Connect with us

Articles

ഭക്ഷ്യ വസ്തുക്കളിലെ വിഷാംശവും പരിഭ്രാന്തിയും

Published

|

Last Updated

മലയാളി ഇന്ന് ഭക്ഷണത്തിനിരിക്കുന്നത് ആശങ്കയുടെ മുന്നിലാണ്. വിഷലിപ്തമാണോ ഈ ഭക്ഷണം? എന്‍ഡോസള്‍ഫാന്റെ വിഷ1ത്തുള്ളികളാണോ അകത്താക്കുന്നത്? ഇങ്ങനെ പോകുന്നു അലട്ടുന്ന പ്രശ്‌നങ്ങള്‍. കേരളത്തില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട 15 ഇനം പച്ചക്കറികളില്‍ മാരകമായ വിഷാംശം കലര്‍ന്നിട്ടുള്ളതായി തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍ പൊതുവേ ഇന്ന് വിഷാംശം ഇല്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഇല്ലെന്നതാണ്. എന്താണ് കീടനാശിനി? കീടനാശിനിയുടെ അവശിഷ്ട വിഷാംശം എങ്ങനെ ഭക്ഷ്യ വസ്തുക്കളിലിടം പിടിക്കുന്നു? ഇവയെക്കുറിച്ചുള്ള ശരിയായ അവബോധം ആവശ്യമാണ്. ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പ്രയോഗിക്കുന്ന രാസവസ്തുക്കളാണ് കീടനാശിനികള്‍. കീടാക്രമണം ചെടിയുടെ വളര്‍ച്ചയുടെ ഏത് ഘട്ടത്തിലും ഉണ്ടാകാം. ഇതിനെതിരെയാണ് കീടനാശിനികള്‍ പ്രയോഗിക്കുന്നത്. ഇതിന് പുറമെ ഗോഡൗണുകളില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ട്. കീടനാശിനി പ്രയോഗം കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിന് ശേഷം ചെടിയിലോ ചുറ്റുപാടുകളിലോ തങ്ങി നില്‍ക്കുന്ന കീടനാശിനിയും അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളും ചേര്‍ന്ന് ഉണ്ടാകുന്നതാണ് അവശിഷ്ട വിഷാംശം. കീടനാശിനി പ്രയോഗം ചെടിയില്‍ കായ് പിടിച്ച് തുടങ്ങുമ്പോഴോ അതിന് ശേഷമോ ആകുന്നുവെങ്കില്‍ അവശിഷ്ട വിഷാംശത്തിന്റെ സാന്നിധ്യം തള്ളികളയാനാകില്ല. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം പരമാവധി അവശിഷ്ട പരിധി ഓരോ കീടനാശിനിക്കും ഓരോ ഭക്ഷ്യ വസ്തുക്കളിലും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ശരിയായ കൃഷി മുറയുടെ ഭാഗമായി ചെടികളില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ പരമാവധി അവശിഷ്ട വിഷാംശത്തിന്റെ തോത് ആണ് മാക്‌സിമം റെസിഡൂ ലിമിറ്റ് (എം ആര്‍ എല്‍) സൂചിപ്പിക്കുന്നത്. ഇങ്ങനെ ഓരോ കീടനാശിനിക്കും ഓരോ വിളയിലും എം ആര്‍ എല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ അവശിഷ്ട വിഷാംശം പരിധിക്ക് മുകളിലായാല്‍ അത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് കണക്കിലെടുത്താണ് കേന്ദ്ര കൃഷി മന്ത്രാലയം 1984-85 കാലഘട്ടത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ സി എ ആര്‍) അഖിലേന്ത്യാ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പദ്ധതി വെള്ളായണി കാര്‍ഷിക കോളജില്‍ തുടങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ കൃഷി രീതികള്‍ക്കായി സുരക്ഷിത കീടനാശിനി ഉപയോഗിക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, പരിസ്ഥി ഘടകങ്ങളിലെ കീടനാശിനിയുടെ അവശിഷ്ട വിഷാംശം കണ്ടെത്തുക എന്നിവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍. കൂടാതെ ഈ സ്ഥാപനത്തിന്റെ സേവനം അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ന്യായമായ ഫീസ് നല്‍കി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ ധനസഹായത്തോടെ ഭക്ഷ്യ വസ്തുക്കളിലെ അവശിഷ്ട വിഷാംശം പരിശോധിക്കുന്നതിന് മറ്റൊരു പദ്ധതിയും 2006 മുതല്‍ കേരള കാര്‍ഷിക സര്‍വകാലാശാലയില്‍ നടന്നുവരുന്നുണ്ട്. ഈ പദ്ധതി പ്രകാരം വിപണിയില്‍ ലഭിക്കുന്നതും കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്നതുമായ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, ഏലം, കുരുമുളക്, തേന്‍, കൂണ്‍, വെണ്ണ, മത്സ്യമാംസാദികള്‍ തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങളെ പറ്റി പഠനവും നടന്നുവരുന്നു. ഇങ്ങനെ പരിശോധിച്ച സാമ്പിളുകളില്‍ നിന്നും ഏറ്റവും വിഷാംശം കണ്ടെത്തിയിട്ടുള്ളത് ഏലക്കയിലാണ്. 