ക്കാറിന് ഇറാന്‍ സൈനിക ഉപേദശവും നല്‍കിയിരുന്നു.
ഇസില്‍ തീവ്രവാദികളെ നേരിടുന്നതിന് അറബ് രാഷ്ട്രങ്ങളുടെയും തുര്‍ക്കിയുടെയും സഹായം തേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സഊദിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Latest