Articles
നൊബേല്‍ ഒരു മുതല്‍ മുടക്കാണ്; എങ്കില്‍ മലാലയോ?

സീന്‍ 48
അമേരിക്കന്‍ എംബസി ഓഫീസ്
മലാലയും പിതാവും സുഹൃത്തുക്കളും അംബാസിഡര്‍ റിച്ചാര്‍ഡ് ഓള്‍സനുമായി കൂടിക്കാഴ്ച നടത്തുന്നു.
മലാല: നിങ്ങളെല്ലാവരോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട അംബാസഡറോട് എനിക്ക് ഒരു അഭ്യര്‍ഥനയേ ഉള്ളൂ. വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങളെ സഹായിക്കണം.
ഓള്‍സന്‍: വിദ്യുച്ഛക്തിക്കും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ഡോളറാണ് ഞങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ചെലവഴിക്കുന്നത്. പക്ഷേ, നിങ്ങളുടെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. അറിയാമല്ലോ?
(ക്ലാസ് ഡിസ്മിസ്ഡ്: ദി ഡെത്ത് ഓഫ് ഫിമെയില്‍ എഡ്യുക്കേഷന്‍ -ഡോക്യുമെന്ററി തിരക്കഥയില്‍ നിന്ന്. പ്രസി: ഇന്‍സൈറ്റ് പബ്ലിക്ക)
ഇത്തവണത്തെ സമാധാന നൊബേല്‍ കൈലാഷ് സത്യാര്‍ഥിക്കും മലാല യൂസുഫ്‌സായിക്കുമാണെന്ന വാര്‍ത്ത പുറത്ത് വന്ന് മിനുട്ടുകളേ ആയിരുന്നുള്ളൂ. പുരസ്‌കാര ജേതാക്കളെ കുറിച്ച് പ്രത്യേകിച്ച് സത്യാര്‍ഥിയെക്കുറിച്ചുള്ള ഫയല്‍ വിവരങ്ങളുടെ അപര്യാപ്തത കൊണ്ടാണെന്ന് തോന്നുന്നു മലയാള ചാനലുകള്‍ നേരെ ചര്‍ച്ചയിലെക്ക് കൂപ്പു കുത്തി. മാതൃഭൂമി ചാനലിലെ അവതാരക അപ്പുറത്തിരിക്കുന്ന ഫാബിയാനോട് ചോദിക്കുകയാണ്: “എത്ര മാത്രം സന്തുലിതമാണ് ഈ തിരഞ്ഞെടുപ്പ്? ഒരു മുസ്‌ലിം. ഒരു ഹിന്ദു. ഒരു പാക്കിസ്ഥാനി. ഒരു ഇന്ത്യക്കാരന്‍. ശ്രീ ഫാബിയാന്‍, എത്രമാത്രം ബാലന്‍സ്ഡ് ആണ് ഇത്?” ചോദിച്ചത് ചില്ലറക്കാരിയല്ല. കാര്യങ്ങളുടെ “അകം പുറം” കാണുന്ന അവതാരകയാണ്. അവര്‍ക്ക് വിവരമില്ലെന്ന് ആരെങ്കിലും പറയുമോ? വിവരസ്ഥര്‍ ഇങ്ങനെ താരതമ്യത്തിന് മുതിരുന്നത് എത്ര ഭീകരമാണ്? ഹിന്ദുവിന്റെ വിപരീതം മുസ്‌ലിം. ഇന്ത്യയുടെ വിപരീതം പാക്കിസ്ഥാന്‍. ആര്‍ എസ് എസിനാല്‍ നിയന്ത്രിതമായി നരേന്ദ്ര മോദി ഭരിക്കുന്ന കാലത്ത് കേരളത്തിലെ മാധ്യപ്രവര്‍ത്തകര്‍ക്ക് പേലും വര്‍ഗീയത പച്ചയായി, പരസ്യമായി പറയാനുള്ള ആത്മവിശ്വാസം കൈവന്നിരിക്കുന്നുവെന്നത് മാത്രമല്ല ഈ ചോദ്യത്തിന്റെ അര്‍ഥം. സമാധാന നൊബേല്‍ അവകാശികളെ തിരഞ്ഞെടുക്കുന്നതിലെ തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയത്തെയും പ്രതീകവത്കരണത്തെയും കൂടി അത് അനാവരണം ചെയ്യുന്നു അത്.
