Connect with us

Gulf

അബുദാബിയിലെ കുട്ടികളില്‍ 40 ശതമാനവും അമിതവണ്ണക്കാര്‍

Published

|

Last Updated

അബുദാബി: ശക്തമായ ബോധവത്കരണം നടക്കുമ്പോഴും അബുദാബിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ 40 ശതമാനവും അമിതവണ്ണക്കാര്‍. കുട്ടികള്‍ക്കിടയിലെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ നിരവധി ആരോഗ്യ ബോധവത്കരണ പരിപാടികളാണ് സര്‍ക്കാര്‍ ഉള്‍പെടെയുള്ളവയുടെ നേതൃത്വത്തില്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ സമഗ്രമായ തന്ത്രങ്ങളോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് ഈ അവസ്ഥക്ക് ഇടയാക്കുന്നതെന്ന് വിദ്യാഭ്യാസ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അമിതവണ്ണക്കാരുടെ എണ്ണം ആണ്‍കുട്ടികള്‍ക്കിടിയില്‍ വര്‍ധിക്കുന്നതിനാലാണ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ആണ്‍കുട്ടികളില്‍ 60 ശതമാനവും വഴക്കാളികളാവാന്‍ ഇടയാക്കുന്നത്. അമേരിക്കയില്‍ ഇത്തരം കുട്ടികളുടെ ശതമാനം 50 ആണെങ്കില്‍ ചൈനയില്‍ ഇത്തരക്കാര്‍ 15 മാതമേയുള്ളൂ. കൗമാരക്കാരായ യു എ ഇ വിദ്യാര്‍ഥികളില്‍ 40 ശതമാനവും അമിതവണ്ണക്കാരാണ്. എന്നാല്‍ യു എസില്‍ ഇത് 15 ശതമാനം മാത്രമാണ്. അബുദാബിയിലെ വിദ്യാര്‍ഥികള്‍ പുകവലിയില്‍ നിന്നുള്‍പ്പെടെയുള്ള ധാരാളം ആരോഗ്യ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ അമിതവണ്ണത്തിന് ഇടയാക്കുന്നത് പ്രധാനമായും വ്യായാമത്തിന്റെ കുറവാണ്. ഈ സാഹചര്യത്തിലാണ് അബുദാബിയിലെ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍(അഡെക്) സ്‌കൂള്‍ ആരോഗ്യ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാലയങ്ങളിലെ വഴക്കാളികളെ നിയന്ത്രിക്കുന്നതില്‍ ഇടപെടല്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുന്നതെന്ന് അഡെക് വെല്‍നസ് ഡിവിഷനല്‍ മാനേജര്‍ ഡോ. അമീര്‍ അല്‍ കിന്ദി വ്യക്തമാക്കി. അഡെകിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ ഏറെ സഹായകമായിട്ടുണ്ട്. ഹെല്‍ത്ത് അതോറിറ്റി അബുദാബിയുടെ ഈറ്റ് റൈറ്റ് ഗെറ്റ് ആക്ടീവ് പ്രോഗ്രാം കുട്ടികള്‍ക്കിടയില്‍ ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലുള്ള ഭക്ഷണ ക്രമം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള സന്ദേശം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ എത്തിക്കാന്‍ ദീര്‍ഘകാല തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആലോചിച്ചു വരികയാണ്. ഇതിലൂടെ അമിതവണ്ണത്തിനും കുട്ടികള്‍ വഴക്കാളികളാവുന്നതിനും തടയിടാന്‍ സാധിക്കുമെന്നാണ് അഡെക് കണക്കുകൂട്ടുന്നത്. സംഘടനകളും വ്യക്തികളും ഇതിന് ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമുള്ള കുട്ടികള്‍ക്കാണ് വിദ്യാലയങ്ങളില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ സാധിക്കുകയെന്നും അല്‍ കിന്ദി ഓര്‍മിപ്പിച്ചു.