Connect with us

International

അമേരിക്കന്‍ ആയുധ ശേഖരം ഇസില്‍ കൈവശപ്പെടുത്തിയത് അന്വേഷിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയിലെ കുര്‍ദിഷ് സൈന്യത്തിന് യു എസ് നല്‍കിയ ആയുധങ്ങള്‍ ഇസില്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തിയ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. അമേരിക്കയുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി നില്‍ക്കുന്ന ഇസില്‍ ഭീകരരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അമേരിക്കയുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇസില്‍ തീവ്രവാദികള്‍ തന്നെയാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിറിയയിലെ കൊബാനെ നഗരത്തില്‍ ഭീകരരോട് ഏറ്റുമുട്ടുന്ന കുര്‍ദ് സൈന്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ 27 കെട്ടുകള്‍ അമേരിക്കന്‍ സേന വിമാനത്തില്‍ നിന്ന് ഇട്ടുകൊടുത്തിരുന്നു. ഇതില്‍ ഒരു കെട്ട് മാത്രമാണ് ലക്ഷ്യം തെറ്റിയതെന്നും, ഭീകരര്‍ക്ക് കിട്ടാതിരിക്കാനായി ഇവ നശിപ്പിച്ചെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ പറയുന്നു.
തന്ത്രപ്രധാനമായ ഈ നഗരത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ കുര്‍ദുകളുടെ കൈവശമാണ്. ഇവര്‍ക്കെതിരെ അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ സഹായത്തോടെ ശക്തമായ മുന്നേറ്റമാണ് കുര്‍ദ് സേന നടത്തുന്നത്. പല പ്രദേശങ്ങളില്‍ നിന്നും തീവ്രവാദികള്‍ പിന്‍മാറിയിരുന്നു. നൂറുകണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ അമേരിക്ക അവകാശപ്പെട്ടിരുന്നു.
അതേസമയം, രണ്ട് ദിവസത്തെ ഇടവേളക്കുശേഷം ഭീകരര്‍ നഗരത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ കുര്‍ദ് സേനക്കൊപ്പം സഖ്യസേനയുടെ വ്യോമാക്രമണം കൂടിയാകുമ്പോള്‍ ഭീകരര്‍ക്ക് ഇനിയും മുന്നേറാനാകില്ലെന്നാണ് പെന്റഗണ്‍ അവകാശപ്പെടുന്നത്. ഭീകരരെ നേരിടാനായി ഇറാഖി കുര്‍ദുകളെ സിറിയയിലേക്ക് കടക്കാനനുവദിക്കുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ആക്രമണങ്ങള്‍.

 

Latest