Connect with us

Malappuram

റേഷന്‍ സബ്‌സിഡി പിന്‍വലിച്ചേക്കും

Published

|

Last Updated

മലപ്പുറം: ഭക്ഷ്യ സുരക്ഷാ ബില്‍ പെട്ടന്ന് നടപ്പാക്കാന്‍ കേന്ദ്രം വിലങ്ങ് നിന്നതോടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ സബ്‌സിഡി പിന്‍വലിച്ചേക്കും. സബ്‌സിഡി പിന്‍വലിച്ചാല്‍ സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടി ലഭിക്കുമെന്നതിനാലാണ് സാമ്പത്തിക പ്രസന്ധിക്കിടയിലും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്.

ഭക്ഷ്യ സുരക്ഷാബില്‍ നടപ്പാക്കി സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡി പിന്‍വലിക്കാനായിരുന്നു നീക്കം. ഇതിലൂടെ എല്ലാ മാസവും 18 കോടിയോളം സര്‍ക്കാറിന് മിച്ചം ലഭിക്കും. നിലവില്‍ 8.90 രൂപക്ക് കേന്ദ്രം നല്‍കുന്ന അരി സംസ്ഥാന സര്‍ക്കാര്‍ രണ്ട് രൂപക്കാണ് വിതരണം ചെയ്യുന്നത്. ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രം 6.30 രൂപക്കാണ് അരി നല്‍കുന്നത്. ഇത് ഒരു രൂപക്കാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
റേഷന്‍ വിതരണ രംഗം കമ്പ്യൂട്ടര്‍ വത്കരിച്ചാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷക്ക് അനുമതി ലഭിക്കുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമാണ് സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിയത്. ഈ മാസം ഒന്ന് മുതല്‍ ഭക്ഷ്യ സുരക്ഷാ ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. അതിന് വേണ്ടി ബി പി എല്‍ കാര്‍ഡിലുള്ളവരോടൊപ്പം 2009ല്‍ ലിസ്റ്റിലുള്ളവരുടെ കാര്‍ഡില്‍ തത്കാലം പ്രയോരിറ്റി കാര്‍ഡ് എന്ന സീല്‍ ചെയ്തിരുന്നു. അവസാനം അടുത്ത മാസം ഒന്നിന് നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു.
ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് പുറമെ 2011ല്‍ ആഗസ്റ്റില്‍ വര്‍ഷിക വരുമാനം 25,000ല്‍ താഴെയുള്ളവരില്‍ കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, കുശവന്‍മാര്‍, തയ്യല്‍ ജോലിക്കാര്‍, തെങ്ങ്കയറ്റക്കാര്‍ തുടങ്ങിയവര്‍ക്കും സബ്‌സിഡി അനുവദിച്ചിരുന്നു. മലപ്പുറത്ത് മാത്രം 4,45,739 പേര്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപക്ക് ധാന്യങ്ങള്‍ നല്‍കും.
ഒരാള്‍ക്ക് മാസം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക. നിയനമം നടപ്പാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി പൂര്‍ണമായും പിന്‍വലിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനാണ് തിരിച്ചടിയായത്.