National
ലാലു, റശീദ് മസൂദ്, ഇപ്പോള്‍ ജയലളിതയും...
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിയാണ് ജയലളിതയുടെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ പടര്‍ത്തയത്. ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ കെ പട്‌നായിക്, എസ് ജെ മുഖോപധ്യായ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. ഈ വിധി പ്രകാരം രണ്ടോ അതിലധികമോ വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നവരുടെ നിയമസഭാ, പാര്‍ലിമെന്റ് അംഗത്വം നഷ്ടമാകും.
ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പാണ് കോടതി റദ്ദ് ചെയ്തത്. ഈ വകുപ്പ് അനുസരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയ ജനപ്രതിനിധികള്‍ക്ക് അവര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ തീരുമാനമാകുന്നത് വരെ തത്സ്ഥാനത്ത് തുടരാമായിരുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് കുറ്റക്കാരെന്ന് കോടതി കണ്ടെത്തുന്ന ദിവസം മുതല്‍ ജനപ്രതിനിധികള്‍ക്ക് പദവിയും പ്രത്യേക അവകാശവും നഷ്ടമാകുന്ന സ്ഥിതി വന്നു. സന്നദ്ധ സംഘടനയായ ലോക് പ്രഹരിയുടെ സെക്രട്ടറി എസ് എന്‍ ശുക്ല, ലിലി തോമസ് എന്നിവര്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
പിന്നീട് ഈ വിധി മയപ്പെടുത്താന്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ആ ഉദ്യമം ഉപേക്ഷിച്ചു. ഈ വിധിയില്‍ ആദ്യമായി അയോഗ്യനായത് യു പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എം പി റശീദ് മസൂദ് ആയിരുന്നു. പിന്നീട് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനും എം പി സ്ഥാനം പോയി. അതേ കേസില്‍ ആര്‍ ജെ ഡിയുടെ തന്നെ നേതാവായ ജഗദീശ് ശര്‍മയും അയോഗ്യനായി. ഇതാദ്യമായാണ് ഈ വിധിയുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധിക്ക് മേല്‍ അയോഗ്യത പതിക്കുന്നത്.