Connect with us

International

ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം അരുത്: ഇറാഖ് പ്രധാനമന്ത്രി

Published

|

Last Updated

ബഗ്ദാദ്: ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം നടത്തരുതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി സൈന്യത്തോട് ഉത്തരവിട്ടു. തീവ്രവാദികള്‍ കൈയേറിയ ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം നടത്തുമ്പോള്‍ നിരപരാധികളായ ആളുകളാണ് കൊല്ലപ്പെടുകയെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.
തീവ്രവാദികള്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലും നഗരങ്ങളിലും നിരപരാധികള്‍ മരിച്ചുവീഴണമെന്ന് ആഗ്രഹമില്ല. സുരക്ഷാ സൈനികരുടെ മുന്നേറ്റം തടയാന്‍ ലക്ഷ്യം വെച്ച് തീവ്രവാദികള്‍ നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. പക്ഷേ എന്തൊക്കെ ചെയ്താലും തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. തങ്ങള്‍ അവരെ പിന്തുടര്‍ന്ന് വേട്ടയാടുമെന്നും അബ്ബാദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശത്തെ യു എന്‍ ദൗത്യ സംഘത്തിന്റെ നേതാവ് നിക്കോള സ്വാഗതം ചെയ്തു.
ഇറാഖ് സൈന്യത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വ്യാപകമായ ആക്രമണങ്ങള്‍ രാജ്യത്തെ സുന്നി വിഭാഗത്തിന്റെ വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും തീവ്രവാദികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്നെ ഇറാഖ് സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം വിളിച്ചുവരുത്തുന്നുണ്ട്. ഇറാഖിലെ സുന്നികളുടെയും കുര്‍ദുകളുടെയും സഹായത്തോടെ ഐക്യപ്പെട്ട് തീവ്രവാദികളോട് ഏറ്റുമുട്ടാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഇറാഖിന് മേല്‍ സമ്മര്‍ദമേറുകയാണ്.

Latest