National
ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബി ജെ പിക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ്, ഗുജറാത്തിലും രാജസ്ഥാനിലും മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് സീറ്റുകളില്‍ ഒമ്പതും സ്വന്തമാക്കി തിരിച്ചുവരവ് നടത്തി. ഒമ്പത് സംസ്ഥാനങ്ങളിലായി 32 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ 24 സിറ്റിംഗ് സീറ്റുകളില്‍ പതിമൂന്നെണ്ണം ബി ജെ പിക്ക് നഷ്ടപ്പെട്ടു.
മുപ്പത്തിരണ്ട് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി പതിനൊന്ന് സീറ്റും കോണ്‍ഗ്രസ് ഏഴ് സീറ്റും സമാജ്‌വാദി പാര്‍ട്ടി ഒമ്പത് സീറ്റും നേടി. ടി ഡി പി, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ യു ഡി എഫ്, സി പി എം എന്നീ കക്ഷികള്‍ ഓരോ സീറ്റും സ്വന്തമാക്കി. സിക്കിമില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ച ബി ജെ പിക്ക് മത്സരിച്ച പത്ത് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ. ബി ജെ പിയുടെ ഘടക കക്ഷിയായ അപ്‌നാ ദള്‍ മത്സരിച്ച സീറ്റിലും വിജയിക്കാനായില്ല. മായാവതിയുടെ ബി എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതോടെ യു പിയില്‍ എസ് പിയും ബി ജെ പിയും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. ബീഹാറിലെ പോലെ വിശാല മതേതര സഖ്യത്തിന് യു പിയില്‍ രൂപം നല്‍കിയിരുന്നില്ലെങ്കിലും ബി എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് എസ് പിക്ക് തുണയായിട്ടുണ്ട്.
ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് മത്സരം നടന്ന ഗുജറാത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ മൂന്ന് സീറ്റ് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഒരിടത്ത് വിജയിക്കാനേ ബി ജെ പിക്ക് സാധിച്ചുള്ളൂ. ഗുജറാത്തില്‍ ബി ജെ പിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ വിജയിക്കാനായത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒമ്പത് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പാണിത്. എം എല്‍ എമാര്‍ ലോക്‌സഭാംഗങ്ങളായതിനെ തുടര്‍ന്നാണ് യു പി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെയും ഗുജറാത്തിലെയും മുഴുവന്‍ സീറ്റുകളും നേടിയാണ് ബി ജെ പി അധികാരത്തില്‍ എത്തിയത്.
പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ വിജയം കണ്ടത് ബി ജെ പിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ബംഗാളിലെ ബാസിര്‍ഹട്ട് സൗത്ത് മണ്ഡലത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി വിജയിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി ജെ പി സീറ്റ് പിടിച്ചെടുത്തത്. 1999ലാണ് ഇതിനു മുമ്പ് ബി ജെ പി അംഗം ബംഗാള്‍ നിയമസഭയിലെത്തിയത്. അന്ന് തൃണമൂലുമായി സഖ്യമായിട്ടായിരുന്നു മത്സരം. ബംഗാളില്‍ രണ്ടാമത്തെ സീറ്റ് തൃണമൂല്‍ സ്വന്തമാക്കി. രണ്ട് മണ്ഡലങ്ങളിലും സി പി എം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രിപുരയില്‍ സിറ്റിംഗ് സീറ്റ് സി പി എം നിലനിര്‍ത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ഒരു നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തെലുഗ് ദേശം പാര്‍ട്ടി വിജയിച്ചു.
അസമിലെ മൂന്ന് സീറ്റുകളില്‍ ഓരോ സീറ്റ് ബി ജെ പി, കോണ്‍ഗ്രസ്, എ ഐ യു ഡി എഫ് നേടി. സിക്കിമില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചു.
ബീഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ആഗസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെയാണ് വീണ്ടും കനത്ത പ്രഹരം ബി ജെ പിക്കുണ്ടായത്. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്‌സലായാണ് ഉപതിരഞ്ഞെടുപ്പുകളെ വിശേഷിപ്പിച്ചിരുന്നത്.