Connect with us

Malappuram

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മതസംഘടനകള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ലീഗിനുള്ളില്‍ സമ്മര്‍ദം

Published

|

Last Updated

>>>ഇടിക്കോ കെഎന്‍എ ഖാദറിനോ സാധ്യത

കൊണ്ടോട്ടി; നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അടുത്ത ജൂണില്‍ അവസാനിക്കാനിരിക്കെ പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അല്ലെങ്കില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ എന്നിവരിലൊളാള്‍ക്കാണ് സാധ്യതയുള്ളത്.
നിലവിലെ ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള അവസാന ഹജ്ജ് ക്യാമ്പാണ് ഇപ്പോള്‍ നടന്നു വരുന്നത്. മത സംഘടനകളോട് യു ഡി എഫും മുസ്‌ലിം ലീഗ് ഇപ്പോള്‍ പ്രത്യേകിച്ചും സ്വീകരിക്കുന്ന സമദൂര സിദ്ധാന്തമാണ് ഹജ്ജ് കമ്മിറ്റി പോലുള്ള സമിതികളിലെ ചെയര്‍മാന്‍ സ്ഥാനം ഏതെങ്കിലുമൊരു മത സംഘടനയുടെ പ്രതിനിധിക്ക് നല്‍കി മറ്റുള്ളവരുടെ അപ്രീതി നേടേണ്ടതില്ലെന്ന നിലപാടിലേക്കെത്തിച്ചത്. ഹജ്ജ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും പ്രാതിനിധ്യം വേണമെന്ന പാര്‍ട്ടി നിലപാടിനെ തുടര്‍ന്നാണ് നിലവിലെ ഹജ്ജ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി സി പി കുഞ്ഞിമുഹമ്മദ് എം എല്‍ എ നിയമിക്കപ്പെടുന്നത് .
ഹജ്ജ് കാര്യവകുപ്പ് മുസ് ലിം ലീഗ് കൈകാര്യം ചെയ്യുന്നത് കാരണം വരാനിരിക്കുന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുസ്‌ലിം ലീഗിന് തന്നെ വിട്ടു കൊടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിരഭിപ്രായമില്ല. ചെയര്‍മാന്‍ സ്ഥാനം ഇനിയും മത സംഘടനാ പ്രതിനിധിക്ക് നല്‍കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗില്‍ സമ്മര്‍ദം ശക്തമാണ്.
നിലവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ ബഷീറിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം അവസാന നിമിഷമാണ് നഷ്ടമായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയുടെ നിലപാടാണ് ബഷീറിനു ഈ സ്ഥാനം നഷ്ടമാകാനിടയായത്. ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്ന നാട്ടുകാരന്‍ എന്ന നിലയിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച പരിചയവും ബഷീറിന് അനുകൂലമാണ്. ബഷീര്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ കെ എന്‍ എ ഖാദര്‍ തന്നെയായിരിക്കും ചെയര്‍മാനാകുക. മറ്റൊരാളേയും ഈ സ്ഥാനത്തേക്ക് ഇപ്പോള്‍ ലീഗ് ആലോചിക്കുന്നു പോലുമില്ല.
കഴിഞ്ഞ ഇടതു ഭരണ കാലത്തും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മത സംഘടനകള്‍ക്ക് നല്‍കിയിരുന്നില്ല. എല്‍ ഡിഎഫ് സ്വതതന്ത്രനായ പി ടി എ റഹീം എം എല്‍ എ ആയിരുന്നു ചെയര്‍മാന്‍.
നിലവിലുള്ള ഹജ്ജ് കമ്മിറ്റിയുടെ അവസാന ഹജ്ജ് ക്യാമ്പാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും അടുത്ത വര്‍ഷത്തെ ഹജ്ജിനു അപേക്ഷ ക്ഷണിക്കുന്നതെല്ലാം ഈ കമ്മിറ്റിയുടെ കാലയളവിലായിരിക്കും.
എന്നാല്‍ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കും.
തുടര്‍ച്ചയായി രണ്ട് തവണ കമ്മിറ്റിയില്‍ വന്നവര്‍ക്കും പുതിയ കമ്മിറ്റിയില്‍ അംഗത്വം പാടില്ലെന്നാണ് ഹജ്ജ് കമ്മിറ്റി ചട്ടം.ഇങ്ങനെ അംഗത്വം നഷ്ടപ്പെടുന്നവരും നിലവിലെ കമ്മിറ്റിയില്‍ ഉണ്ട്

Latest