Health
എബോളയെ നിയന്ത്രണവിധേയമാക്കാന്‍ നാല് മാസമെങ്കിലും വേണ്ടിവരുമെന്ന് റെഡ് ക്രോസ്
ബീജിംഗ്: ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍പ്പോലും എബോള രോഗത്തെ നിയന്ത്രിക്കാന്‍ നാല് മാസത്തെ സാവകാശമെങ്കിലുമെടുക്കുമെന്ന് റെഡ് ക്രോസിന്റെ ആഗോള മേധാവി. രോഗത്തിനെതിരെ നിഷ്‌ക്രിയത പാലിച്ചാല്‍ നല്‍കേണ്ടിവരുന്ന വിലയെപ്പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എബോള രോഗത്താല്‍ പശ്ചിമാഫ്രിക്കയില്‍ ഇതുവരെ 4,500 ഓളം പേര്‍ മരിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യത്തോടെ ആഴ്ചയില്‍ 10,000 പേര്‍ക്ക് എന്ന തോതില്‍ രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗത്തിനെതിരെ ഇതുവരെ അംഗീകരിക്കപ്പെട്ട വാക്‌സിനോ രോഗം ഭേദമാക്കാനുള്ള ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. സ്‌പെയിനിലും അമേരിക്കയിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. രോഗി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, നല്ല ചികിത്സ നല്‍കുക, രോഗം ബാധിച്ച് മരിച്ചവരുടെ മ്യതദേഹങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുക തുടങ്ങിയ നടപടികളിലൂടെ രോഗവ്യാപനം തടയാനാകുമെന്ന് അന്താരാഷ്ട്രാ റെഡ്‌ക്രോസ് ഫെഡറേഷന്റെയും റെഡ് ക്രസന്റ് സൊസൈറ്റിയുടെയും തലവന്‍ ഇല്‍ഹാദ്ജ് അസ് സി പറഞ്ഞു.
ഇതു സാധ്യമാണെന്നും മുന്‍ കാലങ്ങളിലും മഹാമാരി നാല് മുതല്‍ ആറ് മാസം കൊണ്ടു വരെ നിയന്ത്രണവിധേയമാക്കാനായിട്ടുണ്ടെന്നും ഏഷ്യ പസഫിക് ഐ എഫ് ആര്‍ സി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദഹം പറഞ്ഞു. രോഗത്തിനെതിരെ പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ വിമാനത്താവളങ്ങളില്‍, എബോള ഏറെ ബാധിച്ച പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.