National
മംഗലാപുരം ഒരുങ്ങുന്നു; മഹായാത്രയെ വരവേല്‍ക്കാന്‍
മംഗലാപുരം: ചരിത്രം രചിച്ച കാന്തപുരത്തിന്റെ കര്‍ണാടക യാത്രയുടെ സമാപന സംഗമത്തിനായി മംഗലാപുരത്ത് വിപുലമായ ഒരുക്കം. അഷ്ടദിക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങുകയാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങുക. യാത്രയുടെ ഭാഗമായി തയ്യാറാക്കുന്ന നിവേദനം കര്‍ണാടക മുഖ്യമന്ത്രിക്ക് കൈമാറി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എ കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, മന്ത്രി ബിരാമനാഥ റൈ, എം പി നളിന്‍ കുമാര്‍ കട്ടീല്‍, എം എല്‍ എ മൊയ്തീന്‍ ബാവ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി സംബന്ധിക്കും.
ഇന്ന് മൈസൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിനും വിപുലമായ ഒരുക്കങ്ങളായിട്ടുണ്ട്. മൈസൂര്‍ ജില്ലാ എസ് എസ് എഫ്, നൂറുല്‍ ഇസ്‌ലാം സഭ, ബ്യാരി അസോസിയേഷന്‍, തഹഫുസെ സുന്നിയ, അന്‍ജുമാന്‍ അഹ്‌ലു സുന്ന, ദഅ്‌വത്തെ ഇസ്‌ലാമി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് മൈസൂരിലെ സമ്മേളനം. മൈസൂര്‍-ബംഗളുരൂ അതിര്‍ത്തിയില്‍ നിന്ന് 313 ബൈക്കുകളുടെ അകമ്പടിയോടെ യാത്രയെ ശ്രീരംഗപട്ടണത്തേക്ക് ആനയിക്കും. ഉന്‍സൂര്‍ ദര്‍ഗ, ഗുണ്ടല്‍പ്പേട്ട, കെ ആര്‍ നഗര്‍, പാടന്തറ, നീലഗിരി, നഞ്ചന്‍കോട് ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മൈസൂരിലെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും.