International
ഇസ്‌റാഈല്‍ പാര്‍പ്പിട നിര്‍മാണം: യു എന്‍ സുരക്ഷാ സമിതി യോഗം ചേരുന്നു
വാഷിംഗ്ടണ്‍: ഫലസ്തീന്‍ ഭൂമി കൈവശപ്പെടുത്തി ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത പാര്‍പ്പിട നിര്‍മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരുന്നു. ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ കത്തയച്ചതിനെ തുടര്‍ന്ന് ജോര്‍ദാനാണ് അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. കിഴക്കന്‍ ജറുസലമില്‍ നടക്കുന്ന അധിനിവേശത്തെ തുടര്‍ന്നുള്ള പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2016 ഓടെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് സുരക്ഷാ കൗണ്‍സില്‍ ചേരുന്നത്.
ഫലസ്തീനില്‍ അധിനിവേശം നടത്തി പിടിച്ചെടുത്ത ഭൂമിയില്‍ ആയിരം പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈല്‍ മന്ത്രിസഭ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തുമെന്ന് ഫലസ്തീനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജോര്‍ദാനയച്ച കത്തില്‍, ഇസ്‌റാഈല്‍ ഈ നീക്കത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്മാറണമെന്നും സമാധാനത്തിന്റെയും ചര്‍ച്ചയുടെയും പാതയിലേക്ക് ആ രാജ്യം വരണമെന്നും ഫലസ്തീന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഇസ്‌റാഈലിന്റെ പ്രകോപനപരമായ തീരുമാനത്തെ വിമര്‍ശിച്ച് അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ ഇസ്‌റാഈല്‍, ഇസ്‌റാഈലിനെതിരെയുള്ള പ്രസ്താവനകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയാണെന്നും നെതന്യാഹു വാദിച്ചു.
പാര്‍പ്പിട നിര്‍മാണ നീക്കം, ഫലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള നീക്കങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും ഈ നീക്കം യൂറോപ്യന്‍ യൂനിയന്റെയും ഇസ്‌റാഈലിന്റെയും ഇടയിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്നും യൂറോപ്യന്‍ യൂനിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ, ഇസ്‌റാഈല്‍ തീരുമാനത്തില്‍ ഉത്കണ്ഠയുണ്ടെന്നും പുതിയ പദ്ധതി സമാധാന ചര്‍ച്ചകളുമായി യോജിച്ചുപോകുന്നതല്ലെന്നും അമേരിക്കയും ഓര്‍മപ്പെടുത്തി.
എന്നാല്‍ ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ജറുസലേമെന്ന തങ്ങളുടെ അനശ്വര തലസ്ഥാനം നിര്‍മിക്കുന്നത് തുടരുമെന്നും നേതന്യാഹു വെല്ലുവിളിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ വ്യക്തമാണ്. കുടിയേറ്റ നിര്‍മാണ പദ്ധതികള്‍ നിയമവിരുദ്ധവുമാണ്. നിര്‍മാണപ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്നത് രണ്ട് രാഷ്ട്രങ്ങളുടെയും പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.