2009-10 കാലഘട്ടത്തില്‍ പരിശോധിച്ച ഏലക്കാ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍, ക്വിനാല്‍ഫോസ്, സൈപ്പര്‍മെത്രിന്‍, ട്രയാസോഫോസ്, പ്രൊഫെനോഫോസ്, എത്തയോണ്‍, ലാംഡാ സൈഹാലോത്രിന്‍, മാലത്തയോണ്‍, സൈഫഌത്രിന്‍ ക്ലോര്‍പൈറിഫോസ് തുടങ്ങിയ വലിയ അപകടകാരികളായ കീടനാശിനികളാണ് കണ്ടെത്തിയത്. എന്നാല്‍ 2010-11 ആയപ്പോഴേക്കും ഇത് ക്രമേണ കുറഞ്ഞതായി ഇവിടെ തന്നെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞു എന്നത് ആശ്വാസം നല്‍കുന്നു. എന്നാല്‍ അരി, ഗോതമ്പ് തുടങ്ങിയവയിലെ കീടനാശിനിയുടെ വിഷാംശ സാന്നിധ്യം ആശങ്ക ജനിപ്പിക്കും വിധത്തിലാണ്. 2009-10, 2011-12 കാലയവില്‍ പരിശോധിച്ച 21.67 ശതമാനം, 18.33 ശതമാനം അരിയുടെ സാമ്പിളുകളിലും കീടനാശിനികളുടെ വിഷാംശം കണ്ടെത്തി. എന്നാല്‍ 16.67 ശതമാനവും 15 ശതമാനവും സാമ്പിളുകള്‍ മാത്രമേ പരമാവധി അവശിഷ്ട പരിധിക്ക് മുകളിലായി വരുന്നുള്ളൂ. ഗോതമ്പിന്റെ കാര്യവും ഇത് പോലെ തന്നെ. അടുത്തടുത്ത മൂന്ന് വര്‍ഷങ്ങളില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 8.33-15 ശതമാനം വരെ വിഷാംശം ഗോതമ്പില്‍ കണ്ടെത്തുകയുണ്ടായി. ഗോതമ്പിന്റെ സംഭരണ കേന്ദ്രങ്ങളിലോ ചെറുകിട ഗോഡൗണുകളിലോ കീടങ്ങളുടെ നിയന്ത്രണത്തിനാണ് കീടനാശിനികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണുകളിലും സ്വകാര്യ ഗോഡൗണുകളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് ഈയടുത്തായി നടത്തിയ പഠനങ്ങളും തെളിയിക്കുന്നുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന പച്ചക്കറികളില്‍ മാരകമായ തോതില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും അവസാനമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തില്‍ കണ്ടെത്തിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പച്ചക്കറികളിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. കാബേജ്, കോളിഫഌവര്‍, ബീന്‍സ്, അമര, കത്തിരി, തക്കാളി, വെണ്ട തുടങ്ങിയ ഇനങ്ങളിലാണ് മാരകമായ തോതില്‍ വിഷാംശം കണ്ടെത്തിയത്. എന്നാല്‍ തീന്‍ മേശയില്‍ വിളമ്പുന്ന പച്ചക്കറികള്‍ക്ക് മുക്കാല്‍ ശതമാനവും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് ഇത് ഭക്ഷിക്കുകയല്ലാതെ നിവൃത്തിയില്ല.

എങ്ങനെ കുറക്കാം?

1. പഴവര്‍ഗങ്ങളും പച്ചക്കറികളും വെള്ളത്തില്‍ നല്ലതുപോലെ ഉരച്ച് കഴുകുക.
2. വാളന്‍ പുളി വെള്ളം, വിനാഗിരി എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ലായനിയില്‍ 20 മിനിട്ട് മുക്കിവെച്ച ശേഷം ശുദ്ധജലത്തില്‍ നന്നായി കഴുകിയെടുക്കുക.
3. തൊലി കളയാവുന്ന പഴവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ തോലി പൂര്‍ണമായും ചെത്തി ഉപയോഗിക്കുക.
4. മുളക്, തക്കാളി, കത്തിരി തുടങ്ങിയവയുടെ ഞെട്ട് കളഞ്ഞ് ഉപയോഗിക്കുക.
5. കാബേജിന്റെ മുകളിലെ നാല് ഇതളെങ്കിലും നീക്കം ചെയ്യുക.