Connect with us

National

'സുന്നിയോം കി ശാം സബ് ദിലോം കി ജാന്‍...

Published

|

Last Updated

SONGമംഗളൂരു: “സുന്നിയോം കി ശാം. സബ് ദിലോം കി ജാന്‍, ലേകാ മുഹബ്ബത്ത് കാ, പൈഗം ലയേഹ…

കാന്തപുരത്തിന്റെ വരവറിയിച്ച് വേദികളില്‍ ഈ ഗാനം ഉയര്‍ന്നപ്പോള്‍ സദസിലുള്ളവരെല്ലാം ഉച്ചത്തില്‍ സിന്ദാബാദ് വിളിച്ചു. കര്‍ണാടക യാത്രയുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നായിരുന്നു യാത്രാനായകനെയും കര്‍ണാടക യാത്രയുടെ ലക്ഷ്യവും അറിയിച്ച് കൊണ്ടുള്ള സ്വാഗത ഗാനം.
നഅ്‌ത്തെ ശരീഫുകള്‍ അവതരിപ്പിച്ച് പ്രസിദ്ധരായ ബംഗളൂരുവിലെ മുഈനുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓരോ കേന്ദ്രങ്ങളിലും സ്വാഗതഗാനം അവതരിപ്പിച്ചത്. അഹ്മ്മദ് നബീല്‍ ബംഗളൂരു, സലീം ബംഗളൂരു, ശമ്മാസ് ഉള്ളാള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉറുദുവിന് പുറമെ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും തയ്യാറാക്കിയ സ്വാഗത ഗാനങ്ങള്‍ സ്വീകരണ സമ്മേളനങ്ങള്‍ക്ക് നവ്യാനുഭൂതിയായി. ഓരോകേന്ദ്രങ്ങളിലുമെത്തിയ അതിഥികളുടെ പ്രശംസയും പിടിച്ച് പറ്റി.
എല്ലാവരും മനസ്സില്‍ സ്‌നേഹിക്കുന്ന സുന്നികളുടെ നേതാവ് ഒരു സ്‌നേഹ സന്ദേശവുമായി വന്നിരിക്കുന്നു എന്ന് തുടങ്ങുന്നതാണ് ഉര്‍ദുവിലെ ഗാനം. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഈ സന്ദേശം കേള്‍ക്കാന്‍ ഉറങ്ങുന്നവര്‍ ഉണര്‍ന്ന് വരൂ എന്ന് ആഹ്വാനം ചെയ്യുന്നു.
മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, പാഴ്‌സി, സിക്ക് മതങ്ങളെല്ലാം ഒന്നിച്ച് ജീവിക്കുന്ന ഈ ദേശത്തിന്റെ കഥ ലോകത്തെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന വരികളില്‍ ലോകത്ത് മറ്റൊരിടത്തും ഇങ്ങിനെയൊന്ന് കാണാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്നു. ഫാസിസം, തീവ്രവാദം തുടങ്ങിയ വിധ്വസംക പ്രവര്‍ത്തനങ്ങള്‍ക്കുള്ള താക്കിതാണ് കന്നഡ ഗാനത്തിലെ വരികളില്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അന്ത്യം കുറിക്കാന്‍ ഇടവരുത്തുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
മുഈനുദ്ദീന്റെ പിതാവായ സലീം ബംഗളൂരു തന്നെയാണ് ഉറുദുവരികള്‍ രചിച്ചത്. ഇംഗ്ലീഷ് ഗാനം തയ്യാറാക്കിയത് കേരളായാത്രയുടെ സ്വാഗതം ഗാനം രചിച്ച അബ്ദുശ്ശുക്കൂര്‍ ഇര്‍ഫാനിയാണ്. മംഗലാപുരം എം പി മദനിയാണ് കന്നഡഗാനം ചിട്ടപ്പെടുത്തിയത്. മൂന്നാം വയസില്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങിയ മുഈനുദ്ദീനും ഏഴാം വയസ് മുതല്‍ ഈ രംഗത്തുള്ള അഹമ്മദ് നബീലും നഅ്‌ത്തെ ശരീഫുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധരാണ്. കേരളത്തിലെ ബുര്‍ദ ആസ്വാദന സദസ്സുകളിലെ സജീവ സാന്നിധ്യവുമാണ് ഇരുവരും.