National
മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ ആദ്യചിത്രം പുറത്തുവിട്ടു
ബംഗളുരു: മംഗള്‍യാന്‍ എടുത്ത ചൊവ്വയില്‍ നിന്നുള്ള ആദ്യ ദൃശ്യം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്.മംഗള്‍യാന്‍ എടുത്ത ചിത്രങ്ങളിലെ ഒരു ചിത്രമാണ് പുറത്തുവിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്‌ഐര്‍ഒ ഉടന്‍ പുറത്തുവിടും.
ഐഎസ്ആര്‍ഒയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. മംഗള്‍യാനിലെ മാഴ്‌സ് കളര്‍ ക്യാമറയാണ് ചിത്രങ്ങളെടുക്കുന്നത്. മംഗള്‍യാന്‍ ചൊവ്വയുടെ 340 കിലോമീറ്റര്‍ വരെ അടുത്തെത്തുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. രാവിലെ 7.17നാണ് മംഗള്‍യാനെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പേടകത്തിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ 24 മിനുട്ട് ജ്വലിപ്പിച്ച് 7.41നാണ് മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജ്വലനത്തിനൊടുവില്‍ സെക്കന്‍ഡില്‍ 1.1 കിലോമീറ്ററായി വേഗത കുറച്ചാണ് മംഗള്‍യാനെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചത്. 8.05ന് ആസ്‌ത്രേലിയയിലെ കാന്‍ബറയിലെ സ്റ്റേഷനില്‍ പേടകത്തില്‍ നിന്ന് രണ്ട് തവണ സിഗ്‌നല്‍ ലഭിച്ചതോടെ പേടകം ചൊവ്വയെ ചുറ്റുന്നതായി ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചു. ഇതോടെ പ്രഥമ ചൊവ്വാ ദൗത്യത്തില്‍ത്തന്നെ വിജയം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.