Ongoing News
ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി: ചൈന ചാമ്പ്യന്‍മാര്‍
ഇഞ്ചിയോണ്‍: ഏഷ്യന്‍ വന്‍കരയുടെ കായിക പ്രതിഭകള്‍ നിറഞ്ഞാടിയ 15 ദിനങ്ങളുടെ കായിക മാമാങ്കത്തിന് വിരാമമിട്ട് പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി. 151 സ്വര്‍ണം ഉള്‍പ്പെടെ 342 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 79 സ്വര്‍ണമടക്കം 234 മെഡലുകളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനവും 47 സ്വര്‍ണമുള്‍പ്പെടെ 200 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനവും നേടി. 11 സ്വര്‍ണവും 9 വെള്ളിയും 37 വെങ്കലവുമായി ആകെ 57 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്.
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. ഡാന്‍സ് കമ്പനിയുടെ ഏഷ്യന്‍ ബ്ലോസംഡ് വിത്ത് ഡ്രീംസ് എന്ന നൃത്ത ശില്‍പമാണ് സമാപന ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത്. ദക്ഷിണ കൊറിയയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതിയ ഏഷ്യാ ദി ഹാര്‍ട്ട് ഓഫ് പീസ് എന്ന നൃത്ത ശില്‍പവും ദക്ഷിണ കൊറിയന്‍ ആയോധന കലകളുടെ പ്രദര്‍ശനവും സമാപന ചടങ്ങിന് മിഴിവേകി.
ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി യുങ് ഹോങ് വോണ്‍, ഇഞ്ചിയോണ്‍ മേയര്‍ സോങ് യങ് ഗില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.