Connect with us

Articles

ഹജ്ജിന്റെ രാവില്‍ ഞാന്‍...

Published

|

Last Updated

ദുല്‍ഹജ്ജ് മാസം നൂറു കൂട്ടം ഓര്‍മകളുമായാണ് കടന്നുവരുന്നത്. മുഖ്യമായത് ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും സ്മരണകള്‍ തന്നെ. ത്വവാഫും സഅ്‌യും സംസവും മഖാമു ഇബ്‌റാഹീമും മിനയും മാത്രമല്ല “മുസ്‌ലിം” എന്ന നാമകരണം പോലും ചെന്നെത്തുന്നത് ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ) ആണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു.” നിങ്ങള്‍ക്ക് മുസ്‌ലിം എന്നു പേരിട്ടത് ഇബ്‌റാഹീം നബി (അ) യാണ് (സൂറ: അല്‍ ഹജ്ജ് – 78)
ലോകത്ത് അനീതിയും അധര്‍മവും ശക്തി പ്രാപിച്ചപ്പോഴെല്ലാം പ്രവാചകര്‍ നിയോഗിതരായിട്ടുണ്ട്. ഇരുട്ടിനെ വാരിപ്പുണര്‍ന്നിരുന്ന അവര്‍ ദൈവദൂതന്മാരോട് പുറംതിരിഞ്ഞു നില്‍ക്കുകയും, അക്രമങ്ങള്‍ അഴിച്ചുവിടുകയുമാണുണ്ടായത്. ഇത്തരം ഘട്ടങ്ങളില്‍ അസാമാന്യമായ മനക്കരുത്തോടെ ഉറച്ചു നിന്ന അഞ്ച് നബിമാരാണ് ഉലുല്‍ അസ്മുകള്‍ എന്ന പ്രത്യേക പേരില്‍ അറിയപ്പെട്ടത്. മുഹമ്മദ് നബി(സ) കഴിഞ്ഞാല്‍ ഇക്കൂട്ടത്തില്‍ അതിപ്രധാനി ഹസ്രത്ത് ഇബ്‌റാഹീം നബി (അ)യാണ്. അവരെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ വിശദീകരിക്കുന്നു: ” ഇബ്‌റാഹീമിനെ തന്റെ രക്ഷിതാവ് ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. അതെല്ലാം അതിജീവിച്ചപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു. ഞാന്‍ താങ്കളെ മാതൃകാ പുരുഷനായി തിരഞ്ഞെടുത്തിരിക്കുന്നു. (അല്‍ബഖറ: 130)
അടിയുറച്ച വിശ്വാസവും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠയുമാണ് ഹജ്ജ് കര്‍മങ്ങളും ബലി പെരുന്നാളും ലോകത്തോട് ഉദ്‌ഘോഷിക്കുന്നത്. അന്ത്യ പ്രവാചകര്‍ മുഹമ്മദ് (സ) ഇബ്‌റാഹീം നബി (അ) യെ കുറിച്ച സ്തുതി പറയാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു ” ഞാന്‍ ഇബ്‌റാഹീം നബി (അ)യുടെ പ്രാര്‍ഥനയാണ്” (മുസ്‌നദ് അഹ്മദ്). അവിടുന്ന് അനുസ്മരിക്കുന്നു “എല്ലാ നബിമാര്‍ക്കും സഹായികളുണ്ട്. എന്റെ സഹായി എന്റെ പിതാവും എന്റെയും എന്റെ റബ്ബിന്റെയും ഖലീലുമാണ്. (ഹദീസ്) ഇബ്‌റാഹീം (അ)ന്റെ പ്രാര്‍ഥനയുടെ ഫലമാണ് സത്യത്തില്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ആഗമനം. കഅ്ബാ ശരീഫിന്റെ പുനര്‍നിര്‍മാണം കഴിഞ്ഞ ശേഷം അവര്‍ പ്രാര്‍ഥിക്കുകയുണ്ടായി “അല്ലാഹുവേ, നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും ഗ്രന്ഥവും നിയമവും പഠിപ്പിച്ചുകൊടുക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നിന്ന് തന്നെ ഇവര്‍ക്ക് നീ അയച്ചു കൊടുക്കണമേ (അല്‍ ബഖറ- 129) ഒരു നിയോഗമെന്നോണം ഈ പ്രാര്‍ഥന കഴിഞ്ഞ് രണ്ടായിരം വര്‍ഷം പിന്നിട്ടപ്പോഴാണ് തിരു നബിയുടെ ജന്മം.
വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധങ്ങളെ ഒന്നുകൂടി ദൃഢീകരിക്കുന്നു. ഇബ്‌റാഹീം നബിയോട് ഏറ്റവും ബന്ധപ്പെട്ടവര്‍ അവരെ പിന്‍പറ്റിയവരും ഈ നബിയും (മുഹമ്മദ് .സ ) വിശ്വാസികളുമാണ്. (ആലു ഇംറാന്‍ 68) മാത്രമല്ല, മുസ്‌ലിം ലോകം അഞ്ച് നേരങ്ങളിലും തിരുനബി (സ) യൊടൊപ്പം നിസ്‌കാരങ്ങളില്‍ ഹസ്‌റത്ത് ഇബ്‌റാഹീം നബിയേയും ഓര്‍ക്കുന്നു. 35 സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബിയെ കുറിച്ച് പറഞ്ഞ ഖുര്‍ആന്‍ സൂറ: അല്‍ ബഖറയില്‍ മാത്രം 15 സ്ഥലങ്ങളില്‍ ഈ നബിയെ പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌റാഹീം (അ) ഒരു വ്യക്തിയല്ല. സമൂഹത്തിന്റെ മൊത്തം വീര്യമുള്‍ക്കൊള്ളുന്ന ഒരു സമൂഹമാണ് (അന്നഹ്ല്‍ 120) പ്രലോഭനങ്ങള്‍ക്കോ, പ്രകോപനങ്ങള്‍ക്കോ വഴങ്ങാതെ, വെളിച്ചത്തിന്റെ ശത്രുക്കള്‍ക്കെതിരെ പൊരുതാനുള്ള കരളുറപ്പ് വിശ്വാസികള്‍ നേടേണ്ടതുണ്ട്. വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാനും പൈശാചികതയെ ചെറുത്തു തോല്‍പ്പിക്കാനും ഇബ്‌റാഹീമീ സ്മരണകള്‍ വലിയ സ്വാധീനം ചെലുത്തും. ആ നബിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കല്ലുകള്‍ പോലും സ്മരിക്കപ്പെടണം. അല്ല, അതൊരു നിസ്‌കാരസ്ഥലമായി കാലാകാലം നിലനിര്‍ത്തപ്പെടണം. വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചു: ഇബ്‌റാഹീം മഖാമിനെ നിങ്ങള്‍ ഒരു നിസ്‌കാര സ്ഥലമായി നിലനിര്‍ത്തുവീന്‍ (അല്‍ ബഖറ :125)
ഹജ്ജ് കര്‍മം മാത്രമല്ല കര്‍മങ്ങളില്‍ അതിശ്രേഷ്ഠമായ നിസ്‌കാരം ഈ ഭുമുഖത്ത് നിലനിര്‍ത്തപ്പെടുന്നതും ഇബ്‌റാഹീം നബിയുടെ പ്രതേൃക പ്രാര്‍ഥനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടന്ന് പ്രാര്‍ഥിച്ചു. അല്ലാഹുവേ എന്നെയും എന്റെ സന്താന പമ്പരകളേയും നിസ്‌കാരം കൃത്യമായി നിലനിര്‍ത്തുന്നവരില്‍ നീ ഉള്‍പ്പെടുത്തേണമേ (സൂറ ഇബ്രഹീം 40) മകന്‍ ഇസ്മാഈല്‍ നബി പരമ്പരയില്‍ ഈ പ്രാര്‍ഥന കഴിഞ്ഞ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ ഇന്നും 24 മണിക്കൂറും നിസ്‌കാരത്തിലേക്കുള്ള നിരന്തര ക്ഷണം (ബാങ്ക്) ലോകത്ത് മുഴങ്ങിക്കൊണ്ടിരിക്കുന്നു. റബ്ബിന്റെ കല്‍പ്പന അക്ഷരാര്‍ഥത്തില്‍ സ്വീകരിച്ച് ഭാര്യ ഹാജറ ബീവിയേയും മകന്‍ ഇസ്മാഈല്‍ നബിയേയും വിജനമായ മക്കാ മരുഭൂമിയില്‍ താമസിപ്പിച്ച ശേഷം അവിടുന്ന് നടത്തിയ പ്രാര്‍ഥന ശ്രദ്ധേയമാണ്. “അല്ലാഹുവേ ജനഹൃദയങ്ങളെ നീ അവരിലേക്ക് തിരിച്ചു വിടേണമേ” (സൂറ ഇബ്രഹീം 37) ഹജ്ജ് സീസണിലും അല്ലാതെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നും അനേകലക്ഷങ്ങള്‍ കാലവ്യത്യാസമില്ലാതെ അങ്ങോട്ട് യാത്ര ചെയ്യുകയാണല്ലോ. മേല്‍ പറഞ്ഞ പ്രാര്‍ഥന ഫലമായാണിത്. ഇങ്ങനെ എത്തിപ്പെടുന്ന