ലോകത്തെ ഏറ്റവും “കനപ്പെട്ട” പുരസ്‌കാരമാണ് നൊബേല്‍. അത് ഒരു മുതല്‍ മുടക്കാണ്. എല്ലാ മുതല്‍ മുടക്കുകളും ലാഭനഷ്ടങ്ങള്‍ നോക്കിയാണല്ലോ. പാശ്ചാത്യ മൂല്യബോധത്തിനും മേല്‍ക്കോയ്മക്കും അവര്‍ ഏറ്റെടുക്കുന്ന പ്രതിച്ഛായ നിര്‍മാണ ദൗത്യങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ വെള്ളവും വളവും നല്‍കുന്നതാണ് ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ നൊബേലുകളും. ചില ആന്തരാര്‍ഥങ്ങള്‍ അത് മുന്നോട്ട് വെക്കുന്നു. ഗൂഢമായ ലക്ഷ്യങ്ങളും. വിയറ്റ്‌നാം ആക്രമണത്തിന്റെ ക്രൂരതകള്‍ക്ക് മുഴുവന്‍ ഉത്തരവാദിയായ ഹെന്റി കിസിംജര്‍ക്ക് നല്‍കിയ നൊബേല്‍ ആണ് ഇതെന്നോര്‍ക്കണം. അന്ന് പുരസ്‌കാരം പങ്കിടാന്‍ വിധിക്കപ്പെട്ട വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലി ഡോക് തോ നൊബേല്‍ നിരസിച്ചു. സമാധാനമില്ലാതെ എന്ത് സമാധാന നൊബേല്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതേ നൊബേല്‍ നല്‍കിയാണ് യാസര്‍ അറഫാത്തിനെ അനുരഞ്ജനത്തിന്റെ തണുപ്പില്‍ മുക്കിക്കൊന്നത്. ഓസ്‌ലോ കരാറെന്ന ചതിയില്‍ തുല്യം ചാര്‍ത്തിയതിന് നല്‍കിയ ഉപകാര സ്മരണയായിരുന്നു നൊബേല്‍. അഫ്ഗാനിലും ഇറാഖിലും നടന്നതും നടക്കുന്നതുമായ മനുഷ്യക്കുരുതികളില്‍ ഒരു പശ്ചാത്താപവുമില്ലാത്ത ബരാക് ഒബാമക്ക് സമ്മാനിച്ച നൊബേല്‍. പാശ്ചാത്യ ഫണ്ട് സ്വീകരിച്ച് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന തട്ടമിട്ടവര്‍ക്ക് സമ്മാനിക്കുക വഴി വലിയ പ്രവണതകളിലേക്ക് മുതല്‍ മുടക്കാകുന്നതും ഈ സമാധാന നൊബേല്‍ തന്നെ. ഈ പുരസ്‌കാരത്തിന് മഹാത്മാ ഗാന്ധി അര്‍ഹനായില്ലെന്നുകൂടി ഓര്‍ക്കണം.
