Connect with us

National

കര്‍ണാടക യാത്രയുടെ തണലില്‍ ഇനി വിദ്യ നുകരാം

Published

|

Last Updated

മംഗളൂരു: മധ്യകര്‍ണാടകയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി കര്‍ണാടക യാത്ര. ഈ മേഖലയില്‍ വന്‍പദ്ധതിക്കാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തുടക്കമിടുന്നത്.
കര്‍ണാടക യാത്രയുടെ ആദ്യദിവസം തന്നെ 25 വിജ്ഞാന ഗ്രാമങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹദ്പദ്ധതി ഉദ്ഘാടനം ചെയ്തു. 10 കോടി ചെലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായാണ് വിജ്ഞാന ഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. ബീജാപൂരിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. ബീജാപൂര്‍ അല്‍ അമീന്‍ മെഡിക്കല്‍ കോളജിനടുത്ത് നിര്‍മിക്കുന്ന ജാമിഅ ബദ്‌രിയ്യക്കും തറക്കല്ലിട്ടു. അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ആദ്യ ഗ്രാമത്തിന്റെ പണി പൂര്‍ത്തിയാകുക. കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചാണ് 25 കേന്ദ്രങ്ങളിലായിരിക്കുന്ന ഗ്രാമങ്ങള്‍ പണിയുന്നത്.
സ്‌കൂള്‍, മദ്‌റസ, മസ്ജിദ്, മെഡിക്കല്‍ ക്ലിനിക്ക്, ലൈബ്രറി എന്നിവ അടങ്ങുന്നതാണ് ഒരു ഗ്രാമം. വടക്കന്‍ കര്‍ണാടകയിലെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്നതാണ് പദ്ധതി. ഇത്തരം ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക വിദ്യാലയങ്ങളും തീര്‍ത്തും പരിമിതമാണ്. ഒറ്റപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് വിജ്ഞാന ഗ്രാമങ്ങള്‍ ഏറെ ഗുണം ചെയ്യും. 25 ഗ്രാമങ്ങള്‍ ഉയരുന്നതോടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് കര്‍ണാടക യാത്ര തണലേകുന്നത്.
മധ്യ കര്‍ണാടകയിലെയും വടക്കന്‍ കര്‍ണാടകയിലെയും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വെച്ച് നൂറ് കോടിയുടെ വിദ്യാഭാസ പദ്ധതിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ഇതിനിടെ, നെല്‍കാര്‍, ഉപ്പിനങ്ങാട് എന്നീ സ്ഥലങ്ങളില്‍ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും കര്‍ണാടക യാത്രക്കിടെ തുടക്കം കുറിച്ചു.

Latest