Eranakulam
സര്‍ക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ ഭാഗിക അംഗീകാരം
കൊച്ചി: സര്‍ക്കാറിന്റെ പുതിയ മദ്യനയം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. നയം ചോദ്യം ചെയ്ത് ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ കോടതി ലൈസന്‍സ് അനുവദിക്കുന്നതില്‍ നിന്ന് ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളെ ഒഴിവാക്കിയ മദ്യനയത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി. ഈ വ്യവസ്ഥ വിവേചനപരവും ഭരണഘടന വിഭാവനം ചെയ്യുന്ന അവസര സമത്വത്തിന് വിരുദ്ധവുമാണെന്ന് ജസ്റ്റീസ് കെ സുരേന്ദ്രമോഹന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് വിഭാഗത്തില്‍പ്പെടുന്ന ബാറുകളെ ഒഴിവാക്കിക്കൊണ്ടുള്ള വിദേശമദ്യ ചട്ടങ്ങളിലെ ഭേദഗതിയും ഇത്തരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവും കോടതി റദ്ദാക്കി. എന്നാല്‍ 2014- 2015 കാലത്തെ അബ്കാരി നയത്തിലെ മറ്റ് കാര്യങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവര്‍ക്കും ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥ കോടതി ശരിവെച്ചു. ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് 2011-2012ലെ മദ്യനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നിലവില്‍ ലൈസന്‍സ് ഇല്ലാത്ത ത്രീസ്റ്റാര്‍, ടൂസ്റ്റാര്‍ ബാറുകള്‍ക്ക് മദ്യനയം ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2011-12ലെ മദ്യനയം സുപ്രീംകോടതി നേരത്തെ ശരിവച്ചിട്ടുണ്ടെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു.
ഇത്തരം ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികളും നിലവാരത്തെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടും കണക്കിലെടുത്താണ് 2012 മുതല്‍ ഇവയ്ക്ക് ലൈസന്‍സ് അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും കോടതി പറഞ്ഞു. ഇത് സുപ്രീം കോടതി ശരിവച്ചിട്ടുമുണ്ട്. അതിനാല്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം വിവേചനപരമാണെന്ന ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ വാദം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന തീരുമാനം നയപരമായതിനാല്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. നയം ദുരുദ്ദേശ്യപരമോ സ്വേച്ഛാപരമോ നീതിപൂര്‍വമല്ലാത്തതോ ആണെന്ന് വ്യക്തമായാല്‍ നയത്തില്‍ ഇടപെടാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ ഇക്കാര്യം സാധൂകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
ഘട്ടംഘട്ടമായി മദ്യനിരോധമെന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മദ്യനയം നടപ്പാക്കുന്നതെന്ന സര്‍ക്കാറിന്റെ വാദം നയം വിവേചനപരമാണോയെന്ന് പരിശോധിക്കുന്നതിന് തടസ്സമല്ല.
ലൈസന്‍സ് ഫീസ് സ്വീകരിച്ചതിന് ശേഷം പൊടുന്നനെ ബാര്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നത് നീതികരിക്കാനാവില്ലെന്നും കാലാവധി പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള ഉടമകളുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുതിയ മദ്യനയത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി താത്കാലിക ലൈസന്‍സ് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.
ഹോട്ടല്‍ നടത്തിപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുള്ളതിനാല്‍ പെട്ടെന്ന് ഇവ അടച്ചുപൂട്ടുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ഉടമകളുടെ വാദവും കോടതി അംഗീകരിച്ചില്ല. താത്കാലികമായി മാത്രമുള്ള ലൈസന്‍സാണെന്ന ബോധ്യത്തോടെയാണ് ബാറുകള്‍ ലൈസന്‍സ് പുതുക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
അബ്കാരി നയം രൂപവത്കരിച്ചത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണെന്നും ഗവര്‍ണറുടെ അനുമതി കൂടാതെയാണ് നയം പ്രാബല്യത്തില്‍ വരുത്തിയതെന്നുമുള്ള ഉടമകളുടെ വാദവും കോടതി തള്ളി. സര്‍ക്കാറിന്റെ മദ്യനയത്തിന് സെപ്തംബര്‍ 27ന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനാല്‍ ബാര്‍ ഉടമകളുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മന്ത്രിസഭ നയത്തിന് അംഗീകാരം നല്‍കുമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. സപ്തംബര്‍ 22ന് പ്രഖ്യാപിച്ച നയത്തിന് മന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് തെളിയിക്കാന്‍ മതിയായ വസ്തുതകളില്ലെന്നും കോടതി പറഞ്ഞു
മദ്യത്തിന്റെ ചില്ലറ വില്‍പ്പനക്ക് പൗരന് മൗലികാവകാശമുണ്ടെന്നും അതിനാല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതിലെ വിവേചനം കോടതിയുടെ പരിശോധനക്ക് വിധേയമാക്കുന്നതിന് തടസ്സമില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. മദ്യക്കച്ചവടം പൗരന്റെ മൗലികാവകാശമല്ലെന്ന സര്‍ക്കാര്‍ വാദം ചില്ലറ വില്‍പ്പനയുടെ കാര്യത്തില്‍ ബാധകമല്ല.
ഈ പശ്ചാത്തലത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന മദ്യനയത്തിലെ വ്യവസ്ഥ ഭരണഘടനാപരമാണോയെന്ന് പരിശോധിച്ചതെന്ന് കോടതി പറഞ്ഞു.