നൊബേല്‍ പുരസ്‌കാരത്തിന്റെ പിറവി തന്നെ പ്രതിച്ഛായ നിര്‍മിതിയില്‍ നിന്നാണ്. ആല്‍ഫ്രഡ് നൊബേലിന്റെ കുറ്റബോധത്തില്‍ നിന്നാണ് നൊബേല്‍ പിറക്കുന്നത്. ഡൈനാമിറ്റ് കണ്ടെത്തിയ ആല്‍ഫ്രഡിന് ആ കണ്ടുപിടിത്തം മാനവരാശിക്ക് വിനാശകരമാകുന്നത് തന്റെ ജീവിതത്തിനിടക്ക് കാണേണ്ടിവന്നു. ആയുധവ്യാപാരത്തിലൂടെ അതിസമ്പന്നനായെങ്കിലും തന്റെ പ്രതിച്ഛായ അദ്ദേഹത്തെ വേട്ടയാടി. തന്റെ പേരിലുള്ള പേറ്റന്റുകളില്‍ ഭൂരിഭാഗവും മനുഷ്യരെ കൊന്നൊടുക്കാനുള്ള ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ളതാണല്ലോ എന്ന് അദ്ദേഹം പരിതപിച്ചു. മാനവരാശിക്ക് ഏറ്റവും ഭീഷണമായ കണ്ടുപിടിത്തങ്ങളുടെ പേരില്‍ മാത്രമേ ചരിത്രം തന്നെ ഓര്‍മിക്കുകയുള്ളൂ. അങ്ങനെ വരാന്‍ പാടില്ല. അതുകൊണ്ടാണ് സമ്പത്തിന്റെ സിംഹഭാഗവും ഒരു ആഗോള പുരസ്‌കാരത്തിനായി നീക്കി വെച്ച് പ്രായശ്ചിത്തമാകാമെന്ന് അദ്ദേഹം തീരുമാനിച്ചത്. ആല്‍ഫ്രഡിന്റെ വില്‍പ്പത്രമനുസരിച്ച് സ്വീഡിഷ് അക്കാദമിയും നൊര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയും നൊബേല്‍ ഫൗണ്ടേഷനും നിലവില്‍വരികയും അദ്ദേഹം മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം നൊബേല്‍ സമ്മാനം നല്‍കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ആയുധവ്യാപാരിയയ ആല്‍ഫ്രഡ് നൊബേല്‍ അസ്തമിക്കുകയും മഹത്തായ പുരസ്‌കാരം ഉദിക്കുകയും ചെയ്തു.
ഓരോ പുരസ്‌കാരവും ഒരു പ്രദേശത്തെയും രാജ്യത്തെയും പ്രത്യയശാസ്ത്രത്തേയും കാഴ്ചപ്പാടിനെയും കാഴ്ചപ്പുറത്ത് കൊണ്ടുവന്ന് നിര്‍ത്തുന്നുണ്ട്. കൈലാഷ് സത്യര്‍ഥിയെന്ന ബാലവിമോചകന് നൊബേല്‍ നല്‍കുമ്പോള്‍ എന്‍ ജി ഒകളുടെ പ്രവര്‍ത്തന മാതൃകകള്‍ ഒരിക്കല്‍ കൂടി ആഘോഷിക്കപ്പെടുകയാണ്. രാഷ്ട്രീയ ബോധത്തില്‍ പ്രചോദിതരായി, മനുഷ്യര്‍ സംഘടിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ സര്‍ക്കാറുകള്‍ നടത്തുന്ന നീക്കങ്ങളെയും അത് ഇരുട്ടിലേക്ക് തള്ളുന്നു. അരാഷ്ട്രീയമായ ഇടപെടലാണ് നൊബേല്‍ നിര്‍ണയക്കാര്‍ക്ക് താത്പര്യം. രാഷ്ട്രങ്ങള്‍ മനുഷ്യരുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ വലിയ തോതില്‍ ഇടപെടേണ്ടതില്ല. പോലീസ് സ്റ്റേറ്റുകള്‍ മതി.
ഇടപെടുന്നതാണ് സോഷ്യലിസം. മാറി നില്‍ക്കുന്നത് മുതലാളിത്തവും. കൈലാഷ് സത്യാര്‍ഥിയെന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം തന്നെ. പക്ഷേ, ഇത്തരം ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ യഥാര്‍ഥ വിപ്ലവം സൃഷ്ടിക്കുമോ?
മലാല യൂസുഫ്‌സായിയെന്ന പതിനേഴ്കാരിക്ക് സമാധാന നൊബേല്‍ ലഭിക്കുമ്പോള്‍ പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സ്വാത്ത് താഴ്‌വരയാണ് ലൈം ലൈറ്റിലേക്ക് വരുന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് മതഭീകരതയുടെ വിളയാട്ട ഭൂമിയാണ് പ്രകൃതി രമണീയമായ ഈ പ്രദേശം. ടണ്‍ കണക്കിന് ഇസ്‌ലാമോഫോബിയ സൃഷ്ടിച്ചെടുക്കാനുള്ള അസസ്‌കൃത വസ്തുവായി ഇവിടുത്തെ താലിബാന്‍ ക്രൂരതകളെ അമേരിക്കന്‍ നേതൃത്വവും ബി ബി സിയടക്കമുള്ള മാധ്യമങ്ങളും നിരന്തരം ഉപയോഗിക്കുന്നു. ഇവിടുത്തെ കാര്യമാലോചിച്ചിട്ട് ആഞ്ജലീന ജൂലിമാര്‍ക്ക് ഉറക്കം വരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സ്വാത്തില്‍ മനുഷ്യരില്ല, താലിബാന്‍ തീവ്രവാദികള്‍ മാത്രമേയുള്ളൂ. ഡ്രോണ്‍ വിമാനങ്ങള്‍ക്ക് മരണം വിതക്കാനൊരിടം. ഭീകരവിരുദ്ധ ദൗത്യത്തിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റാനും ഇന്ത്യയോടുള്ള തര്‍ക്കങ്ങളില്‍ അമേരിക്കന്‍ പിന്തുണ തരപ്പെടുത്താനുമുള്ള ഹേതുവാണ് പാക്കിസ്ഥാന് സ്വാത്ത്.
അഫ്ഗാന്‍ അതിര്‍ത്തിയിലെ ഈ പ്രദേശത്ത് മലാല യൂസുഫ്‌സായിയെന്ന പതിമൂന്നര വയസ്സുകാരിക്ക് വെടിയേല്‍ക്കുന്നതിനും മുമ്പ് ബി ബി സി ഉറുദുവിന് വേണ്ടി അവള്‍ ഡയറിയെഴുതിത്തുടങ്ങും മുമ്പ് ജീവിതമുണ്ടായിരുന്നു. പ്രകൃതിരമണീയമായ സ്വാത് വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയായിരുന്നു. ഇവിടെ ഉയര്‍ന്ന സാക്ഷരതാ നിരക്ക് ഉണ്ടായിരുന്നു. യു എന്‍ വേദികളിലും മറ്റും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന മലാല ഭാഷയിലെ ബാല പാഠങ്ങള്‍ പഠിച്ചത് ഇവിടുത്തെ സ്‌കൂളില്‍ നിന്ന് തന്നെയായിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ സ്വാത്തിലെ സ്ഥിരം താമസക്കാരായിരുന്നു. അവിടെ സ്‌കൂളുകളും കോളജുകളുമുണ്ടായിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്‌കൂളില്‍ പോയിരുന്നു. ആരും തടഞ്ഞിരുന്നില്ല. താലിബാന്‍ അല്ലെങ്കില്‍ അതുപോലുള്ള മതബാഹ്യമായ മതബോധം സൂക്ഷിക്കുന്ന ഗ്രൂപ്പുകള്‍ അന്നും താഴ്‌വരയില്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ ഇത്ര അക്രമാസക്തരായിരുന്നില്ല. പിഞ്ചു ബാലികയെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറക്കി തലക്ക് വെടിയുതിര്‍ക്കാന്‍ മാത്രം പ്രകോപിതരും നിസ്സഹായരുമായിരുന്നില്ല അവര്‍.
