Kerala
വായ്പയിലെ ചതി: ഇടപാടുകാര്‍ക്ക് റിസര്‍വ് ബേങ്കിന്റെ മുന്നറിയിപ്പ്
മലപ്പുറം: അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്ന് ഭാരതീയ റിസര്‍വ് ബേങ്കിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സംയുക്ത ഉത്തരവ്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശക്ക് കടം കൊടുക്കുന്നവര്‍, ബ്ലേഡ് മാഫിയകള്‍ തുടങ്ങിയവരില്‍ നിന്നും വായ്പയെടുക്കരുത്. ബേങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. മറ്റു വായ്പാ സ്ഥാപനങ്ങള്‍ കേരളാ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം കേരള സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ ബി എഫ് സികള്‍ തങ്ങളുടെ എല്ലാ ശാഖകളിലും തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. അതിവേഗ വായ്പകള്‍, കുറഞ്ഞ പലിശ നിരക്ക് തുടങ്ങിയ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും വായ്പയെടുക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കേണ്ടതാണെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ ബി എഫ് സികള്‍(മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഒഴികെ) നല്‍കുന്ന വായ്പകളുടെ പലിശ നിരക്കുകള്‍ റിസര്‍വ് ബേങ്ക് നിശ്ചയിക്കുന്നതോ നിയന്ത്രിക്കുന്നതോ അല്ല. എന്നിരുന്നാലും വാര്‍ഷിക പലിശ നിരക്കുകള്‍ മറ്റു നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും ഒപ്പം വായ്പ നല്‍കുന്ന വ്യക്തിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.