വിശ്വസികള്‍ക്കാവശ്യമുള്ള പാന ജലവും പഴവര്‍ഗങ്ങളും ഇന്ന് മക്കയിലും പരിസരങ്ങളിലും സുലഭമാണ്. ഇങ്ങനെ ലക്ഷങ്ങള്‍ ഒത്തുകൂടുമ്പോഴും ക്രമസമാധാനം തകരുന്നില്ല. ഇബ്‌റാഹീം നബി (അ) നാല് സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ചെയ്ത പ്രാര്‍ഥനയുടെ മധുരഫലങ്ങളാണിതെല്ലാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ” ഇബ്‌റാഹീം നബി തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചു: “ഈ നാടിനെ നീ ഒരു അഭയകേന്ദ്രമാക്കണേ, വിശ്വാസികളായ ഈ നാട്ടുകാര്‍ക്ക് നി പഴവര്‍ഗങ്ങള്‍ ഭക്ഷിപ്പിക്കേണമേ” (അല്‍ബഖറ 126)
മനുഷ്യ വംശത്തിന്റെ സകലമാന പുരോഗതികള്‍ക്കും തടസ്സം നില്‍ക്കുന്ന പിശാചിനെ ആട്ടിയോടിക്കേണ്ടത് സര്‍വ മുസല്‍മാന്റെയും അനിവാര്യതയാണ്. റബ്ബിന്റെ കല്‍പ്പനയെ സസന്തോഷം സ്വീകരിച്ച മകനെയും കൊണ്ട് മിനായിലെത്തിയ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ)യെ പോലും പിന്തിരിപ്പിക്കാന്‍ ഇബ്‌ലീസിന്റെ ശ്രമമുണ്ടായി. അന്ന് കല്ലെറിഞ്ഞ് ഇബ്‌ലീസിനെ ഓടിച്ച അതേ സ്ഥലങ്ങളില്‍ ലോകാവസാനം വരെയുള്ള വിശ്വാസികള്‍ എത്തണമെന്നാണ് റബ്ബിന്റെ തീരുമാനം. സ്വശരീരത്തിലെ പൈശാചികതയെ തൂത്തെറിയാന്‍ ലോക മുസ്‌ലിംകള്‍ വര്‍ഷാവര്‍ഷങ്ങളായി മിനയിലെത്തുകയാണ്. റബ്ബിന് വേണ്ടി സര്‍വതും ബലിയര്‍പ്പിക്കാന്‍ തയാറായ ആ സംഭവത്തിന്റെ അനുസ്മരണമാണല്ലോ ഉള്ഹിയ്യത്ത്. (ബലികര്‍മം)തിരുനബി (സ) സ്വന്തം കൈ കൊണ്ട് തന്നെ നൂറ് മൃഗങ്ങളെ അറുത്തുകൊണ്ട് തന്റെ പിതാമഹനെ അനുസ്മരിക്കുകയും വരാനിരിക്കുന്ന ഈ ഉമ്മത്തിന് സമര്‍പ്പിക്കുകയുമായിരുന്നു.
വിശുദ്ധ കഅ്ബാലയത്തിന്റെ പുനരുദ്ധാനം കഴിഞ്ഞ ശേഷം ഇബ്‌റാഹീം നബി (അ)യോട് അല്ലാഹുകല്‍പ്പിച്ചു. “ജനങ്ങളെ മുഴുവന്‍ ഹജ്ജിന് ക്ഷണിക്കുക” (സൂറത്തുല്‍ ഹജ്ജ് 27) ലോകത്തിന്റെ നാനാ മുക്കില്‍ നിന്നും “ലബ്ബൈക” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ വിളിക്കുത്തരം നല്‍കി കഅ്ബാലയം ലക്ഷ്യം വെച്ച് നീങ്ങുകയാണ്. ചുരുക്കത്തില്‍ ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ)യെ അനുസ്മരിക്കാതെ നിസ്‌കാരമോ ബാങ്കോ തല്‍ബിയത്തോ ത്വവാഫോ കല്ലേറോ സാധ്യമല്ല. അവിടുത്തെ പ്രിയപത്‌നി ഹാജറ ഉമ്മയെ അനുസ്മരിക്കാതെ സഫാ മര്‍വക്കിടയില്‍ നടക്കാന്‍ (സഅ്‌യ്) സാധ്യമല്ല. പ്രിയ പുത്രന്‍ ഇസ്മാഈല്‍ നബി (അ)യെ അനുസ്മരിക്കാതെ സംസം കുടിക്കാനോ ബലിയറുക്കാനോ കഴിയില്ല. “നിങ്ങള്‍ ഇബ്‌റാഹീം നബിയുടെ മാര്‍ഗം അവലംബിക്കുക” (സൂറ. നഹ്ല്‍-123)എന്ന ഖൂര്‍ആന്‍ വചനം അഗ്നിപരീക്ഷണത്തിനും തീക്ഷ്ണമായ ത്യാഗത്തിനും വിശ്വാസികള്‍ തയ്യാറാകണമെന്ന ഉദ്‌ബോധനം കൂടിയാണ്. ഹജ്ജ് കര്‍മങ്ങളും ബലിയും പെരുന്നാളുമെല്ലാം മുസ്‌ലിം ലോകത്തിന് നല്‍കുന്ന സന്ദേശവും ഇതു തന്നെ.