Connect with us

Sports

ഏഷ്യന്‍ ഗെയിംസിന് പ്രൗഢ ഗംഭീര തുടക്കം

Published

|

Last Updated

ഇഞ്ചോണ്‍: ഓപ്പ ഗന്നം സ്റ്റൈല്‍….വിഖ്യാത പോപ് ഗായകന്‍ സൈ ആടിത്തിമിര്‍ത്തപ്പോള്‍ ഇഞ്ചോണ്‍ ഏഷ്യാഡിനും ഓപ്പണ്‍ !!….പതിനേഴാം ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ ഇഞ്ചോണില്‍ വര്‍ണാഭ തുടക്കം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് യുന്‍ ഹെ ഗെയിംസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കൊറിയന്‍ അഭിനേത്രി ലി യുംഗ് ഇ തീ തെളിച്ചതോടെ സ്റ്റേഡിയത്തിന്റെ ആകാശത്തില്‍ പ്രകാശത്തിന്റെ വ്യത്യസ്തമായജ്വാല പടര്‍ന്നു. കാഴ്ചയുടെ ഉത്സവമായി ഉദ്ഘാടന ചടങ്ങ് മാറുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നു ചടങ്ങുകള്‍ക്ക് തുടക്കമായി. കൊറിയയുടെ തനത് പാരമ്പര്യ നാടന്‍ കലാരൂപങ്ങളുമായി മൂവായിരം കലാകാരന്‍മാരാണ് ചടങ്ങ് വര്‍ണശബളമാക്കിയത്. ഗന്നം സ്റ്റൈല്‍ പാട്ടുകാരന്‍ സൈയുടെ പാട്ടിന് സ്റ്റേഡിയം ആകെ ചുവടുകള്‍ വച്ചു, ഒപ്പം വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകളും. 4.5 ബില്യണ്‍ ഏഷ്യന്‍ സ്വപ്‌നങ്ങള്‍, ഏഷ്യ ഒന്ന് എന്ന ആശയത്തിലൂന്നിയ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. ലോകപ്രശസ്ത കൊറിയന്‍ സംവിധായന്‍ ലിം ക്വോണ്‍ ടാകിനായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ ചുമതല.

വൈകുന്നേരം അഞ്ച് മണിയോടെയാണ് രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റ് ആരംഭിച്ചത്. കൊറിയന്‍ അക്ഷരമാല പ്രകാരം നേപ്പാള്‍ ടീമാണ് ആദ്യം ഗ്രൗണ്ടിലെത്തിയത്. ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ആണ് ഇന്ത്യന്‍ പതാകയേന്തി ടീമിന്റെ മാര്‍ച്ച്പാസ്റ്റിന് നേതൃത്വം നല്‍കിയത്.
ഉദ്ഘാടനത്തിന് ശേഷം ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാക എട്ട് മുന്‍ കൊറിയന്‍ ഏഷ്യാഡ് താരങ്ങള്‍ വേദിയിലെത്തിച്ചു. ഗെയിംസ് പ്രതിജ്ഞയോടെ പതാക വാനിലേക്കുയര്‍ന്നു. അടുത്ത മാസം നാലിനെ ഇനി കൊടി താഴൂ.
മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും ആവേശകരമായ ഉത്തര കൊറിയക്കാരുടെ വരവാണ്. ബദ്ധവൈരികളെങ്കിലും ദക്ഷിണകൊറിയക്കാര്‍ വൈരം മറന്ന് അയല്‍ക്കാര്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി. വന്‍ ഹര്‍ഷാരവത്തോടെയാണ് ഉത്തര കൊറിയക്കാര്‍ സ്റ്റേഡിയത്തിന്റെ കാഴ്ചവട്ടത്തേക്ക് പ്രവേശിച്ചത്.
45 രാജ്യങ്ങളില്‍ നിന്നായി 9,500ല്‍ അധികം താരങ്ങള്‍ 49 വേദികളില്‍ രണ്ടാഴ്ചയായി നടക്കുന്ന ഏഷ്യന്‍ കായികമാമാങ്കത്തില്‍ കരുത്തുതെളിയിക്കും.
മെഡലിനായുള്ള പോരാട്ടങ്ങള്‍ ശഇന്ന് തുടങ്ങും. 516 കായികതാരങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കഴിഞ്ഞ ഗെയിംസിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടം തിരുത്തുന്ന പ്രകടനത്തിനാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.