Connect with us

Kerala

കണ്ടല്‍ച്ചെടികളെ സംരക്ഷിക്കാന്‍ പുതുപദ്ധതികളുമായി വനംവകുപ്പ്

Published

|

Last Updated

മലപ്പുറം: വംശനാശത്തിന്റെ വക്കിലായ കണ്ടല്‍ ചെടികളെ പരിപോഷിപ്പിക്കാന്‍ വനം വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. കടല്‍ തീരങ്ങളിലും അഴിമുഖങ്ങളിലും കായലോരങ്ങളിലും നിലനില്‍ക്കുന്ന സവിശേഷ സസ്യ സമൂഹമായ കണ്ടല്‍ കാടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്.
തീര കൈയ്യേറ്റങ്ങളും വികസന പ്രവര്‍ത്തനങ്ങളും കാരണം കേരളത്തിലെ നിലവിലുള്ള കണ്ടല്‍ കാടുകളും നാശത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് കണ്ടല്‍ വനങ്ങളുടെ പാരിസ്ഥിതികവും ജൈവ പരവുമായ പ്രധാന്യം കണക്കിലെടുത്ത് വനം വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മഴക്കാടുകളായ കണ്ടല്‍ക്കാടുകള്‍ സുനാമി, കൊടുങ്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ മത്സ്യങ്ങള്‍ക്കും മറ്റു ജല ജീവികള്‍ക്കും പ്രജനന സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
അവേശേഷിക്കുന്ന കണ്ടല്‍ കാടുകളെ സംരക്ഷിക്കുന്നതിനും വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളുമായി കൈകോര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. കണ്ടല്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ താത്പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് പദ്ധതികളുടെ ഗുണഭോക്താക്കളാകാം. കണ്ടലുകള്‍ നല്‍കുന്ന പാരിസ്ഥിതിക സേവനം പരിഗണിച്ച് സ്വന്തം വസ്തുവില്‍ കണ്ടല്‍ വനങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചിത തുക പാരിതോഷികം നല്‍കും. കൂടാതെ കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനും സ്വഭാവിക പുനഃരുജ്ജീവനം സാധ്യമാക്കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കും.
പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള കണ്ടല്‍ ഉടമസ്ഥര്‍ അപേക്ഷയോടൊപ്പം ഭൂമിയുടെ വിസ്തൃതി, സര്‍വെ നമ്പര്‍, കണ്ടല്‍ ഇനങ്ങളുടെ വിവരങ്ങള്‍, കൈവശാവകാശ രേഖ തുടങ്ങിയ വിവരങ്ങള്‍ അതാത് ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കേരളത്തില്‍ ഇന്ന് കണ്ടുവരുന്ന കണ്ടല്‍ സസ്യ വര്‍ഗങ്ങള്‍ റൈസോഫൊറേഷ്യേ, അവിസേന്നേഷ്യേ, സോണറേറിയേഷ്യേ എന്നിവയാണ്. ഈ മൂന്ന് കുടുംബങ്ങളിലായി കടക്കണ്ടല്‍, പൂക്കണ്ടല്‍, വള്ളികണ്ടല്‍, എഴുത്താണി കണ്ടല്‍, ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍കണ്ടല്‍, ചെറുകണ്ടല്‍, ചുള്ളിക്കണ്ടല്‍, കണ്ണാമ്പൊട്ടി എന്നിവയും കേരളത്തില്‍ കണ്ടുവരുന്നുണ്ട്.