Ongoing News
ജിമെയിലും യാഹുവും കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി:സര്‍ക്കാറിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ജിമെയില്‍, യാഹു തുടങ്ങിയ ആഗോള ഭീമന്‍മാരെ ഒഴിവാക്കി തദ്ദേശീയ ഇമെയില്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ നീക്കമാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ഇമെയില്‍ പ്ലാറ്റ്‌ഫോമാണ് സര്‍ക്കാര്‍ ഉപയോഗിക്കുക. ഇത് സംബന്ധിച്ച ശുപാര്‍ശ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചു.
വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായതോടെ രാജ്യസുരക്ഷ സംബന്ധിച്ച ആശങ്കയാണ് സര്‍ക്കാറിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടേയും വകുപ്പുകളുടേയും മുഴുവന്‍ ആശയവിനിമയവും എന്‍ ഐ സി വഴിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ഇമെയില്‍ ഉപയോഗിക്കാനാവുന്ന രീതിയിലേക്ക് എന്‍ ഐ സി പ്ലാറ്റ്‌ഫോം നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡാറ്റാ സംഭരണത്തിന് പുറമെ ആവശ്യമായ ഫയലുകള്‍ വേഗത്തില്‍ തിരഞ്ഞെടുക്കാനും മറ്റു ഡിപ്പാര്‍ട്‌മെന്റുകളുമായി പങ്കിടാനുമെല്ലാം ക്ലൗഡ് വഴി എളുപ്പ് സാധിക്കും.