Connect with us

National

ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പ് വരുത്തും: സിദ്ധരാമയ്യ

Published

|

Last Updated

മംഗളുരു: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ. വര്‍ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എസ് എസ് എഫ് നടത്തുന്ന ചെറുത്ത് നില്‍പ്പ് അഭിനന്ദനാര്‍ഹമാണ്. നന്മ നിറഞ്ഞ സന്ദേശവുമായി പ്രായാധിക്യം മറന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ കര്‍ണാടക യാത്രയിലൂടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക യാത്രയുടെ സമാപന സമ്മേളനം മംഗളുരുവിലെ നെഹ്‌റു മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയതയും തീവ്രവാദവും ഒരുനിലക്കും സഹിക്കാന്‍ കഴിയില്ല. ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും വര്‍ഗീയ വാദിയാകാന്‍ കഴിയില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏത് മതസ്ഥര്‍ ഇടപെട്ടാലും അംഗീകരിക്കാന്‍ നിര്‍വാഹമില്ല. രാഷ്ട്ര നിര്‍മാണത്തിന്റെ മുഖ്യസാന്നിധ്യമായ യുവാക്കള്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. ഇക്കാര്യത്തില്‍ എസ് എസ് എഫിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത് വകവെച്ച് നല്‍കേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കുമ്പോള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്ന വിമര്‍ശം കേള്‍ക്കാറുണ്ട്. തനിക്കെതിരെയും ഇങ്ങിനെയൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. എന്ത് വിമര്‍ശം ആര് ഉന്നയിച്ചാലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല. പ്രായാധിക്യത്തിലും കര്‍ണാടകയിലൂടെ 2700 കിലോമീറ്ററോളം കാന്തപുരം സഞ്ചരിച്ചത് മാനവികതയെ ഉണര്‍ത്താനാണ്. അദ്ദേഹം യാത്രക്കിടെ ചില കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തി. അവ സര്‍ക്കാര്‍ നടപ്പാക്കും. നിങ്ങളുടെ അച്ചടക്കം എന്നെ അത്ഭുതപ്പെടുത്തി. ഇത്തരമൊരു സമൂഹത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കര്‍ണാടക യാത്ര കര്‍ണാടകയില്‍ പരസ്പര സ്‌നേഹവും ഐക്യവും ഉണ്ടാക്കുന്നതില്‍ സര്‍ക്കാറിന് സാധിക്കുന്നതിനേക്കാള്‍ ഒരു മുഴം മുന്നില്‍ നില്‍ക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.

Latest