Kerala
ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില വര്‍ധിക്കില്ല
മലപ്പുറം: ജീവന്‍ രക്ഷാ മരുന്നുകളുടെ വില വിപണിയില്‍ തത്കാലം വര്‍ധിക്കില്ല. വില വര്‍ധിപ്പിക്കണമെന്നാവിശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ മുംബൈ, ഡല്‍ഹി ഹൈക്കോടതികളില്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസില്‍ വിധി വരാതെ വില വര്‍ധനവ് സാധ്യമാക്കില്ല. 108 ജീവന്‍രക്ഷാ മരുന്നുകളാണ് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 108 ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണത്തില്‍ അയവ് വരുത്തിയതോടെയാണ് കമ്പനികള്‍ മരുന്ന് വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മരുന്ന് വില നിയന്ത്രണ ഉത്തരവിലെ 19ാം പേജിലെ ഖണ്ഡികയിലാണ് ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം സംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട 108 മരുന്നുകളുടെ കാര്യത്തിലാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്.
ഹൃദ് രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെട്ടതാണ് 108 ജീവന്‍ രക്ഷാമരുന്നുകള്‍. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഘട്ടത്തിലാണ് മരുന്നുകളുടെ വില നിയന്ത്രണത്തില്‍ അയവ് വന്നത്. ഇതെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. നിലവില്‍ 348 മരുന്നുകളാണ് സര്‍ക്കാര്‍ വില നിയന്ത്രണ ഉത്തരവിന് കീഴില്‍ വിപണികളില്‍ നിശ്ചിത തുകക്ക് ലഭിക്കുന്നത്. ഈ മരുന്നുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്ലാതെ വില ഉയര്‍ത്താന്‍ കഴിയില്ല.
കൂടാതെയുള്ള 108 ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ വേണമെങ്കില്‍ സര്‍ക്കാറിന് വില നിയന്ത്രണമേര്‍പ്പെടുത്താമെന്നും മരുന്ന് വില നിയന്ത്രണ ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൃദു സമീപനമാണ് കമ്പനികള്‍ മരുന്ന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങിയത്.
തുടര്‍ന്ന് മരുന്ന് വില ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമീപനം ചൂണ്ടിക്കാട്ടി കമ്പനികള്‍ കോടതിയെ സമീപിച്ചു. കമ്പനികളുടെ അപേക്ഷയില്‍ കോടതി വിധി പറയാത്തതിനാല്‍ മരുന്ന് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. മരുന്ന് വില നിയന്ത്രണ ഉത്തരവില്‍ സര്‍ക്കാര്‍ മൃദു സമീപനം സ്വീകരിച്ചെങ്കിലും ഉത്തരവിലെ 19ാം പേജിലെ ഖണ്ഡികയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും 108 മരുന്നുകളുടെ വില വിപണിയില്‍ കൂടിയെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി ഹരിപ്രസാദ് പറഞ്ഞു.