Connect with us

Articles

താണ ജാതിക്കാരന്റെ കൈ വാച്ചിന് പാകമാകുക എന്നാണ്?

Published

|

Last Updated

വാച്ച് ധരിച്ച് സ്‌കൂളിലെത്തിയ ദളിത് വിദ്യാര്‍ഥിയുടെ കൈ ഉയര്‍ന്ന ജാതിയിലുള്ള മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വെട്ടി മാറ്റിയ സംഭവത്തില്‍ ശരാശരി “ഇന്ത്യന്‍ പൗരനാകാന്‍” വളരുന്നവന്റെ മാനസിക നില കോറിയിട്ടിട്ടുണ്ട്. ഉത്തമ പൗരനാകാനുള്ള ശീലങ്ങളുടെ ഭാഗമാണ് ഈ “അഭ്യാസ”ങ്ങളെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടമാടുന്നത്. വിരുദു നഗര്‍ ജില്ലയിലെ തിരുത്തങ്കല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈയാണ് വാച്ച് ധരിച്ചെത്തിയ കുറ്റത്തിന് ന്യൂ ജനറേഷന്‍ ജാതിക്കോമരങ്ങള്‍ വെട്ടിമാറ്റിയത്. വളര്‍ന്നുവരുന്ന തലമുറയുടെ രോഗാതുരമായ മാനസികാവസ്ഥയുടെ കൊടുവാളുകളാണ് രമേശെന്ന പതിനാറുകാരന്റെ കൈത്തണ്ടയില്‍ ആഞ്ഞുപതിച്ചത്. വാച്ച് ഇന്നൊരു ആഡംബര വസ്തുവോ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമോ അല്ലാതിരുന്നിട്ടും ദളിതന് അത് സന്തോഷം നല്‍കുന്നുണ്ടെന്ന ഈറയാണ് ഇത്തരമൊരു പ്രവൃത്തിക്ക് പിന്നിലെ ചേതോവികാരം. അധഃസ്ഥിതര്‍ എന്നും അധഃസ്ഥിതരായി തന്നെ ജീവിച്ചുകൊള്ളണമെന്നും അവരുടെ ജീവിതത്തിന് എന്നും കൂട്ട് ദുരിതങ്ങളും ദുഃഖങ്ങളും മാത്രമാകണമെന്നുമുള്ള ചിലരുടെ നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന് ഉടലെടുക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ആ കൈത്തണ്ട മുറിച്ചുമാറ്റിയത്.
രാജ്യത്തുടനീളം സമാന സംഭവങ്ങള്‍ അരങ്ങേറുകയാണ്. മേല്‍ ജാതിക്കാരന്റെ പറമ്പില്‍ കയറി പശുവിന് പുല്ലരിഞ്ഞെന്നാരോപിച്ച് അമ്മയെയും മകളെയും നഗ്നരാക്കി പൊതു നിരത്തിലൂടെ ഓടിച്ചത് ഈയടുത്താണ്. പുല്ലരിയലിലൂടെ പറമ്പും വളപ്പിലുള്ള വീടും അശുദ്ധമായെന്ന വാദമാണ് ഉന്നയിക്കുന്ന ന്യായം. പശുവിനെ പരിശുദ്ധമായി കാണുകയും തങ്ങളുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നവരാണ് ആ മൃഗത്തിന്റെ വിശപ്പ് മാറ്റാന്‍ പുല്ല് അരിഞ്ഞതിന് രണ്ട് സ്ത്രീകളോട് കൊലയേക്കാള്‍ വലിയ പാതകം ചെയ്തത്. ദളിത് സ്ത്രീകളുടെ മാനം സ്വന്തം അവകാശമായി കാണുന്ന ഒരു സാമൂഹിക സാഹചര്യം ഇവിടെയുണ്ടായിരുന്നല്ലോ. ആ മാനം പിച്ചിച്ചീന്തുന്ന അതിക്രമം വര്‍ധിത രീതിയില്‍ രൂപപ്പെട്ടു വരികയാണ്. വെളുപ്പിന് എണീറ്റ് “വെളിക്ക് പോയ” സ്ത്രീകളെ പോലും വെറുതെവിടാത്ത ലൈംഗിക പട്ടിണിയിലാണോ ഇന്ത്യന്‍ പുരുഷത്വം എന്ന് അന്വേഷിക്കുന്നതിനേക്കാള്‍, ഇരകളുടെ ജാതി അന്വേഷിക്കുന്നതായിരിക്കും എളുപ്പം. ലൈംഗിക പട്ടിണി ചിലപ്പോള്‍ ചുരുളഴിയാത്ത സമസ്യയായി മാറും. ന്യൂ ജനറേഷന്‍ ജാതീയത ലൈംഗിക അതിക്രമത്തിന്റെ രൂപത്തില്‍ തകര്‍ത്താടുകയാണെന്നതിന് ഈയടുത്ത് നടന്ന ചില സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാകും.
