Connect with us

Kerala

ബാര്‍കോഴ വിവാദം: പ്രതിച്ഛായ നഷ്ടപ്പെട്ട് കേരളാ കോണ്‍ഗ്രസ്

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ സംശയത്തിന്റെ നിഴലിലായ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയും കര്‍ഷക പാര്‍ട്ടിയും പ്രതിച്ഛായ വീണ്ടെടുക്കാന്‍ പാടുപെടുന്നു. കുറേ കാലമായി കെ എം മാണി മനസ്സില്‍ സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രി പദവി എന്ന സ്വപ്‌നം ഇതോടെ അലിഞ്ഞില്ലാതാവുകയാണ്. നാളിതുവരെയുണ്ടായിരുന്ന മാണിയുടെ അഴിമതി രഹിതമുഖമാണ് ബാര്‍കോഴ വിവാദത്തോടെ നഷ്ടമായിരിക്കുന്നത്. മാണിയുടെ രാജി ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയതും കേരളാ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പുതിയ വിവാദങ്ങള്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നടന്ന ചില അണിയറ നീക്കങ്ങളുടെ മുനയൊടിക്കുകയും ചെയ്തു. അഴിമതിയുടെ കറ പുരണ്ട കെ എം മാണിയെ ഇനി ചുമക്കേണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മാണിയുടെ രാജി ആവശ്യവുമായി പിണറായി രംഗത്തെത്തിയതെന്നാണ് സൂചന. യു ഡി എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഏകമനസ്സോടെ മാണിയെ സംരക്ഷിക്കാന്‍ രംഗത്തുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന മോശം പ്രതിച്ഛായ എങ്ങനെ വീണ്ടെടുക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ വിഭാഗമാണ് കെ എം മാണിക്കെതിരെ കരുക്കള്‍ നീക്കിയതെന്ന വികാരമാണ് ശനിയാഴ്ച കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗത്തിലുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയെ പേരെടുത്ത് വിമര്‍ശിച്ചാല്‍ കെ എം മാണി സി പി എമ്മുമായി നടത്തിയ ചര്‍ച്ചകളും ബാര്‍ കോഴ വിവാദത്തിന്റെ ബാക്കിപത്രവും വെളിച്ചെത്ത് എത്തിയേക്കാമെന്ന ആശങ്കയും യോഗത്തില്‍ നേതാക്കളില്‍ നിന്നുണ്ടായി. ഇക്കാരണങ്ങളാല്‍ കോഴ വിവാദത്തില്‍ പരസ്യവിഴുപ്പലക്കുകള്‍ കഴിവതും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കെ എം മാണി കൂടെയുള്ളവരോട് അഭ്യര്‍ഥിച്ചത്. മാണിയുടെ പുതിയ രാഷ്ട്രീയ ബാന്ധവത്തിന് തടയിടാന്‍ മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എ വിഭാഗം നേതാക്കള്‍ കാലേകൂട്ടി ഉറപ്പിച്ചിരുന്നു. എക്‌സൈസ് മന്ത്രി കെ ബാബു, എ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് ബെന്നി ബഹന്നാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേരളാ കോണ്‍ഗ്രസ് നീക്കങ്ങളെ ഇല്ലാതാക്കിയതെന്നും സൂചനയുണ്ട്. മാണിക്കെതിരായ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തെയോ സി പി എമ്മിനെയോ കുറ്റപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും പറഞ്ഞ് അഴിമതി ആരോപണങ്ങളുടെ വീര്യം കുറക്കാനാണ് കേരളാ കോണ്‍ഗ്രസ് ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വിലപേശല്‍ ശക്തിയായി നിലനിന്നിരുന്ന കേരളാ കോണ്‍ഗ്രസിന് പുതിയ വിവാദങ്ങള്‍ ഏറെ തിരിച്ചടിയാവുകയും ചെയ്തു. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമായി ഏറെക്കാലമായി നടന്നുവന്ന പ്രചരണങ്ങളുടെ മുനയൊടിക്കാനും ബാര്‍ കോഴ വിവാദങ്ങള്‍ വഴിവെച്ചിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന്റെയും നിയമസഭാ സമാജികനായി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ എം മാണിയുടെയും സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കോഴ വിവാദം ഉണ്ടാക്കിയിരിക്കുന്ന നാണക്കേട് മാറ്റാന്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്ന വിലയിരുത്തലും നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. പാലായിലെ പാലാഴി ടയേഴ്‌സ് സഹകരണ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മുമ്പ് കെ എം മാണിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളത്. തിരഞ്ഞെടുപ്പു വേളകളില്‍ എതിരാളികള്‍ മാണിക്കെതിരെ പാലാഴി ടയേഴ്‌സ് ഇടപാട് ഉയര്‍ത്താറുണ്ടെങ്കിലും വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് സാധിക്കാറില്ല.

Latest