Ongoing News
പ്രവാസി വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം
ന്യൂഡല്‍ഹി: വോട്ടവകാശമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ജോലി സ്ഥലത്ത് വോട്ടവകാശം അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള മാതൃക തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇലക്‌ട്രോണിക് ബാലറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു നിര്‍ദേശം. പ്രതിനിധിയെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതാണ് രണ്ടാമത്തെ മാതൃക. സത്യവാങ്മൂലത്തില്‍ ഈ രണ്ട് നിര്‍ദേശങ്ങളുടെയും പ്രായോഗികത കമ്മീഷന്‍ വിവരിക്കുന്നുണ്ട്.
ഇലക്‌ട്രോണിക് ബാലറ്റ് ഇ മെയിലിലൂടെ പ്രവാസികള്‍ക്ക് അയച്ചു കൊടുക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരികെ തപാല്‍ വഴി അയച്ചാല്‍ മതിയാകും. ഇലക്‌ട്രോണിക് ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളവരെ ഉദ്ദേശിച്ചാണ് രണ്ടാമത്തെ നിര്‍ദേശം. ഇത്തരം വോട്ടര്‍മാര്‍ക്ക് വിശ്വസ്തരായ പ്രതിനിധികളെ നിയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
ഇതോടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യമാകാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലം മുതല്‍ക്കെ പ്രവാസി വോട്ടവകാശത്തിനായി നിരവധി തവണ ആവശ്യമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നും പ്രായോഗികമായില്ല. എന്നാല്‍, ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പ്രായോഗികമാകുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പ്രവാസി വോട്ടര്‍മാര്‍ക്ക് ഇ ബാലറ്റോ പ്രോക്‌സി വോട്ടോ ഏര്‍പ്പെടുത്തി വോട്ടവകാശം നല്‍കാനാണ് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ നിര്‍ദേശം ഉയര്‍ന്നത്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായമാരാഞ്ഞത്.