Connect with us

Gulf

അല്‍ ഐനില്‍ തസ്‌കര വീരന്മാര്‍ വിലസുന്നു

Published

|

Last Updated

അല്‍ ഐന്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടരെ മോഷണങ്ങള്‍. അബുദാബി പാതയിലെ അല്‍ യഹാറില്‍ സ്വദേശി ഉടമസ്ഥതയിലുള്ള പ്രമുഖ മൊബൈല്‍ ഷോപ്പായ അല്‍ ആലിയ മൊബൈല്‍ കടയില്‍ നിന്ന് 10,000 ദിര്‍ഹം, 1,500 ദിര്‍ഹത്തിന്റെ ഇത്തിസലാത്തിന്റെയും ഡുവിന്റെയും റീചാര്‍ജ് കൂപ്പണുകളും മോഷണം പോയി. ലാപ്‌ടോപ്പ്, പഴയതും പുതിയതുമായ 12,000 ദിര്‍ഹം വിലവരുന്ന മൊബൈലുകള്‍, അറ്റകുറ്റപ്പണിക്കായി ഉപഭോക്താക്കള്‍ ഏല്‍പിച്ച ഫോണുകള്‍ എന്നിവയും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കളവ് പോയി. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്താണ് അകത്ത് കയറിയിരിക്കുന്നത്. രാത്രി മൂന്നിന് ശേഷമാണ് കളവ് നടന്നതെന്ന് പരിസരവാസികള്‍ പറഞ്ഞതായി കടയിലെ ജീവനക്കാരനായ പുതുപൊന്നാനി സ്വദേശി ശറഫുദ്ദീന്‍ പടിഞ്ഞാറയില്‍ പറഞ്ഞു. സമാനമായ മോഷണ ശ്രമം യമനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മളാവി റസ്റ്റോറന്റിലും നടന്നതായി ഷറഫുദ്ദീന്‍ പറഞ്ഞു.
പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. നഗരത്തിലെ കുവൈത്താത്തിലും മലയാളി ഉടമസ്ഥതയിലുള്ള ഗ്രോസറിയിലും ആഴ്ചകള്‍ക്ക് മുമ്പ് കളവ് നടന്നിരുന്നു. മൊബൈല്‍ റീചാര്‍ജ് കൂപ്പണടക്കം വിലപ്പെട്ട സാധന സാമഗ്രികള്‍ നഷ്ടപ്പെട്ടതിനാല്‍ വലിയ ധന നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മലയാളികള്‍ താമസിക്കുന്ന വില്ലകളിലും ഫഌറ്റുകളിലും കളവുകള്‍ നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് മുഅതറളിലെ തിരുവനന്തപുരം സ്വദേശി ജോസ് താമസിക്കുന്ന വില്ലയില്‍ നിന്ന് ജോസിന്റെ 2,200 ദിര്‍ഹവും, എമിറേറ്റ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, ബേങ്ക് കാര്‍ഡ് മറ്റ് വിലപ്പെട്ട രേഖകളും കളവ് പോയിരുന്നു.