Articles
നിയമപരിജ്ഞാനം സാമൂഹിക മാറ്റത്തിന്
ജനനം മുതല്‍ മരണം വരെയും അതിന് ശേഷവും നിങ്ങളെ അനുധാവനം ചെയ്യുന്ന സവിശേഷമായ ഒരു സ്വഭാവസിദ്ധി നിയമത്തിനുണ്ടെന്ന് പണ്ഡിതനായ ഡെങ്കാന്‍ മെറിറ്റ് നിരീക്ഷിക്കുകയുണ്ടായി. ഒരു പൗരന്റെ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മണ്ഡലങ്ങളെയും അപഗ്രഥന വിധേയമാക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യുന്നതാണ് പരിഷ്‌കൃതവും നാഗരികവുമായ ഏതൊരു നിയമ വ്യവസ്ഥയും. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം, ഗര്‍ഭഛിദ്രം, ജനനം, ജീവിതം, മരണം, മരണാനന്തര അവകാശങ്ങള്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങി സമഗ്രവും കൗതുകകരവുമായ ഒരു ചരടില്‍ കോര്‍ത്തുവെക്കപ്പെട്ടതാണ് നിയമ വാഴ്ചക്കു കീഴിലെ ഒരു പൗരന്റെ ജനിസ്മൃതികള്‍. നിയമമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വിദൂരമായ ഒരു സംഗതിയല്ലെന്നും തങ്ങളെ ജീവിത ബന്ധിയായ ഒരു ഘടകമാണെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു. നിയമം ലംഘിക്കുന്ന ഒരാള്‍ ആ നിയമം തനിക്കജ്ഞാതമായിരുന്നു എന്നു മാത്രം സമാധാനം പറയുന്നത് അപരാധിത്വത്തില്‍ നിന്ന് മുക്തനാകാന്‍ കാരണമല്ലെന്നതാണ് മൗലിക തത്വം.
നിയമം അറിയുക, നിയമത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് നിങ്ങള്‍ സ്വയം പാകപ്പെടുക എന്നത് ഏതൊരു നീതിന്യായ വ്യവസ്ഥയും പൗരന്മാരോട് നിഷ്‌കര്‍ഷിക്കുന്ന മൗലികമായ ഒരാവശ്യമാണ്. നിയമ സാക്ഷരത നല്‍കുക എന്നതിനര്‍ഥം, ഏതൊരു സമൂഹത്തെയും തങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്ന ഉള്‍ക്കാഴ്ച നല്‍കി അവരെ ശക്തരാക്കുക എന്നതാണ്. ഒരു വ്യക്തി, സാമൂഹികാംഗം എന്നീ നിലകളിലുള്ള വ്യക്തിപരവും സാമൂഹികവുമായ അവകാശങ്ങള്‍ സിദ്ധിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക്/സമൂഹത്തിന് തങ്ങളുടെ ജീവിത വ്യവഹാര സംബന്ധിയായ അതിജീവന ശക്തി സ്വന്തമാകുന്നത്.
നിയമ വ്യവസ്ഥയും അതിന്റെ വിവിധ ഉപകരണങ്ങളും പൂര്‍വോപരി ശക്തിയാര്‍ജിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഈ കാലത്തു പോലും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് അതിന്റെ ഗുണഫലം ലഭ്യമാക്കുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. ഇന്ത്യാ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും ജനന സര്‍ട്ടിഫിക്കറ്റോ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളോ സ്വന്തമായി ഇല്ലാത്തവരാണ്. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, വോട്ടവകാശം മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഇത്തരം ജനവിഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും അവകാശ നിഷേധങ്ങളുടെയും ഇരകളായി അവര്‍ മാറുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ആഴത്തിലുള്ളതും ശക്തവുമായ അവബോധം ഇത്തരം സമൂഹങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലൂടെ മാത്രമേ ജീവിതത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ.
രാജ്യത്തെ ദുര്‍ബല, പിന്നാക്ക ജനവിഭാഗങ്ങളെ ഭരണഘടനയുടെ പരിരക്ഷയിലേക്ക് കൊണ്ടുവരുന്നതിലൂടെ അവരെ ശക്തരാക്കുകയും സാമൂഹിക മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയുമാണ് വരാനിരിക്കുന്ന സര്‍ക്കാറുകളുടെ പ്രധാന ദൗത്യമെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നു. കാലാകാലങ്ങളായി ഉച്ച നീചത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകേണ്ടിവന്ന അവരെ ശാക്തീകരിക്കുന്നതിനുള്ള ആയുധം ഇന്ത്യന്‍ ഭരണഘടനയാണെന്ന് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര ശില്‍പികള്‍ വിഭാവനം ചെയ്തു.
ഇന്ത്യന്‍ ഭരണ ഘടനയുടെ ഖണ്ഡം മൂന്ന് വിഭാവനം ചെയ്യുന്ന തുല്യാവകാശ നിയമം (Art. 14 Right to equality) മതം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ തടയുന്ന നിയമം (Art. 15 prohibition of descrimination on ground of relegion) സര്‍ക്കാര്‍ ജോലികള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യാവകാശം നല്‍കുന്ന നിയമം (Ar-t. 16 Equality of opportunity in matters of public employment), തൊട്ടുകൂടായ്മാ നിരോധ നിയം (Art.17 Abolotion of untouchabilitty) ന്യൂനപക്ഷാവകാശ നിയമം (Art. 29 protection of interest of minorities) തുടങ്ങിയവ ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് രാഷ്ട്രം നല്‍കുന്ന പരിരക്ഷയും അവകാശവുമാണ് വിളംബരം ചെയ്യുന്നത്.
രാജ്യത്തെ മുഖ്യധാരാ സാമൂഹിക പരിസരങ്ങളില്‍ നിന്നു പിന്തള്ളപ്പെട്ടുപോയ മുസ്‌ലിം ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിന് ഭരണഘടന വക വെച്ച് നല്‍കുന്ന അവകാശങ്ങളും പരിരക്ഷയും ആയുധമാക്കുക എന്നതാണ് ക്രിയാത്മകമായ ഏക മാര്‍ഗം. ദേശ രാഷ്ട്രത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു പ്രതിബദ്ധ സമൂഹമെന്ന നിലയില്‍ ഭരണഘടനയുടെയും നിയമത്തിന്റെയും പരിരക്ഷകളെ ഉയര്‍ത്തിപ്പിടിക്കുകയും അതിനെ സ്വയം ശാക്തീകരണത്തിന്റെ ഉപകരണമാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലെ മുസ്‌ലിം നേതൃത്വത്തിന് നിര്‍വഹിക്കാനുള്ള സര്‍ഗാത്മക ദൗത്യം. “രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം” എന്ന പ്രമേയത്തെ അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിച്ച് നാല് പതിറ്റാണ്ടോളമായി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഏറ്റെടുത്തു നിര്‍വഹിക്കുന്ന ദൗത്യം രാജ്യത്തെയും സമുദായത്തെയും ഉണര്‍വിന്റെയും ശാക്തീകരണത്തിന്റെയും വഴിയിലേക്ക് നയിക്കുക എന്നതാണ്. ആത്മീയവും ആധുനികവുമായ വിജ്ഞാനങ്ങളുടെ എല്ലാ ശാഖകളും സമ്മേളിക്കുന്ന മര്‍കസ് നോളജ്‌സിറ്റി സാക്ഷാത്കൃതമാകുന്നതിലൂടെ മുസ്‌ലിംകള്‍ ഒരേ സമയം അവരുടെ ജ്ഞാന പാരമ്പര്യത്തെ തിരിച്ചുപിടിക്കുകയും ദേശ പുരോഗതിക്കു വേണ്ടിയുള്ള കനപ്പെട്ട ഒരു സംഭാവന നല്‍കുകയും ചെയ്യുക എന്ന ചരിത്രപരവും സാമൂഹിക പ്രാധാന്യമേറിയതുമായ ഒരു ദൗത്യ നിര്‍വഹണത്തിനാണ് എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിയുക്തനായിരിക്കുന്നത്.
മര്‍കസ് നോളജ് സിറ്റിയുടെ പതിനാലോളം വരുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളില്‍ ആദ്യത്തേതായി മര്‍കസ് ലോ കോളജ് ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേഷനുമുള്ള ലോകോളജ് മര്‍കസിന്റെയും കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ഒരു കാല്‍വെപ്പായി തിീരുമെന്നാണ് പ്രതീക്ഷ.
