Gulf
പച്ചക്കറികൃഷി; നഗരസഭയുടെ ബോധവത്കരണം
ദുബൈ: ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ചു ദുബൈ നഗരസഭ പുതിയ പ്രചാരണത്തിനു തുടക്കമിട്ടു. ബാല്‍കണിയിലോ, മുറ്റത്തോ, പാര്‍ക്കിങ് ഇടങ്ങളില്‍ ലഭിക്കുന്ന ചെറിയ സ്ഥലങ്ങളിലോ പച്ചക്കറി കൃഷിചെയ്തു സമ്മാനം നേടാമെന്നാണു പ്രചാരണത്തിന്റെ പ്രത്യേകത. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പ്രചാരണം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ വളര്‍ത്തൂ എന്ന സന്ദേശവുമായി ഫെയ്‌സ്ബുക്കിലൂടെയാണു പ്രചാരണം. ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഈസ്‌റ്റേണ്‍ മസാല, ജലീല്‍ ഹോള്‍ഡിംഗ്‌സ് എന്നിവയുടെ സഹകരണത്തോടെയാണു ഭക്ഷ്യനിയന്ത്രണ വിഭാഗം പ്രചാരണം തുടങ്ങിയത്. ഈ രംഗത്തു ജലീല്‍ ഹോള്‍ഡിംഗിന്റെ ശ്രമങ്ങളെ ഭക്ഷ്യനിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് ഷെറീഫ് അഭിനന്ദിച്ചു.
വീടുകളിലെ കൃഷിയുടെ നിലവാരം പരിശോധിച്ചു സമ്മാനം നല്‍കാന്‍ സമിതി രൂപീകരിക്കുമെന്നു ഖാലിദ് ശറീഫ് അറിയിച്ചു. വിജയികളെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. കൃഷിചെയ്യുന്നവര്‍ ചിത്രങ്ങള്‍ നഗരസഭ പ്രചാരണത്തിനായി ആരംഭിച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് അയയ്ക്കണം. വീടുകള്‍ സന്ദര്‍ശിക്കുന്ന വിധികര്‍ത്താക്കള്‍ ഏറ്റവും മികച്ച നൂറ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കും.
10 പേര്‍ക്കു സമ്മാനങ്ങളും നല്‍കും. 5000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയുള്ള സമ്മാനങ്ങളാണു നല്‍കുന്നത്. രണ്ടുമാസമാണു പ്രചാരണം. ആരോഗ്യകരമായ ജീവിതം സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള അനുയോജ്യമായ സമയമാണിതെന്നു ജലീല്‍ ഹോള്‍ഡിംഗ്‌സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ കെ മുഹമ്മദ് പറഞ്ഞു.