National
'കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ ?'
മംഗളൂരു: “ഇതൊന്തു യാത്രയല്ല, ഹൊറതു ഒന്തു പ്രവാഹവാഗിതെ, ഈ രീതി ഒന്തു നടസലു കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ.?”
സുള്ള്യയില്‍ നിന്ന് ഇന്നലെ മംഗലാപുത്തേക്ക് നീങ്ങിയ കര്‍ണാടക യാത്ര ഉപ്പിനങ്ങാട് ടൗണിലെത്തിയപ്പോള്‍ അവിടെ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തിലൊരാള്‍ അറിയാതെ പറഞ്ഞ് പോയ വാക്കുകളാണിത്. യാത്രയെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ചെവിചേര്‍ത്ത് പിടിച്ച് അര്‍ഥം തേടിയപ്പോഴാണ് പറഞ്ഞ വാക്കുകളുടെ വ്യാപ്തി ബോധ്യമായത്. ഇതൊരു യാത്രയല്ല, മറിച്ചൊരു പ്രവാഹമാണ്, ഇങ്ങിനെയൊന്ന് നടത്താന്‍ കാന്തപുരത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും?.
ഒരു സാധാരണക്കാരനെ ഈ യാത്ര എത്രമേല്‍ സ്വാധീനിച്ചെന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഈ വാക്കുകള്‍. ഏത് വിശേഷണങ്ങള്‍ക്കുമപ്പുറമായിരുന്നു ഈ യാത്ര. കന്നട മണ്ണിനെ ഉഴുതുമറിച്ച ഒരു മഹാപ്രവാഹം. മാനവകുലത്തെ ആദരിക്കാനുള്ള ആഹ്വാനം ഒരു നാട് മുഴുവന്‍ നെഞ്ചേറ്റുകയായിരുന്നു.
വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കുകയായിരുന്നു കര്‍ണാടക യാത്ര. രാഷ്ട്രീയ ചേരിതിരിവില്‍ പരസ്പരം പോരടിക്കുന്നവര്‍ ഈ യാത്രയില്‍ ഒരുമിച്ചിരുന്നു. സ്‌നേഹദൂതുമായെത്തിയ കാന്തപുരത്തിന്റെ വാക്കുകള്‍ക്കായി ഒരു നാട് മുഴുവന്‍ കാതോര്‍ത്തിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ അതിനെ പുകഴ്ത്താന്‍ ആരും പിശുക്ക് കാണിച്ചില്ല. ഹിന്ദുസന്ന്യാസിമാര്‍ മുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വരെ കാന്തപുരം നല്‍കുന്ന സന്ദേശത്തിന്റെ അന്തസത്തയെ പാടി പുകഴ്ത്തി.
വേണ്ടിടത്ത് വേണ്ടത് നല്‍കിയായിരുന്നു കര്‍ണാടക യാത്രയുടെ പ്രയാണം. ദുരിതക്കയം താണ്ടുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമാണെങ്കില്‍ വിഭാഗീയതയുടെ വിഷം മുളക്കുന്നിടത്ത് സ്‌നേഹദൂത് പകര്‍ന്നു. മാതൃകാ പ്രബോധനത്തില്‍ കാന്തപുരം പുതിയ മാതൃക രചിക്കുകയായിരുന്നു.
കര്‍ണാടക ഘടകം എസ് എസ് എഫ് ആണ് യാത്ര സംഘടിപ്പിച്ചതെങ്കിലും തുടങ്ങിയതോടെ അത് കര്‍ണാടക ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സ്വീകരണ സമ്മേളനങ്ങളൊരുക്കാന്‍ ഒരു നാട് മുഴുവന്‍ സംഘാടകരാകുന്ന അപൂര്‍വ കാഴ്ച്ചയാണ് ഈ യാത്രയില്‍ കണ്ടത്. കര്‍ണാടകയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തി. പ്രധാന നഗരങ്ങളിലെല്ലാം വലിയ കമാനങ്ങളും ഹോര്‍ഡിംഗ്‌സുകളുമൊരുക്കി. മാനവ സമൂഹത്തിന്റെ ആദരവിനുള്ള കാന്തപുരത്തിന്റെ ആഹ്വാനത്തെ സമ്പൂര്‍ണമായി പിന്തുണക്കുകയായിരുന്നു കന്നട മണ്ണ്.
ഗ്രാമീണ മേഖലയായ ഗുല്‍ബര്‍ഗയിലും നഗരപ്രദേശമായ ബംഗളൂരും മടിക്കേരിയിലെ മലയിടുക്കും ഒരു പോലെ ഈ യാത്രയെ ഹൃദയം കൊണ്ട് വരവേറ്റു. ഔദ്യോഗിക സ്വീകരണങ്ങള്‍ ഒരിടത്ത് പോലും കൃത്യസമയത്ത് തുടങ്ങാനായില്ല. നാട്ടുകാര്‍ ഒരുക്കിയ അനൗദ്യോഗിക സ്വീകരണങ്ങളായിരുന്നു കാരണം. യാത്രയുടെ പൈലറ്റ് വാഹനവും അനോണ്‍സ്‌മെന്റും കടന്ന് പോകുമ്പോള്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടുന്നു. നാട്ടുപ്രമാണിമാരും ജനപ്രതിനിധികളും കര്‍ഷകരും ചേര്‍ന്ന് പലയിടത്തും യാത്രയെ തടഞ്ഞ് നിര്‍ത്തി. അവര്‍ക്ക് ഒരേ ഒരാവശ്യം മാത്രം. യാത്രാനായകനെ ഒന്ന് കാണണം. ആ സ്‌നേഹസ്പര്‍ശം ഒന്നനുഭവിക്കണം. മഹാദൗത്യത്തിനുള്ള തങ്ങളുടെ കലവറയില്ലാത്ത പിന്തുണ അറിയിക്കണം. ബീജാപൂരില്‍ തുടങ്ങിയത് മൂതല്‍ മംഗലാപുരത്ത് സമാപിക്കുമ്പോഴും ഈ ദൃശ്യം പ്രകടം.
നാടിന്റെ മനസ് അറിഞ്ഞായിരുന്നു കാന്തപുരത്തിന്റെ പ്രയാണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി മാറിയ സ്വീകരണ സമ്മേളനങ്ങള്‍. രോഗികള്‍ക്കുള്ള ധനസഹായവും വീല്‍ചെയര്‍ വിതരണവും വേറിട്ട അനുഭവമായിരുന്നു. വീല്‍ചെയര്‍ വാങ്ങാനെത്തിയ അംഗപരിമിതര്‍ പലരും കാന്തപുരത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. കര്‍ണാടക സ്റ്റേറ്റ് എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം തുംകൂറിലാണ് സമാപിച്ചത്. ബീജാപൂര്‍, ഭാഗല്‍കോട്ടെ, ഹവേരി, ബെല്ലാരി, ദാവണഗരെ, ഷിമോഗ, ബഡ്ക്കല്‍, ഉഡുപ്പി, ചിക്മംഗഌര്‍, ബംഗളുരു, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലാണ് യാത്രക്ക് ഔദ്യോഗിക സ്വീകരണമൊരുക്കിയത്.