മര്‍കസ് നോളജ്‌സിറ്റി വിഭാവനം ചെയ്യുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളെ വിവിധ അര്‍ഥങ്ങളില്‍ പ്രതിനിധീകരിക്കുന്നതാണ് ലോ കോളജുമായുള്ള ഈ തുടക്കം. അറിവും അവബോധവുമുള്ള ഒരു സമുദായത്തെ പാകപ്പെടുത്തുന്നതിലൂടെ അന്തഃസാര സമൃദ്ധിയുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാനുള്ള മഹാ ദൗത്യവുമായാണ് മര്‍കസ് ലോ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. നിയമ ബിരുദധാരികളായ ഏതാനും പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുക മാത്രമല്ല, സമൂഹവും രാഷ്ട്രവുമായുള്ള കൊള്ളക്കൊടുക്കലുകളെയും ദേശീയ നിര്‍മിതിയെയും ഉള്‍ക്കരുത്തോടെയും ദീര്‍ഘ ദര്‍ശനത്തോടെയും സമീപിക്കാന്‍ കഴിയുന്ന നേതൃഗുണമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് മര്‍കസ് ലോ കോളജ് വിഭാവനം ചെയ്യുന്നത്.
നിയമ ബിരുദങ്ങള്‍ കൊണ്ട് വ്യത്യസ്തവും വൈവിധ്യവുമായ മേഖലകളില്‍ മികച്ച കരിയര്‍ സാധ്യതകളാണ് ഇന്നുള്ളത്. ആഗോളവത്കരണാനന്തര ലോകത്തെ, അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രൊഫഷനല്‍ ജോലികള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന വഴികളാണ് നിയമ വിദ്യാര്‍ഥികള്‍ക്ക് മുമ്പിലുള്ളത്. പത്ത് വര്‍ഷം മുമ്പ് നിയമ ബിരുദമുള്ള ഒരാള്‍ക്ക് അഡ്വക്കറ്റ് ആകുക എന്നതിനപ്പുറം വിശാലമായ ഒരു ലോകം സാധ്യമായിരുന്നില്ല. എന്നാല്‍ എന്‍ എല്‍ യു തുടങ്ങിയ ദേശീയ സര്‍വകലാശാലകള്‍ നിയമ പഠനം ഗൗരവത്തിലെടുക്കുകയും ഏത് പാശ്ചാത്തലത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥിയാണെങ്കിലും കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് പാസാകുന്നതോടെ നിയമ പഠനത്തിന് പ്രവേശം നല്‍കുകയും ചെയ്തതോടെ വിശാലമായ സാധ്യതകളാണ് ദേശീയ, അന്തര്‍ദേശീയ രംഗത്ത് നിയമ ബിരുദധാരികള്‍ക്ക് കൈവന്നിട്ടുള്ളത്. ഒരു സാധാരണ ലോ കോളജില്‍ നിന്നിറങ്ങിയ ആള്‍ക്ക് പോലും നിരവധി സാധ്യതകള്‍ നിലവിലുണ്ട്. നിയമ ബിരുദധാരികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഐ ടി കമ്പനികളില്‍ കോര്‍പറേറ്റ് കൗണ്‍സില്‍മാരായി സേവനമനുഷ്ഠിക്കാം. ഇന്റര്‍നാഷണല്‍ ട്രേഡ്, മെര്‍ജസ് ആന്റ് അക്വിസിഷന്‍, ഇന്റലക്ച്വല്‍ പ്രോ പാര്‍ട്ടി റൈറ്റ്‌സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം. ഐ ടി കമ്പനികളിലെ നിയമോപദേശകര്‍ക്ക് വന്‍ സാധ്യതകളാണുള്ളത്. സിവില്‍ സര്‍വീസ്, ജുഡീഷ്യല്‍ സര്‍വീസ് രംഗങ്ങളിലും എല്‍ എല്‍ ബി ബിരുദമുള്ളവര്‍ക്ക് ശോഭിക്കാവുന്നതാണ്. കൂടാതെ, ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ വിവിധ എന്‍ ജി ഒകളില്‍ വ്യത്യസ്ത തസ്തികകളിലും ജോലി ചെയ്യാം. ഗവേഷണ/അധ്യാപന രംഗത്തും കരിയര്‍ ഉറപ്പിക്കാനുള്ള അനന്ത സാധ്യതകള്‍ നിയമ പഠനത്തിനുണ്ട്.