Kerala
പാസ്‌പോര്‍ട്ട് പിടിച്ചു വെച്ച കേസുകളില്‍ നിയമനടപടികള്‍ അനന്തമായി നീളുന്നു
കോഴിക്കോട്: ജനന തീയതി തിരുത്തിയതുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പിടിച്ചു വെച്ച കേസുകളിലെ നിയമനടപടികള്‍ അനന്തമായി നീളുന്നു. 2013 ല്‍ ക്രൈം ഡിറ്റാച്ച്‌മെന്റില്‍ കെ രാധാകൃഷ്ണ പിള്ള ഓഫീസറായിരുന്ന സമയത്താണ് ജനന തീയതി തിരുത്തിയതുമായി ബന്ധപ്പെട്ട് 268 ഓളം കേസുകള്‍ മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസില്‍ ഉള്‍പ്പെട്ടതോടെ വിദേശ രാജ്യങ്ങളില്‍ പോകാന്‍ കഴിയാതെ പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
268 കേസുകളില്‍ നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് ഇതുവരെ തീര്‍പ്പാക്കിയത്. 5000 രൂപ പിഴയടച്ചാല്‍ തീരുന്ന ഈ കുറ്റത്തിന് സെക്ഷന്‍ 406 പ്രകാരം സാമ്പത്തിക തിരിമറി, ആള്‍മാറാട്ടം എന്നിവ ചുമത്തിയാണ് രാധാകൃഷ്ണ പിള്ള കേസ് ഫയല്‍ ചെയ്തത്. ഇതാണ് പലരുടെയും പ്രതീക്ഷകള്‍ തകരാന്‍ കാരണമായത്. ഇത്തരം കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനായി രാധാകൃഷ്ണ പിള്ള പലരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായും ഇത്തരത്തില്‍ കൈക്കൂലി കൊടുക്കാന്‍ കഴിവില്ലാത്തവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോഴും നിയമക്കുരിക്കില്‍പ്പെട്ടു കിടക്കുകയാണെന്നും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി യു പൗരന്‍ പറഞ്ഞു.
ഇതില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ച് ഇളവ് നേടി ഒരു വര്‍ഷത്തേക്ക് കൂടി പാസ്‌പോര്‍ട്ട് വീണ്ടും ഉപയോഗിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. പിടിയിലായവരില്‍ പലരും ഡ്രൈവര്‍ വിസയില്‍ സഊദിയില്‍ പോയവരാണ്. ഹൗസ് ഡ്രൈവര്‍ തസ്തികയിലാണ് വിസ കൂടുതലായി ലഭിച്ചത്. വിദേശത്ത് എത്തിയശേഷം മാറുകയാണ് പതിവ്. ഇത്തരം വിസക്ക് 22 വയസ്സ് പൂര്‍ത്തിയാകണമെന്നതിനാല്‍ ചില ട്രാവല്‍ ഏജന്റുമാര്‍ മുഖേന ജനന തീയതി തിരുത്തുകയാണ് വലിയ നിയമപരിജ്ഞാനമില്ലാത്ത പലരും ചെയ്തത്. പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയാല്‍ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവും ഐ പി സി വകുപ്പ് ചേര്‍ത്തും കേസെടുക്കാം. പാസ്‌പോര്‍ട്ട് ആക്റ്റില്‍ സെക്ഷന്‍ 12 (1) ബി പ്രകാരം കേസ് എടുത്താല്‍ സെമി ജുഡീഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് പിഴ ഈടാക്കി കേസ് തീര്‍പ്പാക്കാം. ഐ പി സി പ്രകാരമുള്ള കേസുകളില്‍ രേഖകളുടെ പരിശോധനയും തുടരന്വേഷണവും പൂര്‍ത്തിയാകാന്‍ കാലങ്ങളെടുക്കും. കോടതില്‍ കേസ് എത്തിയാല്‍ തീര്‍പ്പാക്കാന്‍ പിന്നെയും സമയമെടുക്കും. ഏതു തരത്തിലുള്ള നടപടി വേണമെന്നത് സര്‍ക്കാറിന്റെ വിവേചനാധികാരമാണ് എന്നിരിക്കെയാണ് പലരെയും ആള്‍മാറാട്ടം പോലുള്ള ക്രിമിനല്‍ കുറ്റം ചുമത്തി അന്നത്തെ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് പിടിച്ചു വച്ചത്.
ഇത്തരം കേസുകളില്‍ പെട്ടു പോയവര്‍ പലരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. അതുകൊണ്ടു തന്നെ ഇതിന്റെ പിറകെ നടന്ന് പണം ചെലവഴിക്കാന്‍ കഴിയാതെ വിദേശ തൊഴില്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചവരാണ് പലരും. വകുപ്പുകളില്‍ നിന്ന് മോശം പെരുമാറ്റക്കാരെയോ അതുമല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെയോ ആണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ പലപ്പോഴും നിയമിക്കാറുള്ളതെന്നും ഇത്തരക്കാരാണ് പാവപ്പെട്ടവരുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നതെന്നും പി എ പൗരന്‍ പറഞ്ഞു. ഇതില്‍ ചിലര്‍ക്ക് ചീഫ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം സെക്കന്‍ഡ് പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കിയിട്ടുണ്ട്. കേസില്‍ അകപ്പെട്ട് വിദേശത്ത് പോകാന്‍ കഴിയാതെ മാനസികമായും സാമ്പത്തികമായും പലരും തകര്‍ന്നിരിക്കയാണ്. ഇതേക്കുറിച്ച് സര്‍ക്കാറിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റൊരു വിമാനത്താവളത്തിലും ഇത്രയധികം കേസുകള്‍ ഉണ്ടായിട്ടില്ല. അഴിമതിക്കറയുമായി എത്തുന്ന ഉദ്യോഗസ്ഥര്‍ മനുഷ്യത്വപരമായ പരിഗണന പോലും നല്‍കാതെയാണ് പലര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാരംഭത്തിലും നിരവധി പേര്‍ ഇത്തരത്തിലുള്ള കേസില്‍ അകപ്പെട്ടിട്ടുണ്ട്.