Connect with us

Articles

നഗരവും മാലിന്യവും

Published

|

Last Updated

രാഷ്ട്രീയ നിലനില്‍പ്പിനായി മാലിന്യത്തെ ഉപയോഗിക്കുന്ന പ്രവണത ഭാവിക്ക് ഭൂഷണമാകുമോ? ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങുകയും രണ്ടാഴ്ച കൊണ്ട് മങ്ങിപ്പോകുകയും ചെയ്യുന്ന ഒന്നാകുകയാണോ ഇവിടുത്തെ മാലിന്യ സംസ്‌കരണം?
ആസൂത്രണ വൈദഗ്ധ്യം വിളിച്ചോതുന്ന മോഹന്‍ ജോദാരൊ, ഹാരപ്പ മാലിന്യ സംസ്‌കരണ സംവിധാനം ചരിത്ര പഠിതാക്കളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വീടുകളിലെയും തെരുവുകളിലെയും മാലിന്യം നീക്കം ചെയ്യാന്‍ ദുര്‍ഗന്ധം വമിക്കാത്ത തരത്തില്‍ അടപ്പോടുകുടിയ ഓവുചാലുകളാണ് അവരൊരുക്കിയിരുന്നത്.
നാഗരിക വികാസത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും അടിസ്ഥാന സൂചകമായാണ് മാലിന്യ നിര്‍മാര്‍ജനത്തെയും ശുചിത്വത്തെയും പൊതുവെ കാണുന്നത്. ഒരു സമൂഹം സംസ്‌കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതി പരിശോധിച്ചാല്‍ മതി. ഈ സാംസ്‌കാരിക മാപിനിയില്‍ കേരളത്തെ അളന്നാല്‍ ലജ്ജയുടെ തുലാസ് ഏറെ താഴ്ന്ന് നില്‍ക്കും.
1974ല്‍ ജല മലിനീകരണവിരുദ്ധ നിയമം നടപ്പാക്കിയ രാജ്യമാണ് നമ്മുടെത്. നാല്‍പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 2013ലെ സൂചികയനുസരിച്ച് മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്ത് രാജ്യം മുന്‍പന്തിയില്‍ നില്‍ക്കുന്നു. കേരളം പ്രതിദിനം 9338 ടണ്‍ മാലിന്യമാണ് പുറംതള്ളുന്നത്.
ഗ്രാമങ്ങള്‍ നഗരത്തിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെയാണ് മാലിന്യ പ്രശ്‌നം ഇത്രമേല്‍ രൂക്ഷമാകുന്നത്. നഗരത്തിലെ ഫഌറ്റുകളിലേക്കുള്ള കുടിയേറ്റം വ്യാപകമായി. നൂറോളം കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇത്രയും പേരുടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ സംസ്‌കരണം ഒരു പ്രശ്‌നം തന്നെയാണ്. ഉപഭോഗത്തിലുണ്ടായ വര്‍ധനവും മാറിയ ഭക്ഷണശീലവും ജീവിതശൈലിയുമാണ് മറ്റു കാരണങ്ങള്‍. ഉപയോഗിച്ചു വലിച്ചെറിയുന്ന ശീലവും ഇത്തരം വസ്തുക്കളുടെ അളവും വര്‍ധിച്ചു.
നഗര മാലിന്യം സംസ്‌കരിക്കുക എന്നതുകൊണ്ട് ലക്ഷ്യമിടുന്നത് ഗ്രാമങ്ങളിലേക്ക് മാലിന്യം കയറ്റി അയക്കുക എന്നതായി മാറിയിരിക്കുന്നു. ചതുപ്പു നിലങ്ങള്‍, പാടങ്ങള്‍, പുഴകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു. ഇത്തരത്തില്‍ എത്തുന്ന ആശുപത്രി മാലിന്യമുള്‍പ്പെടെ ഗ്രാമങ്ങളിലുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നം സംബന്ധിച്ച് ഗൗരവത്തില്‍ ചര്‍ച്ച നടക്കുന്ന കാലമാണിത്.
ഇവിടുത്തെ മാലിന്യ സംസ്‌കരണ രീതിയില്‍ അടിമുടി മാറ്റം വന്നില്ലെങ്കില്‍ അതി ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്നതാണ് വര്‍ഷാവര്‍ഷം കാലവര്‍ഷാരംഭത്തില്‍ വന്നെത്തുന്ന പകര്‍ച്ച വ്യാധികള്‍ പകരുന്ന മുന്നറിയിപ്പ്. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും നിയമങ്ങളില്ലാത്തത് കൊണ്ടല്ല ഇത് സംഭവിക്കുന്നത്. നിലവിലുള്ള സംസ്‌കരണ കേന്ദ്രങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണം. അഞ്ച് കോര്‍പറേഷനുകളിലും 49 മുനിസിപ്പാലിറ്റികളിലും സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് ഫലപ്രദമായി മാലിന്യം സംസ്‌കരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണവും ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള സംസ്‌കരണ കേന്ദ്രങ്ങളുമാണ് കേരളത്തിനാവശ്യം. ജീവിതശൈലിയിലും സാമൂഹിക ശുചിത്വ മനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ രണ്ടും വിജയിക്കില്ല. ദേഹശുദ്ധി പോലെ പ്രധാനമാണ് പരിസര ശുദ്ധിയും.
