National
ചൊവ്വയെ തൊട്ട മംഗള്‍യാന്‍: രാജ്യത്തിന്റെ യശസുയര്‍ത്താന്‍ പരിശ്രമിച്ചവര്‍
ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയകരമായതിന്റെ ആഹ്ലാദത്തിലാണ് നമ്മുടെ രാജ്യം. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി പേടകത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകളും ലഭിച്ചു കഴിഞ്ഞു. 300 ദിവസം നീണ്ടു നിന്ന ദൗത്യത്തിനു പുറകില്‍ അഹോരാത്രം പ്രയത്‌നിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞരുണ്ട്.
കെ. രാധാകൃഷ്ണന്‍
ഐ എസ് ആര്‍ ഒ ചെയര്‍മാനായ കെ രാധാകൃഷ്ണനായിരുന്നു ചൊവ്വാ ദൗത്യത്തിന്റെ പ്രധാന ചുമതല.
എം അണ്ണാദുരൈ
മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ പ്രോഗ്രാം ഡയറക്ടറാണ് അണ്ണാദുരൈ. മംഗള്‍യാന്റെ സാമ്പത്തിക നിയന്ത്രണവും ചൊവ്വാ ദൗത്യത്തിന്റെ വിശദപദ്ധതിയും ഇദ്ദേഹത്തിന്റെ ചുമതലയായിരുന്നു.
എസ് രാമകൃഷ്ണന്‍
വിക്രംസാരാഭായ് സ്‌പേസ് സെന്ററര്‍ ഡയറക്ടര്‍. മംഗള്‍യാന്‍ പേടകത്തെ വഹിക്കുന്ന റോക്കറ്റിന്റെ ചുമതല.
എസ് കെ ശിവകുമാര്‍
ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍. 1976ല്‍ ഐ എസ് ആര്‍ ഒയില്‍ ചേര്‍ന്ന ശിവകുമാര്‍ ഇന്ത്യയുടെ നിരവധി കൃത്രിമോപഗ്രഹ ദൗത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. മംഗള്‍യാന് ആവശ്യമായ സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ നിര്‍മാണമാണ് ശിവകുമാറിന്റെ പ്രധാന ഉത്തരവാദിത്വം. “ഞങ്ങളുടെ കുഞ്ഞ് ഇപ്പോള്‍ ബഹിരാകാശത്താണ്. സിസേറിയന് തുല്യമായ മാനസികാവസ്ഥയിലാണ് ഞങ്ങളെല്ലാവരും” എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
പി കുഞ്ഞികൃഷ്ണന്‍
പി എസ് എല്‍ വി പ്രൊജക്ട് ഡയറക്ടര്‍. മംഗള്‍യാനെ വഹിക്കുന്ന റോക്കറ്റ് ദിശതെറ്റാതെ സഞ്ചരിക്കേണ്ടതും സാറ്റലൈറ്റ് കൃത്യസമയത്ത് പ്രവര്‍ത്തിക്കേണ്ടതും അദ്ദേഹത്തിനു കീഴിലുള്ള സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു.
എം സി ദത്തന്‍
ലിക്വഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ ഡയറക്ടര്‍. എസ് എല്‍ വി 3 ദൗത്യത്തിന്റെ രൂപകല്‍പ്പനയിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
എ എസ് കിരണ്‍ കുമാര്‍
സാറ്റലൈറ്റ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍. മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ, മീഥെയ്ന്‍ സെന്‍സര്‍, തെര്‍മര്‍ ഇമാജിംഗ് സ്‌പെക്ടോമീറ്റര്‍ എന്നിവ നിര്‍മിച്ചത് കിരണ്‍ കുമാറിന് കീഴിലുള്ള സംഘമാണ്.
എം വൈ എസ് പ്രസാദ്
സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടറും ലോഞ്ച് ഓഥറൈസേഷന്‍ ബോര്‍ഡ് ചെയര്‍മാനും. മംഗള്‍യാന്റെ സുരക്ഷയും പൊതുആസൂത്രണവും റോക്കറ്റ് ഭാഗത്തിന്റെ ചുമതലയും പ്രസാദിനാണ്.
എസ് അരുണന്‍
മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ പ്രൊജക്ട് ഡയറക്ടര്‍. മംഗള്‍യാന്‍ ദൗത്യത്തില്‍ ആശയവിനിമയം തടസപ്പെടാതെ സൂക്ഷിക്കുകയെന്നതായിരുന്നു അരുണന്റെ പ്രധാന ചുമതല.
ബി ജയകുമാര്‍
പി എസ് എല്‍.വിയുടെ അസോസിയേറ്റ് പ്രൊജക്ട് ഡറക്ടറായിരുന്നു. മംഗള്‍യാന്റെ റോക്കറ്റിന്റെ അവസാന ഘട്ടത്തിലെ പരിശോധനയുടെ ചുമതലക്കാരന്‍
എം എസ് പനീര്‍ശെല്‍വം
ശ്രീഹരിക്കോട്ടയിലെ റേഞ്ച് ഓപ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍. ഓരോ ഘട്ടവും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് പനീര്‍ശെല്‍വത്തിന്റെ ചുമതല.