National
ബാബ്‌രി മസ്ജിദ് തര്‍ക്കം: കാഞ്ചികോടി മഠാധിപതി മുസ്‌ലിം നേതാക്കളെ കണ്ടു
ലക്‌നോ: രാമജന്മഭൂമി- ബാബ്‌രി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ആള്‍ ഇന്ത്യ മുസ്‌ലീം പേഴ്‌സണല്‍ ലോ ജനറല്‍ സെക്രട്ടറി ഖാലിദ് റഷീദ് ഫിരാംഗി മഹാലിയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചയുടെ സാധുത തേടിയായിരുന്നു മഠാധിപതി മുസ്‌ലിം നേതാക്കളെ കാണാനെത്തിയത്. അതേസമയം, മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ നിര്‍ദേശ പ്രകാരം 2002ലും 2003ലും ചര്‍ച്ച നടത്തിയെങ്കിലും ഗുണകരമായിരുന്നില്ല. രണ്ട് സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് മഹാലിയോട് ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി പറഞ്ഞു.
സമാധാനപരമായ ഒരു തീര്‍പ്പെന്ന ഉറപ്പിന്‍മേല്‍ സന്യാസി പുതിയ ചര്‍ച്ചക്ക് ക്ഷണിക്കപ്പെട്ടതായി മഹാലിയും വ്യക്തമാക്കി. രണ്ട് മതനേതാക്കന്മാരും ഇടനിലക്കാര്‍ മുഖേനെ മുറിക്കുള്ളില്‍ ഒരു മണിക്കൂറുകളോളം ചര്‍ച്ച നടത്തി.
അയോധ്യാ കാര്യത്തില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് രണ്ട് പേര്‍ക്കും സ്വീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നും വിധി നടപ്പാക്കലിന് കാലതാമസം വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കോടതിക്ക് പുറത്തുള്ള ചര്‍ച്ചകളുടെ സാധ്യതകള്‍ തേടണമെന്നും ഇരുവരും നേരത്തേ പ്രതികരിച്ചിരുന്നു.