മാലിന്യ നിര്‍മാര്‍ജന സംവിധാനം നല്ല രീതിയില്‍ നിലനില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളെയും പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളെയും വേര്‍തിരിച്ചാണ് സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഉറവിട മാലിന്യ സംസ്‌കരണ രീതിക്കാണ് പ്രധാന്യം നല്‍കകേണ്ടത്. ഇതൊരു ജനകീയ മുന്നേറ്റമായും മാറണം. മാലിന്യ സംസ്‌കരണം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണെന്ന അവഗാഹം ജനങ്ങളില്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്.
ഇതര രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ നിയമം കൃത്യമായി പാലിക്കുന്ന നമ്മുടെ നാട്ടുകാര്‍ സ്വന്തം മണ്ണില്‍ കാലെടുത്തുവെക്കുമ്പോഴേക്കും റോഡില്‍ തുപ്പുകയും ചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയുകയും ചെയ്യുന്നു. മാലിന്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ അറിയാത്തതുകൊണ്ടല്ല മറിച്ച് അതില്‍ താത്പര്യം ഇല്ലാത്തതുകൊണ്ടും സൗകര്യക്കുറവുകൊണ്ടുമാണ് നമ്മളിങ്ങനെ പെരുമാറുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ മാലിന്യ നിര്‍മാര്‍ജനം ഒരു വിഷമം പിടിച്ച വസ്തുത ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മാലിന്യ നിര്‍മാര്‍ജനത്തില്‍ വിജയം കൈവരിച്ച പൂനയിലെ സ്വച്ച് മാതൃകക്ക് കേരളത്തിലെ കുടുംബശ്രീയുമായി സാദൃശ്യമുണ്ടെങ്കിലും സ്വച്ചിനെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ പ്രത്യേകതയുണ്ട്. സ്വച്ച് മാലിന്യ സംഭരണത്തില്‍ മാത്രമല്ല അതിന്റെ കൃത്യതയാര്‍ന്ന നിര്‍മാര്‍ജനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി ഉടമ്പടി ഒപ്പിട്ട് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ് സ്വച്ച് ഇപ്പോള്‍. ഇതുവഴി ഒരു ദിവസം ഏകദേശം 60 മെട്രിക് ടണ്‍ മാലിന്യമാണ് സംഭരിക്കപ്പെടുന്നത്. അതില്‍ ജൈവ മാലിന്യം അവര്‍ തന്നെ കമ്പോസ്റ്റ് ചെയ്യുകയും മറ്റുള്ളവ കൃത്യമായ മാര്‍ഗത്തിലൂടെ സംസ്‌കരിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഒന്നിലധികം വീട്ടുകാരുമായും അടുത്തുള്ള ഹോട്ടലുകളുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്നും ബയോ ഗ്യോസ് പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. ജൈവമാലിന്യം ഉപയോഗിച്ച് കമ്പോസ്റ്റ് വളം നിര്‍മാണ യൂനിറ്റും തയ്യാറാക്കാം. 450 ടണ്‍ മാലിന്യം ഓരോ ദിവസവും സംസ്‌കരിക്കുന്ന മൈസൂര്‍ കോയമ്പത്തൂര്‍ പ്ലാന്റുകളുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്. വീടുകളില്‍ മാലിന്യ ശേഖരണ ബിന്നുകള്‍ സ്ഥാപിക്കുയും അവയിലെത്തുന്ന വസ്തുക്കള്‍ വേര്‍തിരിച്ച് വില്‍പ്പന നടത്തുകയും ൈജവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്ന കുടുംബശ്രീ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ കൂട്ടായ്മകളുണ്ടാക്കേണ്ട മേഖലയായി മാലിന്യ സംസ്‌കരണരംഗംമാറിയിട്ടുണ്ട്.

 

Latest