Connect with us

International

ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പുടിന്‍ ഉത്തരവിട്ടു

Published

|

Last Updated

മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍ ഉത്തരവിട്ടു. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനോടാണ് സൈന്യത്തെ പിന്‍വലിക്കാന്‍ പുടിന്‍ ഉത്തരവിട്ടത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മുന്നോടിയായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഉക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിഴക്കന്‍ റോസ്‌തോവിലുള്ള 17,600 സൈനികര്‍ പുടിന്റെ ഉത്തരവിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് പിന്‍വാങ്ങും. സമ്മര്‍ ട്രൈനിംഗിന് വേണ്ടിയാണ് ഇവരെ ഈ പ്രദേശത്ത് വിന്യസിച്ചിരുന്നതെന്ന് റഷ്യ അവകാശപ്പെടുന്നു. ഇവിടുത്തെ ട്രൈനിംഗ് പരിപാടികള്‍ അവസാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമാണ് ഇവരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുടിന്റെ കത്ത് പ്രതിരോധമന്ത്രിക്ക് ലഭിക്കുന്നത്.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍, പ്രതിരോധ മന്ത്രി എന്നിവരുടെ സാന്ന്യധ്യത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഒരു യോഗം നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയുടെ ഫലങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വെള്ളിയാഴ്ച മിലനില്‍ നടക്കുന്ന ഏഷ്യ- യൂറോപ്പ് ഫോറത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍ ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോവുമായി കൂടിക്കാഴ്ച നടത്തുമെന്ന് കരുതപ്പെടുന്നു. രണ്ട് രാജ്യങ്ങളും കഴിഞ്ഞ മാസം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് ഇരു വിഭാഗവും ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Latest