Connect with us

Ongoing News

കാന്തപുരത്തിന്റെ സ്‌നേഹസ്പര്‍ശം; സലീമിനും കുടുംബത്തിനും വീടായി

Published

|

Last Updated

സുള്ള്യ: രണ്ട് വര്‍ഷം മുമ്പ് നാടിനെ നടുക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് പെര്‍ളയിലെ സലീമിനെയും കുടുംബത്തെയും അനാഥരാക്കിയത്.
സലീമിന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട് വിട്ടതാണ്. മാതാവിന്റെ തണലിലായിരുന്നു സലീമും നാല് സഹോദരിമാരും വളര്‍ന്നത്. സലീം എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വിധി ഗ്യാസ് ടാങ്കറിന്റെ രൂപത്തിലെത്തിയത്. അപ്രതീക്ഷിത ദുരന്തത്തില്‍ മാതാവ് ഖദീജുമ്മയെ നഷ്ടപ്പെട്ടു. ജീവിതം വഴിമുട്ടിയ സാഹചര്യം. എന്തുചെയ്യുമെന്നറിയാത്ത ഘട്ടത്തിലാണ് സുന്നി സംഘടനകള്‍ സാന്ത്വനവുമായെത്തുന്നത്. ദുരന്തത്തില്‍ നഷ്ടപ്പെട്ട വീടിന്റെ പുനനിര്‍മാണം സുന്നി സംഘടനകളേറ്റെടുത്തു. കെ സി എഫ്, യു എ ഇ ഘടകത്തിന്റെ സഹായത്തോടെ വീട് നിര്‍മിച്ചു. കര്‍ണാടക യാത്ര ഇന്നലെ ഇതുവഴി കടന്ന് പോയപ്പോള്‍ പ്രധാനമായൊരു ചടങ്ങ് നടന്നു. ഈ വീടിന്റെ ഉദ്ഘാടനം. കര്‍ണാടകയാത്രയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്.
ഗുല്‍ബര്‍ഗയില്‍ തുടങ്ങിയത് മുതല്‍ മംഗലാപുരത്ത് ഇന്നലെ സമാപിക്കും വരെ കാന്തപുരത്തിന്റെ സാന്ത്വനസ്പര്‍ശമേറ്റവര്‍ നിരവധിയാണ്. നിരാലംബര്‍ക്കുള്ള തയ്യല്‍ മെഷീന്‍ മുതല്‍ അംഗപരിമിതര്‍ക്കുള്ള വീല്‍ചെയര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ചിലയിടത്ത് ആശുപുത്രികള്‍ക്ക് നല്‍കിയത് വാട്ടര്‍ ഹീറ്ററുകളെങ്കില്‍ മറ്റുചിലയിടത്ത് ആശുപത്രികളിലെത്തുന്ന അശരണര്‍ക്കുള്ള ആംബുലന്‍സായിരുന്നു.
ബീജാപ്പൂരിലെ ഒരു പിന്നാക്ക മേഖലയില്‍ നൂറ് വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. കര്‍ണാടക യാത്രക്കിടെ ഇതിനായി 2.5 ഏക്കര്‍ സ്ഥലമാണ് ഉടമ കാന്തപുരത്തെ ഏല്‍പ്പിച്ചത്. നാല് വീടുകളുടെ നിര്‍മാണോദ്ഘാടനം അപ്പോള്‍ തന്നെ നടത്തി.
മടിക്കേരി ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഇന്‍വര്‍ട്ടറും വാട്ടര്‍ഹീറ്ററും നല്‍കി. മടിക്കേരി, സുള്ള്യ മേഖലകളില്‍ രണ്ട് ആംബുലന്‍സുകളും. സമാപന സമ്മേളനം നടന്ന മംഗാലപുരത്തും ആംബുലന്‍സ് നല്‍കി. മൈസൂരിലും ബംഗളൂരുവിലും മടിക്കേരിയിലുമെല്ലാം അംഗപരിമിതര്‍ക്കുള്ള വീല്‍ച്ചെയര്‍ വിതരണം നടന്നു.