Connect with us

Ongoing News

ജനസാഗരം സാക്ഷി: കര്‍ണാടക യാത്രക്ക് ഉജ്ജ്വല പരിസമാപ്തി

Published

|

Last Updated

മംഗളൂരു: മഹാപ്രവാഹമായി ഒഴുകിയെത്തിയ ജനസഞ്ചയം. അണമുറിയാത്ത ആവേശത്തിന്റെ അലകള്‍. മത, സാമൂഹിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ ഭരണ നേതൃത്വവും സംഗമിച്ച വേദി. ഈ ചരിത്രമുഹൂര്‍ത്തം സാക്ഷ്യം വഹിച്ച സായാഹ്നത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച കര്‍ണാടക യാത്രക്ക് പ്രൗഢമായ പരിസമാപ്തി. ഒരു പുതിയ ചരിത്രത്തിന്റെ യുഗപിറവിയായിരുന്നു ഇന്നലെ മംഗളൂരുവില്‍. ഒഴുകി വന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നെഹ്‌റു സ്റ്റേഡിയം വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍. കന്നട മണ്ണിലെ സുന്നി നവജാഗരണം ജയിച്ചടക്കുകയായിരുന്നു ഇന്നലെ. കേരളത്തിന് സമാനമായിരുന്നു കര്‍ണാടകയിലെ ഈ മുന്നേറ്റവും. സ്‌നേഹത്തിന്റെ ശാന്തിദൂതുമായെത്തിയ ജനനായകനെ ഒരു നാട് മുഴുവന്‍ ഹൃദയം കൊണ്ട് വരവേറ്റു. പണ്ഡിത ജ്യോതിസ്സുകളുടെ നീണ്ടനിരയാണ് ആശീര്‍വാദിക്കാനെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെ അരഡസന്‍ മന്ത്രിമാരും എം എല്‍ എ, എം പിമാരും പിന്തുണയുമായെത്തി. സമാപന സമ്മേളനം മംഗളൂരുവിന്റെ മതസൗഹാര്‍ദ ചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഇടക്ക് പെയ്ത മഴ ആവേശം ഒട്ടും ചോര്‍ത്തിയില്ല.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയായിരുന്നു കോരിച്ചൊരിയുന്ന മഴയെത്തിയത്. മഴ അല്‍പ്പ നേരം നീണ്ടെങ്കിലും സ്റ്റേഡിയത്തിലുണ്ടായിരുന്ന ജനലക്ഷങ്ങള്‍ ഇരിപ്പിടം വിട്ടില്ല. ഇതുകണ്ട മുഖ്യമന്ത്രിക്ക് അത്ഭുതം. ഈ അച്ചടക്കം മറ്റെവിടെയും കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിന് നാന്ദിക്കുറിച്ച് കൊണ്ടുള്ള എസ് എസ് എഫ് കര്‍ണാടക യെസ് ടീം റാലി പാമ്പുവയില്‍ നിന്നാരംഭിച്ചു.
പ്രത്യേക യൂനിഫോം ധരിച്ച് അച്ചടക്കത്തോടെ നീങ്ങിയ യെസ് ടീം റാലി മംഗളൂരു നഗരത്തിന് നവ്യാനുഭവമായി. സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കര്‍ണാടകയുടെ വികസന പ്രശ്‌നങ്ങളും ന്യൂനപക്ഷ പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടി തയ്യാറാക്കിയ നിവേദനം കാന്തപുരം മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിമും ചേര്‍ന്ന് മുഖ്യമന്ത്രി നല്‍കി. പ്രമുഖ വിദേശ വ്യവസായി ഡോ. ശംസീറിന് മര്‍കസ് ഹുമാനിറ്റേറിയന്‍ പുരസ്‌കാരവും ഡോ. ശൈഖ്ബാവക്ക് മാനവ സേവാ പുരസ്‌കാരവും കര്‍ണാടക മുഖ്യമന്ത്രി സമ്മാനിച്ചു.
കര്‍ണാടക വനം മന്ത്രി ബി രാമനാഥറൈ, ആരോഗ്യ മന്ത്രി യു ടി ഖാദര്‍, നഗരവികസന മന്ത്രി വിനയകുമാര്‍ സുറാഖെ, യുവജനക്ഷേ മന്ത്രി അജയചന്ദ്രന്‍ ജൈന്‍, ബംഗളൂരു എം പി നളിന്‍കുമാര്‍ ഖത്തീല്‍, മംഗളൂരു മേയര്‍ മഹാബാലമാര്‍ത്ത, വിശ്വകര്‍മ്മ അധ്യക്ഷന്‍ കെ പി നഞ്ചുണ്ടി ഉഡുപ്പി, ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശേഷ്വ തീര്‍ഥ സ്വാമിജി, മംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഫാ. വലേറിയന്‍ ഡിസൂസ, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, എം എല്‍ എമാരായ ബി എ മുഹ്‌യിദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു. യേനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ യേനപ്പോയ വൈ അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങിയത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യൂസുഫ് കോയ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി തുടങ്ങിയവരും പ്രസംഗിച്ചു.

Latest