Kerala
സി ഐയെ കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: എംജി കോളേജിലെ സംഘര്‍ഷത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫയലുകള്‍ പരിശോധിച്ചാല്‍ കേസ് പിന്‍വലിച്ചത് ആരുടെ കാലത്താണെന്ന് മനസ്സിലാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്ക് പങ്കുണ്ടെന്ന് പറയുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
2005-ല്‍ എം ജി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ സി ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. ഈ കേസ് പിന്‍വലിച്ചത് വിവാദമായിരുന്നു. പൊലീസിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് രമേശ് ചെന്നിത്തല കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചതെന്ന ആരോപണവും ഉണ്ടായി. തുടര്‍ന്ന് തന്റെ കാലത്തല്ല കേസ് പിന്‍വലിച്ചതെന്ന വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. 2012ലാണ് കേസ് പിന്‍വലിച്ചത്. അന്ന് താന്‍ ആഭ്യന്തരമന്ത്രിയായിരുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെയാണ് കേസ് തന്റെ കാലത്തല്ല പിന്‍വലിച്ചതെന്ന് വ്യക്തമാക്കി തിരുവഞ്ചൂരും രംഗത്തെത്തിയത്.
മോദിയെ പ്രശംസിച്ചതിന് ശശി തരൂരിനെതിരെ നടപടി എടുത്തതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലക്കും ആര്‍എസുഎസുമായി ബന്ധമുണ്ടെന്ന തരത്തില്‍ കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നത്. എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറിയിരിക്കുകയാണ് പുതിയ വിവാദം.