Connect with us

Articles

പൊന്തക്കാട് അത്ര മോശക്കാരനല്ല

Published

|

Last Updated

ഞെട്ടില്‍ നിന്നുയിരിടുന്ന പച്ച ഞരമ്പുകള്‍ കാട്ടി കുശലാന്വേഷണങ്ങളോടെ തലയാട്ടി നില്‍ക്കുന്ന വട്ടത്താമര നിറഞ്ഞുമുറ്റിയ വള്ളിക്കമ്പുകളില്‍ പടര്‍ന്നേറുന്ന കാട്ടുമുല്ല, കരിയിലകള്‍ പുതഞ്ഞ നിലത്തു നിന്നു പുഷ്ടിയോടെ മുളപൊട്ടുന്ന പാല്‍മുതക്കിന്‍ വള്ളികള്‍, ആ നിലത്തു വീണു വീണ്ടും മുളക്കാന്‍ പാകത്തില്‍ മൂത്തുനില്‍ക്കുന്ന കായ്കളുമായി അങ്ങിങ്ങ് സര്‍പ്പഗന്ധികള്‍, ഇലകളില്‍ നാരകത്തിന്റെ മണവുമായി കാട്ടു നാരകം, പേരറിയാത്ത ഏതൊക്കെയോ ഔഷധലതകള്‍…
അസംഖ്യം നാട്ടുചെടികള്‍ക്ക് അഭയമേകുന്ന ഇത്തരം പൊന്തക്കാടുകള്‍ നമ്മുടെ നാട്ടു പൈതൃകത്തിന്റെ അടയാളമായിരുന്നു. എന്നാല്‍ വെട്ടേറ്റ് കരിഞ്ഞ് വീണ ഈ നാട്ടുചെടിക്കൂട്ടം വര്‍ത്തമാനകാലത്ത് നമുക്ക് മുന്നില്‍ പതിവ് കാഴ്ചയായി മാറുന്നുവെന്നത് ആരെങ്കിലും കാണുന്നുണ്ടോ?
സ്വച്ഛഭാരതവും ശുചിത്വ കേരളവും നിര്‍മിക്കാന്‍ നേതാക്കളും അണികളും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും ചെറുതെന്ന് തോന്നുന്ന ഈ വലിയ കാര്യം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിക്കാറില്ലെന്നത് നൂറ് ശതമാനം ഉറപ്പിക്കാനാകുമെന്ന് ഈ “ക്രൂരകൃത്യത്തെ” കുറിച്ചുള്ള നിശബ്ദപ്രതികരണങ്ങളില്‍ നിന്ന് മാത്രം നമുക്ക് മനസ്സിലാക്കാനാകും. ശുചിത്വമെന്നാല്‍ റോഡരികിലും നടവഴിയോരത്തുമുള്ള കാട് മുഴുവന്‍ വെട്ടിവെളുപ്പിക്കലാണെന്ന തെറ്റിദ്ധാരണ പരത്തിയത് ഒരു പക്ഷേ, നമ്മുടെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥ മേധാവികള്‍ തന്നെയായിരിക്കും.
മഴക്കാല ശുചീകരണത്തിന്റെ പേരിലും ഗാന്ധിജയന്തി ആഘോഷങ്ങളിലും മാത്രം കണ്ടിരുന്ന ഈ വെട്ടിവെളുപ്പിക്കല്‍ ഇപ്പോള്‍ ദിവസേന തുടരുന്നുവെന്നത് ഒരു പക്ഷേ നാളുകള്‍ക്ക് ശേഷം വലിയ വിപത്തിലേക്ക് തന്നെ നമ്മെ കൊണ്ടെത്തിച്ചേക്കാം. വലിയ നഗരങ്ങളിലും റോഡിലെ കൊടും വളവുകളിലുമെല്ലാം വാഹനഗതാഗതത്തിനും മറ്റും തടസ്സമാകുന്ന കാടുകള്‍ വെട്ടിത്തെളിക്കുന്നത് തെറ്റായി കാണാനാകില്ല. എന്നാല്‍ ഈയടുത്ത കാലത്തായി റോഡരികിലും നാട്ടിന്‍പുറത്തെ വഴിയോരങ്ങളിലുമെല്ലാമുള്ള ചെറിയ പൊന്തക്കാടുകളും വള്ളിപ്പടര്‍പ്പുകളും വ്യാപകമായി അരിഞ്ഞിടുകയാണ്. ചുറ്റുമുള്ള മാലിന്യങ്ങളെ തൂത്തെറിയാന്‍ നാട്ടിലെ കുറ്റിക്കാടുകളും വള്ളിപ്പടര്‍പ്പുകളും വെട്ടിയൊതുക്കണമെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്. കാട് വെട്ടിയും ചെറിയ നീര്‍ത്തടങ്ങളില്ലാതാക്കിയും നാടൊട്ടുക്കും പടരുന്ന ശുചീകരണപ്രവര്‍ത്തനം ശുചീകരണമെന്ന പദത്തിന്റെ അര്‍ഥം തന്നെയല്ലേ യഥാര്‍ഥത്തില്‍ ഇല്ലാതാക്കിയത്?