2009ല്‍ പാക്കിസ്ഥാനില്‍ ഭീകരവിരുദ്ധ ദൗത്യം പൂര്‍ണ തോതില്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ അമേരിക്കന്‍ സേന സ്വാത്തില്‍ സൈനിക നടപടി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്ത പ്രദേശത്ത് സന്നദ്ധ സേവനത്തിന്റെ കുപ്പായമണിഞ്ഞ് ജനമനസ്സുകളില്‍ കയറിക്കൂടിയ തീവ്രഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ആളില്ലാ വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയപ്പോള്‍ ദിനംപ്രതി നിരപരാധികള്‍ മരിച്ച് വീണു. ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ മിക്കവാറും നടന്നത്. കൂടുതല്‍ പേരെ കൊല്ലാന്‍ കല്യാണ വീടുകളിലും മരണ വീടുകളിലും ബോംബ് വര്‍ഷിച്ചു. ജീവിതം ദുസ്സഹമായതോടെ ആയിരക്കണക്കായ മനുഷ്യര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്തു.
അമേരിക്ക- പാക് സംയുക്ത നീക്കത്തിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകവേദികളില്‍ പരിമിതമായെങ്കിലും ചര്‍ച്ചയായി തുടങ്ങുന്ന ഘട്ടത്തിലാണ് മലാലയെന്ന പതിനൊന്നുകാരിയുടെ ഡയറിക്കുറിപ്പുകളുമായി ബി ബി സി രംഗത്ത് വരുന്നത്. കവിയും അധ്യാപകനും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളയാളും താരതമ്യേന നല്ല സാമ്പത്തിക ശേഷിയുമുള്ള സിയാവുദ്ദീന്‍ യൂസുഫ്‌സായിയുടെ മകളെ ലോകം അറിയുന്നത് ബി ബി സി അവളുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ്. സ്വാത് താഴ്‌വരയില്‍ താലിബാന്റെ അക്രമം ഭയന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല; അതില്‍ മനം നൊന്തിരിക്കുന്ന ഒരു പതിനൊന്നുകാരിയുടെ ദുരിത കഥ അവളുടെ വാക്കുകളില്‍ തന്നെ വായിക്കൂ എന്ന ആമുഖത്തോടെയാണ് ബി ബി സി മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. പാശ്ചാത്യ മാധ്യമങ്ങള്‍ ആവേശപൂര്‍വം മലാലയെ ഏറ്റെടുത്തു. സ്വാഭാവികമായും പാക് സര്‍ക്കാറും ഉണര്‍ന്നു. യുവാക്കള്‍ക്കുള്ള ദേശീയ സമാധാന പുരസ്‌കാരം മലാല യൂസുഫ്‌സായിക്ക് നല്‍കി രംഗം കൊഴുപ്പിച്ചു. ഇന്ന് ആ പുരസ്‌കാരത്തിന്റെ പേര് തന്നെ മലാലയുടെതാണ്. മറ്റൊരു സമാധാന അവാര്‍ഡ് കൂടി നല്‍കി കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന അന്താരാഷ്ട്ര സംഘടന “വലിയ വാര്‍ത്ത”ക്ക് കളമൊരുക്കി. കൃത്യം മൂന്ന് വര്‍ഷത്തെ പരിലാളന മതിയായിരുന്നു മലാലയെന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ വധിക്കപ്പെടാവുന്ന ഇരയായി മാറ്റാന്‍. നല്ല ആശയ വിനിമയ ശേഷിയുള്ള ഒരു പ്രതീകത്തെ വേണമായിരുന്നു പാശ്ചാത്യ മാധ്യമങ്ങള്‍ക്ക്. മലാലയുടെ തലക്ക് വെടിയുതിര്‍ക്കുകയെന്ന വിഡ്ഢിത്തത്തിനും ക്രൂരതക്കും താലിബാന്‍ മുതിര്‍ന്നതോടെ ഈ പ്രതീക സൃഷ്ടി സമ്പൂര്‍ണ വിജയമായി. ടൈം മാഗസിന്റെ നൂറ് വ്യക്തിപ്പട്ടികയില്‍ ഇടം നേടി മലാല. യു എന്‍ മലാല ദിനം പ്രഖ്യാപിച്ചു. ഒടുവില്‍ നൊബേല്‍ സമ്മാനവും.