മധ്യപ്രദേശിലെ മൊറേണ ജില്ലയില്‍ പുരാവാസ് ഗ്രാമത്തിലെ ബദാമി ദേവി വര്‍ഷങ്ങളോളം പഞ്ചായത്ത് സര്‍പഞ്ചായിരുന്നു. നീണ്ട വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ അവര്‍ക്കുണ്ടായ ഏറ്റവും വലിയ നേട്ടം ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് ത്രിവര്‍ണ പതാക വാനിലുയര്‍ത്താന്‍ സാധിച്ചുവെന്നതാണ്. ദളിത് ആണെന്ന ഒറ്റക്കാരണത്താല്‍ വര്‍ഷങ്ങളായി ഉയര്‍ന്ന ജാതിക്കാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് വിലക്കി. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് രാജ്യ പതാക ദളിതന്‍ തൊട്ടാല്‍ അശുദ്ധമായിപ്പോകുമെന്നാണോ ഇവര്‍ കരുതിയത്? അല്ലെങ്കില്‍ ദളിതര്‍ ഇന്ത്യക്കാരല്ലെന്നും അവര്‍ക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള അതിതീവ്ര ദേശീയതയാണോ അവരെ ഭരിച്ചത്?
ബദാമി ദേവി നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് “വിലക്ക്” നീങ്ങിയത്. ദളിത്‌വിരുദ്ധ ചേരിയുടെ സ്വാധീനം ഏറ്റവും കൂടുതലുള്ള ഗ്രാമങ്ങളിലൊന്നാണ് പുരാവാസ്. ഇവിടുത്തെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നുകരാന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിച്ച് നാല് വര്‍ഷമായിട്ടും കുറ്റിയടി പോലും നടത്തിയിട്ടില്ല. ഈ ഭൂമിക്ക് സമീപം ഒരു ദളിതന്റെ വീട് ഉണ്ട് എന്ന കാരണമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ സ്‌കൂളെന്ന സ്വപ്‌നത്തിന് വിഘ്‌നമായത്. അക്ഷരമുറ്റത്തേക്ക് ദളിതന്റെ വീട്ടില്‍ നിന്ന് മാലിന്യമൊഴുകുമെന്ന പേടിയല്ല, പ്രത്യുത ദളിതിന്റെ വീട്ടിലെ അടുക്കളയില്‍ നിന്നുയരുന്ന പുകയും കുഞ്ഞുങ്ങളുടെയും കോഴികളുടെയും കാലികളുടെയും ശബ്ദങ്ങളും അശുദ്ധി പ്രസരിപ്പിക്കുമെന്ന നൂറ്റാണ്ടുകള്‍ മുമ്പേയുള്ള ആചാര മനോഭാവം വിടാതെ പിന്തുടരുന്നതാണ് പ്രശ്‌നം.
ഈ ഗ്രാമത്തിന് തൊട്ടടുത്തുള്ള ശിവപുരി ജില്ലയില്‍ മതം മാറ്റവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇസ്‌ലാം സ്വീകരിച്ച ദളിതുകളെ വിശ്വഹിന്ദു പരിഷതും ബജ്‌റംഗ് ദളും ബലം പ്രയോഗിച്ച് വീണ്ടും മതം മാറ്റുകയായിരുന്നു. ഹിന്ദു മതം ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരുമെന്നത് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വി എച്ച് പിയുടെ കര്‍മ പദ്ധതികളില്‍ പെട്ടതാണ്. ദളിതുകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. തന്നെ മജ്ജയും മാംസവും വികാര വിചാരങ്ങളും വേദനയുമുള്ള ഒരു മനുഷ്യനായി കാണാനുള്ള മനസ്‌കത ഇല്ലാത്തതിനാണ് ദളിതന്‍ മറ്റൊരു മതത്തിലേക്ക് ചേക്കേറിയതെന്ന സാമാന്യബോധമില്ലാതെയല്ല വി എച്ച് പി പദ്ധതി നടപ്പിലാക്കുന്നത്. ഈ വ്യവസ്ഥിതിയില്‍ തന്നെ ദളിതന്‍ തങ്ങളുടെ കീഴില്‍ നില്‍ക്കണമെന്ന് അവര്‍ക്ക് വാശിയുണ്ട്. മതം മാറ്റം നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ദളിതര്‍ എന്തുകൊണ്ട് ഇതര മതങ്ങള്‍ പുല്‍കുന്നു എന്ന വസ്തുതയെ അഭിമുഖീകരിക്കുന്നതിന് പകരം തൊലിപ്പുറമെ ലേപനം പുരട്ടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ജാതവ് സമുദായത്തില്‍ പെട്ട മണിറാമിന്റെ മതയാത്ര ഉത്തമ ഉദാഹരണമാണ്. സമുദായത്തില്‍ നേരിട്ട നിരന്തര അപമാനത്തെ തുടര്‍ന്നാണ് മണിറാം ഇസ്‌ലാം ആശ്ലേഷിച്ചത്. എണ്ണക്കുറവ് കൊണ്ടല്ല ഇവര്‍ക്ക് ഇത്തരം കയ്‌പേറിയ അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്. ജനസംഖ്യയുടെ 30 ശതമാനമുണ്ടായിട്ടും വിവേചനവും അപമാനവും സഹിക്കവയ്യാത മണിറാം എന്ന ജാതവന്‍, അബ്ദുല്ലയായി മാറി. നിയമ നൂലാമാലകള്‍ക്ക് നില്‍ക്കാതെ തന്നെ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ പാത സ്വീകരിച്ചു. തുടര്‍ന്ന് ഭാര്യാസഹോദരനെ ഇക്കാര്യം ബോധ്യപ്പെടുത്തി. അങ്ങനെ അദ്ദേഹവും മതം മാറി അബ്ദുല്‍ കരീം എന്ന പേര് സ്വീകരിച്ചു. എന്നാല്‍ കരീമിന്റെ ഭാര്യ മതം മാറാന്‍ വിസമ്മതിക്കുകയും വിഷയം അവളുടെ കുടുംബത്തെ അറിയിക്കുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. മതം മാറ്റം നിയമലംഘനമാണെന്ന് കേസ് ചുമത്തി മണി റാമിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ഇത് നിര്‍ബന്ധിത മതംമാറ്റമല്ലെന്നും വ്യവസ്ഥിതിയുടെ ക്രൂരതയുടെ നിശ്ശബ്ദരായ ഇരകളാണെന്നുമുള്ള കാര്യം ഇവര്‍ തമസ്‌കരിക്കുന്നു. സമ്മര്‍ദം സഹിക്കവയ്യാതെ മണിറാം ഹിന്ദു മതത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. തങ്ങള്‍ ഇസ്‌ലാമിലേക്ക് പോയത് പണം കണ്ടാണെന്ന മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് മണിറാം പത്രസമ്മേളനം നടത്തി. വീണ്ടും പഴയ അടിമത്തത്തിലേക്കും പരിഹാസപാത്രമാകുന്നതിലേക്കും തിരിച്ചുപോകണമെന്നുള്ള വേപഥു ഉള്ളിലൊതുക്കി വ്യവസ്ഥയുടെ ധാര്‍ഷ്ട്യങ്ങള്‍ക്കനുസരിച്ച് നീങ്ങുകയാണ് മണിറാമിനെ പോലുള്ളവര്‍. മതം മാറിയ ദളിതരെ തിരിച്ചുകൊണ്ടുവരുന്നത് പുണ്യ പ്രവൃത്തിയായി കണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പരിവാര്‍ സംഘടനകള്‍.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ കൊണ്ടുവന്നിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍. മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷയും അര ലക്ഷം രൂപ വരെ പിഴയുമാണ് മതം മാറ്റുന്നവര്‍ക്കുള്ള ശിക്ഷയായി ബില്‍ വിഭാവനം ചെയ്തത്. 1968ലെ നിയമത്തില്‍ ഇത് ഒരു വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു. ബില്‍ നിയമമായില്ലെങ്കിലും ദളിതര്‍ക്കെതിരെ പരാക്രമങ്ങള്‍ നടത്തുന്നവര്‍ക്കുള്ള ശിക്ഷ ഇതിന്റെ ഏഴയലത്ത് എത്തുകയില്ല. ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 70 ശതമാനവും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്. എണ്ണത്തിലെ കുറവല്ല ദളിതര്‍ക്കെതിരെയുള്ള പരാക്രമങ്ങള്‍ക്ക് ആധാരം. 2011ലെ കാനേഷുമാരി അനുസരിച്ച് പട്ടിക ജാതിക്കാരുടെ ജനസംഖ്യ 16.6 ശതമാനവും പട്ടിക വര്‍ഗത്തിന്റെത് 8.6 ശതമാനവുമാണ്. മൊത്തം ജനസംഖ്യയുടെ 25 ശതമാനം വരും ഇരുവിഭാഗവും.
കേന്ദ്രത്തിലെ ഭരണമാറ്റം ദളിതര്‍ക്കും മറ്റ് അബല വിഭാഗങ്ങള്‍ക്കുമെതിരെ കുതിര കയറാന്‍ ചിലര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. ദളിത്‌വിരുദ്ധ നിലപാടിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു ഭരണമാറ്റമെന്നത് വാസ്തവമാണ്. കേരളത്തിലും ദളിത്‌വിരുദ്ധത കൊടികുത്തിവാഴുക തന്നെയാണ്. നില്‍പ്പ് സമരത്തിന്റെ നില്‍പ്പ് തന്നെ നോക്കൂ. അധികാര, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ മുന്നില്‍ കയറി നിന്നാണ് ആ പാവപ്പെട്ട ജനത സമരം ചെയ്യുന്നത്. അതിനെ പുച്ഛിച്ച് “ഭരണകാര്യങ്ങളില്‍” മുഴുകുന്നവര്‍ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ദളിതരോട് മാത്രമല്ല, സമൂഹത്തോട് ഒന്നാകെ.

 

---- facebook comment plugin here -----

Latest