Connect with us

International

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പാട്രിക് മൊദിയാനോയ്ക്ക്

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഫ്രഞ്ച് സാഹിത്യത്തിലെ അതികായന്‍ പാട്രിക് മൊദിയാനോക്ക് 2014ലെ സാഹിത്യ നൊബേല്‍. ഓര്‍മ എന്ന സങ്കല്‍പ്പത്തെ അതിമനോഹരമായി ചിത്രീകരിക്കുകയും ഇതിലൂടെ മനുഷ്യന്റെ പിടികൊടുക്കാത്ത അസ്ഥിത്വത്തെ എഴുത്തിലൂടെ എടുത്തുകാണിക്കുകയും വഴി വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരനാണ് പാട്രിക്.
മിസിംഗ് പേഴ്‌സണ്‍, എ ട്രെയ്‌സ് ഓഫ് മലീസ്, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക്, ഡോറ ബ്രൂഡര്‍, കാതറീന്‍ സെര്‍റ്റിറ്റിയൂഡ്, ദ സെര്‍ച്ച് വാറണ്ട്, ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മൊദിയാനോ 1945 ജൂലൈ മുപ്പതിന് പാരീസിലാണ് ജനിച്ചത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ശേഷം പാരീസിലെ ലെയ്‌സീ ഹെന്റിയിലായിരുന്നു പിന്നീടുള്ള പഠനം. ഇവിടത്തെ അധ്യാപകനായിരുന്ന റെയ്മണ്ട് ക്യൂനു പാട്രികിലെ പ്രതിഭയെ വളര്‍ത്തിയെടുക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1968ല്‍ ആദ്യ നോവല്‍ ലാ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പഴയ അഭിമുഖങ്ങള്‍, പത്രങ്ങളിലെ ലേഖനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിച്ച ഊര്‍ജത്തിലായിരുന്നു പലപ്പോഴും എഴുത്ത് മുന്നോട്ടുപോയത്. 1997ല്‍ ദോറാ ബ്രൂഡര്‍ എന്ന നോവല്‍ പുറത്തിറങ്ങി. ഹോളോകോസ്റ്റിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഈ നോവല്‍ എഴുതുന്നത്.
സ്മൃതി, വിസ്മൃതി, അസ്തിത്വം, കുറ്റബോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. മിക്കവാറും എല്ലാ പുസ്തകങ്ങളിലും പാരീസ് നഗരം ഒരു പ്രധാന ബിംബമായിരുന്നു. മിസ്സിംഗ് പേഴ്‌സണാണ് പാട്രികിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഓര്‍മ നഷ്ടപ്പെടുന്ന ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന ഈ നോവല്‍ വളരെ പ്രശസ്തമാണ്. ഓസ്ട്രിയന്‍ സ്‌റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രിക്‌സ് മോണ്ടിയല്‍ സിനോ ദെല്‍ ഡുക, പ്രിക്‌സ് ഗോണ്‍കോര്‍ട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.