Connect with us

Kerala

കാന്തപുരത്തിന് പൗരസ്വീകരണം കോഴിക്കോട് ടാഗോര്‍ ഹാളില്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ശ്രദ്ധയാകര്‍ഷിച്ച കര്‍ണാടക യാത്രക്ക് ശേഷം കേരളത്തിലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരമൊരുങ്ങുന്നു. മാനവസമൂഹത്തെ മാനിക്കുക എന്ന പ്രമേയമുയര്‍ത്തി നടത്തിയ കര്‍ണാടക യാത്രക്ക് ലഭിച്ച സ്വീകാര്യതയും സ്വീകരണ കേന്ദ്രങ്ങളിലെ വന്‍ ജനാവലിയും മതേതര ഇന്ത്യയുടെ ഭാവി സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. മാനവ നന്മകള്‍ കൈയൊഴിഞ്ഞ് വര്‍ഗീയതയുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിറകെ സഞ്ചരിക്കാനുള്ള പ്രവണതകള്‍ക്കെതിരെ സമൂഹമനസ്സാക്ഷി ഉണര്‍ത്താന്‍ കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് കഴിഞ്ഞു എന്നാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മലയാളിയായ ഒരു മുസ്‌ലിം പണ്ഡിതന്റെ നേതൃത്വത്തില്‍ നടന്ന യാത്രയായിട്ടും കര്‍ണാടകയിലെ ഭരണ, രാഷ്ട്രീയ പ്രമുഖരും വിവിധ മതനേതാക്കളും ആശീര്‍വദിക്കാനെത്തിയത് കേരളീയ സമൂഹത്തിന്റെ മാനവികസൗഹൃദ പാരമ്പര്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് കാന്തപുരത്തിന് കോഴിക്കോട്ട് പൗരസ്വീകരണം നല്‍കുന്നത്.
നവംബര്‍ മൂന്ന് തിങ്കളാഴ്ച കാലത്ത് 9.30 ന് ടാഗോര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ് എം പി, കെ മുരളീധരന്‍ എം എല്‍ എ, അഡ്വ പി ടി എ റഹീം എം എല്‍ എ, ബി ജെ പി ദേശീയസമിതി അംഗം പി എസ് ശ്രീധരന്‍ പിള്ള, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം സാഹിര്‍, ഡി സി സി പ്രസിഡണ്ട് കെസി അബു, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹ്ബൂബ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

Latest