National
ഡല്‍ഹി ഭരിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കണം: ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പ്രതികരണം. സംസ്ഥാനം ഭരിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്നുമാണ് ഷീലാ ദീക്ഷിത് പറഞ്ഞത്.
ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളാണ് എപ്പോഴും അഭികാമ്യം. കാരണം അത് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. താന്‍ മനസ്സിലാക്കിയിടത്തോളം കോണ്‍ഗ്രസിലെയോ എ എ പിയിലെയോ എം എല്‍ എമാര്‍ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടക്ക് അത് ഉപേക്ഷിച്ച് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ അവരോ ജനങ്ങളോ ആഗ്രഹിക്കില്ല. ഇത് തിരിച്ചറിഞ്ഞുള്ള തീരുമാനമാണ് പാര്‍ട്ടി കൈകൊള്ളേണ്ടതെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ചെത്തിയ ഷീലാ ദീക്ഷിത് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെ നടത്തിയ പ്രസ്താവന വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
എന്നാല്‍ ഇത് ഷീലാ ദീക്ഷിതിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നയമല്ലെന്നും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുഖ്യവക്താവ് മുകേഷ് ശര്‍മ പറഞ്ഞു. ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കരുതെന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.