National
മംഗള്‍യാന്‍: നാള്‍വഴികളിലൂടെ
ബംഗളുരു: മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ആദ്യ ചൊവ്വാ ദൗത്യം വിജയിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. പറന്നുയര്‍ന്ന് പത്തുമാസങ്ങള്‍ക്ക് ശേഷമാണ് ആ ചരിത്ര മുഹൂര്‍ത്തം പിറന്നത്. മംഗള്‍യാന്‍ യാത്രയുടെ നാള്‍വഴികളിലൂടെ…
* 2013 നവംബര്‍ 5: പിഎസ്എല്‍വി സി 25 വിക്ഷേപണ വാഹനത്തില്‍ മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു.
* ഡിസംബര്‍ 1: 26 ദിവസത്തിനു ശേഷം ഭൗമാന്തരീക്ഷം വിട്ട് സൗരവലയത്തിലേക്ക് മംഗള്‍യാന്‍ കടന്നു. ഇതിനു ശേഷമുള്ള നിയന്ത്രണം ഏറെ നിര്‍ണായകമായിരുന്നു.
* 2014 ഏപ്രില്‍ 10: ആകെ സഞ്ചരിക്കേണ്ടതിന്റെ പകുതി ദൂരം പിന്നിട്ടു.
* ജൂണ്‍ 12: ന്യൂട്ടണ്‍ ലാം എഞ്ചിന്റെ ജ്വലനം വിജയകരമായി പൂര്‍ത്തീകരിച്ചു. പേടകത്തിന്റെ വേഗത മണിക്കൂറില്‍ 100800 കിലോമീറ്ററായി ഉയര്‍ന്നു.
* സെപ്റ്റംബര്‍ 22: ദൗത്യത്തിലെ ഏറെ നിര്‍ണായകമായ ദിനം. പരീക്ഷണ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കി. മെഗള്‍യാന്‍ ചൊവ്വയുടെ സ്വാധീന വലയത്തില്‍ പ്രവേശിച്ചു.
* സെപ്റ്റംബര്‍ 24: മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
ചൊവ്വയുടെ 970 കിലോമീറ്റര്‍ അടുത്തെത്തുന്ന മംഗള്‍യാന്‍ ചൊവ്വയെ വലംവച്ച് വിവരങ്ങള്‍ കൈമാറുകയാകും ചെയ്യുക. ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന നളന്ദ, യമുന എന്നീ കപ്പലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന റിസീവിങ് യൂണിറ്റുകളിലും പോര്‍ട്ട് ബ്ലെയര്‍, ബ്രൂണെ, കര്‍ണാടകയിലെ ബ്യാലലൂ എന്നീ കേന്ദ്രങ്ങളിലുമാണ് പേടകത്തെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും.