Connect with us

Kerala

കമ്പനികള്‍ 1197 പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങുന്നു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളുടെ എണ്ണം ഇരട്ടിയോളമാക്കി വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ നടപടി തുടങ്ങി. രണ്ടായിരത്തോളം പെട്രോളിയം ഡീലര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് മൂന്ന് എണ്ണ കമ്പനികള്‍ ചേര്‍ന്ന് പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
പുതുതായി 1197 പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് അപേക്ഷകരെ ക്ഷണിച്ച് എണ്ണ കമ്പനികള്‍ കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 278 പമ്പുകളും ഇന്ത്യന്‍ ഓയില്‍ 687 പമ്പുകളും ഹിന്ദുസ്ഥാന്‍ പെട്രോളിയം 232 പമ്പുകളുമാണ് പുതുതായി തുടങ്ങുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ 2012ല്‍ ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായാണ് എണ്ണ കമ്പനികള്‍ പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നതെന്ന് ആരോപിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയെ പ്രശ്‌നത്തില്‍ ഇടപെടുവിച്ച് എണ്ണ കമ്പനികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
2012ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എണ്ണ കമ്പനികളുടെ യോഗം വിളിച്ച് പുതിയ പമ്പുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ചില ധാരണകളുണ്ടാക്കിയത്. ദേശീയ പാതകളില്‍ 350 കിലോ ലിറ്ററും സംസ്ഥാന പാതകളില്‍ 250 കിലോ ലിറ്ററും മറ്റ് സ്ഥലങ്ങളില്‍ 100 കിലോ ലിറ്ററും അതിന് താഴെയും പ്രതിമാസ വില്‍പനയുള്ള പമ്പുകളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ പമ്പുകള്‍ ആരംഭിക്കില്ലെന്നതായിരുന്നു അന്നത്തെ യോഗത്തിലെ ധാരണ. മൂന്ന് എണ്ണ കമ്പനികളും ഈ ധാരണ അംഗീകരിച്ചിരുന്നു. പുതിയ പമ്പുകള്‍ തുടങ്ങുന്നത് ചോദ്യം ചെയ്ത് ഡീലര്‍മാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാനദണ്ഡം പാലിച്ചു മാത്രമേ പമ്പുകള്‍ അനുവദിക്കാവൂ എന്ന് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ ഉത്തരവും നല്‍കി. എന്നാല്‍ എണ്ണ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിന് ശേഷം ഡീലര്‍മാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പുതിയ പമ്പുകള്‍ അനുവദിക്കാനുള്ള നീക്കം കമ്പനികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

Latest