National
എന്തിനും റെഡി; കര്‍ണാടകയില്‍ ഇനി എസ് എസ് എഫിന്റെ യെസ് ടീം
മംഗളൂരു: എസ് എസ് എഫ് കന്നട മണ്ണിന് സമര്‍പ്പിച്ച കര്‍ണാടക യാത്രയുടെ ഉപഹാരമാണ്-യെസ് ടീം. എന്തിനും സന്നദ്ധരാണെന്ന സ്വയംപ്രതിജ്ഞ, പേരില്‍ തന്നെ ഉള്‍പ്പെടുത്തിയ ഈ സന്നദ്ധ സംഘം ഇനി കര്‍ണാടകയുടെ കര്‍മ മണ്ഡത്തിലെ ചാലകശക്തിയാകും.
ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു കര്‍ണാടക യാത്രയിലെ യെസ് ടീമിന്റെ പ്രകടനം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 2000 പേരാണ് യെസ് ടീമിലുള്ളത്. ഇതില്‍ നിന്നുള്ള 40 പേരായിരുന്നു യാത്രയിലെ സ്ഥിരാംഗങ്ങള്‍. പ്രത്യേക പരിശീലനം നേടിയ എട്ട് പേരെ യാത്രയില്‍ സുരക്ഷക്കായി നിയോഗിച്ചിരുന്നു. സ്വീകരണ സമ്മേളനങ്ങളിലെ അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കുന്നതില്‍ ഇവര്‍ മികച്ച സേവനം കാഴ്ച്ചവെച്ചു.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസന്‍, ചിക്ക്മംഗ്ലൂര്‍, ഷിമോഗ, ബെംഗളൂരു, കുടക് തുടങ്ങി കര്‍ണാടകയുടെ ഏതാണ്ട് എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ ഈ സന്നദ്ധ സേനയിലുണ്ട്. കര്‍ണാടക യാത്ര ഓരോ കേന്ദ്രങ്ങളിലെത്തുന്നതിന് മുമ്പും ഇവര്‍ നടത്തിയ പ്രകടനം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി പ്രത്യേക യൂനിഫോം ധരിച്ച യെസ് ടീം മംഗലാപുരം നഗരത്തെ കയ്യിലെടുത്ത് നടത്തിയ റാലി നവ്യാനുഭവമായി. പാമ്പുവന്‍ മുതല്‍ നെഹ്‌റു സ്റ്റേഡിയം വരെ നടന്ന റാലി കാണാന്‍ നിരവധി പേരാണ് റോഡിന് ഇരുവശവും തടിച്ച് കൂടിയത്.