അപൂര്‍വമായ നൂറുക്കണക്കിന് സസ്യജാലങ്ങളും ദൃഷ്ടിഗോചരമല്ലാത്തതും ആയതുമായി ജന്തു-ജീവി വര്‍ഗങ്ങളും ഈ ശുചീകരണ യഞ്ജത്തില്‍ തൂത്തെറിയപ്പെടുന്നത് ആരെങ്കിലും അറിയുന്നുണ്ടോ? റോഡരികിലെ കാട് വെട്ടലും റോഡരികിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റി പുല്ലുചെത്തിവൃത്തിയാക്കുന്നതും തൊഴിലുറപ്പ് പദ്ധതി വഴി നടത്താന്‍ പാടില്ലെന്ന് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ മുമ്പെരിക്കല്‍ പരാമര്‍ശം നടത്തിയത് നമ്മള്‍ കേട്ടതാണല്ലോ. തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള അടിക്കാട് വെട്ടല്‍ ഉപയോഗശൂന്യമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരാതി കേള്‍ക്കുന്ന വിദഗ്ധ സമിതിയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പാതയോരത്തെ കാടിന്റെ മഹത്വം വൈകിയെങ്കിലും തിരിച്ചറിഞ്ഞിട്ടാകണം ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടാവുക.
എന്നിട്ടും തൊഴിലുറപ്പുകാരും ശുചീകരണക്കാരും കാടുകള്‍ തെളിച്ചു കൊണ്ടേയിരിക്കുന്നു. ഇതു മൂലം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നു ഔഷധ സസ്യങ്ങള്‍ പൂര്‍ണമായും അന്യമായി കൊണ്ടിരിക്കുകയാണെന്നത് പച്ചയായ പരമാര്‍ഥമാണ്. പാടവരമ്പിലും നാട്ടിടവഴിയിലും നിന്നിരുന്ന പല ഇനങ്ങളെയും ഇന്ന് കണി കാണാന്‍ പോലും കിട്ടുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന തുമ്പയും മുക്കുറ്റിയും അപൂര്‍വ ഇനങ്ങളായ ഒരിലത്താമര, ചങ്ങലമ്പരണ്ട, ചെത്തിക്കൊടുവേലി, ചിറ്റരൂത, വയമ്പ്, ദശപുഷ്പങ്ങള്‍, നിലംപന, ചെങ്ങനീര്‍ക്കിഴങ്ങ് എന്നിങ്ങനെ 150 ഓളം വ്യത്യസ്ത ഇനങ്ങളും തീരെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന് നാട്ടു വൈദ്യന്മാര്‍ പറയുന്നുണ്ട്. വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന കുറുന്തോട്ടി, കരിങ്കുറിഞ്ഞി, പ്രമേഹത്തിനുള്ള മുഞ്ഞ, കൂവളം എന്നിവക്ക് ഇന്ന് മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വീട്ടു മുറ്റത്തും വഴിയോരങ്ങളിലും സമൃദ്ധമായി വളര്‍ന്നിരുന്ന ഇനങ്ങളായിരുന്നു ഭൂരിഭാഗം ഔഷധ സസ്യങ്ങളും. ഇന്ന് ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ഔഷധ ഇനങ്ങള്‍ ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
പാഴ്‌പൊന്തകളെന്ന പേരില്‍ കടപുഴക്കിയെറിയപ്പെടുന്ന പൊന്തക്കാടുകളും വള്ളിപ്പടര്‍പ്പുകളും പ്രാദേശിക സ്വഭാവമുള്ള പല സസ്യങ്ങളുടെയും ഗൃഹവൈദ്യവുമായി ബന്ധപ്പെട്ട മരുന്നുചെടികളുടെയും അതിജീവനത്തുരുത്തുകളാണ്; ഒരുപക്ഷെ ആയിരുന്നു എന്നു വേണം പറയാന്‍ ഈ പരിതസ്ഥിതിയില്‍. അമല്‍പൊരിയും പാല്‍മുതക്കും പോലുള്ള അമൂല്യ സസ്യങ്ങള്‍ തലയുയര്‍ത്തിയ പൊന്തക്കാടുകളെ, പ്രകൃതിയുടെ സ്വാഭാവികമായ വീണ്ടെടുപ്പുകളായി കാണണമായിരുന്നു. എന്നിട്ടും ഇതൊന്നും കാണാന്‍ നമ്മുക്ക് കണ്ണുണ്ടായില്ല.
ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന നൂറ് കണക്കിനു സസ്യങ്ങള്‍ വംശനാശഭീഷണിയിലെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വന്‍തോതില്‍ കണ്ടിരുന്ന കുറുന്തോട്ടി, കറ്റാര്‍വാഴ, തഴുതാമ, പൂവാംകുറുന്തല്‍, പഞ്ചാരക്കൊല്ലി തുടങ്ങി വിദേശികളായ മഗ്‌നോളിയാസ്, ഹൂഡിയ, ക്രോക്കസ്, യൂ മരം എന്നിങ്ങനെ നാനൂറോളം സസ്യങ്ങളാണ് കുറ്റിയറ്റുപോകുന്നത്. 120 രാജ്യങ്ങളിലായി ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. കുറ്റിയറ്റു പോകുന്ന ഏതാണ്ട് നാനൂറോളം സസ്യങ്ങളുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും യൂറോപ്പില്‍ കണ്ടുവരുന്ന യൂ മരത്തിന്റെ തൊലിയില്‍ നിന്നാണ് ക്യാന്‍സറിനുള്ള മരുന്നായ പാകഌടാക്‌സല്‍ നിര്‍മിക്കുന്നത്. ഒരു ഡോസ് മരുന്നിന് ആറ് മരങ്ങള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ഈ മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്. കള്ളിമുള്‍ച്ചെടി വിഭാഗത്തില്‍പ്പെട്ട ഹൂഡിയ വിശപ്പില്ലായ്മക്കുള്ള മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ്. നമീബിയയാണ് ഹൂഡിയയുടെ ജന്മദേശം. അര്‍ബുദം, ചിത്തഭ്രമം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നായി ചൈനക്കാര്‍ 5000 വര്‍ഷമായി ഉപയോഗിക്കുന്ന ചെടിയാണ് മഗ്‌നോളിയ. ഇതിന്റെ 50 ശതമാനത്തോളം വനനശീകരണം മൂലം നശിച്ചു കഴിഞ്ഞു. വനനശീകരണവും വന്‍തോതിലുള്ള ചൂഷണവുമാണ് ഈ ഔഷധ സസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്. ക്യാന്‍സറിനും എയ്ഡ്‌സിനും വരെ മരുന്ന് നിര്‍മിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ ഇനിയും കണ്ടെത്തി സംരക്ഷിച്ചില്ലെങ്കില്‍ അവയൊക്കെ ഈ ഭൂമുഖത്തു നിന്നുതന്നെ ഇല്ലാതാകും. കേരളത്തില്‍ നിന്ന് തദ്ദേശീയമായ സസ്യജാതികള്‍ പലതും അതിവേഗം അപ്രത്യക്ഷമാകുന്നുവെന്നത് പഠനങ്ങളില്‍ തെളിഞ്ഞതാണ്. തനത് ആവാസ വ്യവസ്ഥകളുടെ നാശത്തിന്റെ രൂക്ഷത മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യജാതികളുടെ എണ്ണം അമ്പരപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കാന്‍ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയായ ഐ സി യു എന്നിന്റെ ചുവന്ന പട്ടികയില്‍ (റെഡ് ലിസ്റ്റ്) കേരളത്തിലെ 5094 ഇനം സസ്യങ്ങളില്‍ 493 എണ്ണം ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇല്ലാതായേക്കാന്‍ സാധ്യതയുള്ള 493 ഇനം സസ്യജാതികള്‍ക്കു പുറമെ മുപ്പത് ഇനം സസ്യങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വേങ്ങ, കാട്ടുതെങ്ങ് (മലന്തെങ്ങ്), അശോകം, വാതംകൊല്ലി മരം, കുമുദ്, ഓരിലത്താമര, കാശാവ്, ചുവന്ന അകില്‍, നീര്‍വഞ്ചി, നെല്ലിക്കപ്പുളി, പറട്ടി, മഞ്ഞപ്പുന്ന, മലമ്പുളി, മുത്താറിവള്ളി, വെളുത്തപാല, വ്യാളിത്തണ്ടന്‍ കാട്ടുചേന തുടങ്ങി പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്ന സസ്യ ഇനങ്ങളാണ് അതീവ വംശനാശ ഭീഷണിയുള്ളവയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. മലബാര്‍ കീനോട്രീ, മാര്‍സുപ്പിയം തുടങ്ങിയ ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന വേങ്ങ ഏറ്റവുമടുത്ത കാലം വരെ നമ്മുടെ പറമ്പുകളില്‍ സജീവമായി കാണപ്പെട്ടിരുന്ന ഒരിനം സസ്യമാണ്. 30 മീറ്റര്‍ ഉയരത്തില്‍ വളരുന്ന വേങ്ങ ഏറ്റവും വലിയ അണുനാശക ശക്തിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ നിത്യഹരിത മരങ്ങളില്‍ ഒന്നായ കാരാഞ്ഞിലി ഗുരുതരമായ വംശനാശത്തിന്റെ വക്കിലായതിനാല്‍ ഇവയെ വനങ്ങളില്‍ കൃത്രിമമായി നട്ടുപിടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. “സൈസീജിയം ട്രാവന്‍കോറിക്ക” എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന വാതംകൊല്ലി, പൊരിയന്‍ എന്നീ പേരുകളുള്ള കുളവെട്ടിമരം ചെങ്കല്‍ക്കുന്നുകളുടെ നാശം മൂലമാണ് വംശനാശത്തിന്റെ വക്കിലെത്തിയത്. ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരുപടലം കൊണ്ട് തടഞ്ഞുനിര്‍ത്തി വൃക്ഷം നില്‍ക്കുന്ന പ്രദേശം ചതുപ്പുനിലമാക്കി മാറ്റാന്‍ കഴിവുള്ള കുളവെട്ടിയുള്ള പ്രദേശങ്ങളില്‍ ഒരിക്കലും ജലക്ഷാമമുണ്ടാകാറില്ല. അകില്‍, കാട്ടമ്പഴം, കാട്ടുമല്ലി, ആറ്റുവയന തുടങ്ങിയ മരങ്ങളും അടുത്തിടെ ചുവന്ന പട്ടികയിലിടം നേടിയവയാണ്. പോളിയാലിതമഫ്‌ന്റെസ് (ചെറിയ മരം), െ്രെഡപെറ്റ്‌സ് ട്രാവന്‍മൂറിക്ക (വന്‍ വൃക്ഷം), ഡാല്‍ബെര്‍ജിയ ്‌ലഴലമേട്രോവന്‍കൂറിക്ക (വള്ളി), ബര്‍മാനിയ ഇന്‍ഡിക്ക, ബര്‍മാനിയ സിട്രിക്ക (ഔഷധ സസ്യം) തുടങ്ങിയ 30 ഇനം സസ്യങ്ങളാണ് അപ്രത്യക്ഷമായിട്ടുള്ളത്. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ ചുവന്ന പുസ്തകത്തില്‍ കേരളത്തിലെ വനങ്ങളില്‍ കാണുന്ന നിരവധി ചെടികള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. കാശിത്തുമ്പ ഇനത്തില്‍പ്പെട്ട ചെടികള്‍ നമ്മുടെ മലമുടികളിലുണ്ട്. ഇംപേഷ്യന്‍സ് എന്ന ജനുസ്സില്‍പ്പെട്ട ചില മലങ്കാശിത്തുമ്പകളുടെ ഇനം കുറ്റിയറ്റു പോയതായി ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ അപൂര്‍വമായ മലബാര്‍ ഡാഫോഡില്‍, ബോക്കി കൊറിത്തിഡ് വൈറ്റി തുടങ്ങിയ ഓര്‍ക്കിഡുകള്‍ പശ്ചിമഘട്ട മലയില്‍ തീര്‍ത്തും വംശനാശ ഭീഷണി നേരിട്ടവയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. നിശ്ചിത കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും മാത്രം നിലനില്‍ക്കുന്ന സസ്യജനുസ്സുകള്‍ അപ്രത്യക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം നാശത്തിന് ആക്കം കൂട്ടാന്‍ ശുചീകരണത്തിന്റെ പേരില്‍ നമ്മളും നമ്മളാല്‍ കഴിയുന്നത് ചെയ്യുന്നു.
നമ്മുടെ ജീവിതശൈലി പാടെ മാറിയപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകിയെന്നതിനെക്കുറിച്ച് ഇപ്പോഴും നാം ബോധവാന്‍മാരല്ലെന്നതാണ് വീട്ടു പറമ്പിന് പുറത്തേക്ക് ചൂലുമായി പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നാലും അഞ്ചും സെന്റില്‍ വീടുകളും ഫഌറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡിന്റെ അരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാന്‍ തുടങ്ങി. കേരളീയന്റെ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ “പെരുമാറ്റ ദൂഷ്യ”ത്തെ അകറ്റണമെങ്കില്‍ ഇനിയെങ്കിലും ഓരോ ഗൃഹസ്ഥനും സ്വന്തം നിലക്ക് ശ്രമിച്ചേ മതിയാകൂ. മാലിന്യം ഉത്പാദിപ്പിക്കുന്നവര്‍ തന്നെ അതിന്റെ സംസ്‌കരണത്തിലേക്ക് തിരിയുക എന്നതാണ് ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ ചുവടുവെപ്പ്. മാലിന്യം ഇന്ന് ഏറ്റവും വലിയ പ്രശ്‌നമാണ്. വീടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി പൊതു ഇടങ്ങള്‍ മലിനമാക്കാന്‍ നമുക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. വീട്ടില്‍ സൂക്ഷിച്ചു വെച്ച മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി ഇരുട്ടില്‍ അടുത്ത പറമ്പിലോ തെരുവോരത്തോ കളയാന്‍ വിദ്യാഭ്യാസവും ശുചിത്വബോധവും നമ്മെ തടയുന്നില്ല. ഹോട്ടലുകളും ആശുപത്രികളും മാലിന്യം പുഴകളിലേക്ക് ഒഴുക്കി വിടുന്നു. രാത്രികളില്‍ അറവുശാലകളിലെ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന് റോഡരുകിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച് ആളുകള്‍ ഓടി മറയുന്നു.നമ്മുടെ ഒരോ അടുക്കളയും പ്രതിമാസം ഏഴ് മുതല്‍ 10 കിലോ വരെ വേയ്സ്റ്റ് ആണ് സംഭാവന ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ നാട് അനുഭവിക്കുന്ന ഗൗരവമേറിയ പ്രശ്‌നമാണ് മാലിന്യ പ്രശ്‌നം മലയാളിയുടെ ശുചിത്വബോധത്തെ ഇപ്പോള്‍ മറ്റുള്ളവര്‍ പരിഹസിച്ചു തുടങ്ങിയിട്ടുണ്ട്.എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിക്കും, പല്ല് തേക്കും, കക്കൂസില്‍ പോയാല്‍ ശൗചം ചെയ്യും. കഴിഞ്ഞു ശുചിത്വ ബോധം. ഒരാളും തന്റെ പരിസരത്തെക്കുറിച്ച് ഉത്കണ്ഠാകുലനല്ല. അതൊക്കെ മറ്റുള്ളവര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലെ? ഈയൊരു ബോധം മാറ്റാത്ത കാലത്തോളം നമ്മുടെ നാട് നന്നാവില്ല. എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാല്‍ കടമയുടെ കാര്യത്തില്‍ അതില്ലതാനും.
കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന്റെ വസ്തുനിഷ്ഠകാരണങ്ങള്‍ കണ്ടെത്തി, കുറവുകള്‍ പരിഹരിച്ച് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബൃഹത്തായ ഒരുപുതിയ ശുചിത്വ പരിപാടിയാണ് നടപ്പിലാക്കേണ്ടത്. നാം വിജയകരമായി നടപ്പിലാക്കിയ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാവുന്നതാണ്. മാലിന്യങ്ങള്‍ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവത്കരണവും സമുചിത സാങ്കേതിക വിദ്യകളുടെ വ്യാപനവുമാണ് വിഭാവനം ചെയ്യേണ്ടത്. ശുചിത്വ ബോധം മലയാളികളുടെ സാമൂഹിക ബോധത്തിന്റെ ഭാഗമാക്കാനും ശുചിത്വ സംസ്‌കാരം നാട്ടിലെങ്ങും വ്യാപിപ്പിക്കാനും നമുക്ക് കഴിയണം. ഇതില്‍ കുറഞ്ഞ ഒന്നുകൊണ്ടും മാലിന്യ വിമുക്തമായ കേരളം കെട്ടിപ്പടുക്കാനാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി